കാലംതെറ്റി കനത്ത മഴ; നെൽകൃഷി കണ്ണീരിൽ മുങ്ങി
text_fieldsപേരാമ്പ്ര: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ കായണ്ണ ഭഗവതി ക്ഷേത്രത്തിനടുത്തുള്ള പുത്തരികണ്ടം പാടശേഖരത്തിൽ വെള്ളം കയറി. 50 ഏക്കറോളം വരുന്ന പാടശേഖരത്തിലെ നെല്ല് വിളവെടുക്കാറായപ്പോഴാണ് മഴ കർഷകരുടെ ഉറക്കം കെടുത്തുന്നത്. യന്ത്രം ഉപയോഗിച്ചാണ് നാളിതുവരെയും കർഷകർ നെല്ല് കൊയ്തിരുന്നത്. വിളവെടുക്കാൻ ആഴ്ചകൾ ബാക്കിനിൽക്കെ വീണുകിടക്കുന്ന നെൽക്കതിരെല്ലാം മഴയിൽ മുങ്ങി.
അപ്രതീക്ഷിതമായി തുടരുന്ന വേനൽമഴ കർഷകരുടെ പ്രതീക്ഷകളെ തകിടം മറിച്ചതായി പുത്തരികണ്ടം പാടശേഖര സമിതിയംഗങ്ങൾ പറയുന്നു. ഇനി വയലിലെ വെള്ളം കുറഞ്ഞാലെ കൊയ്ത്തുയന്ത്രം ഉപയോഗിച്ച് ഇവർക്ക് നെല്ല് വിളവെടുക്കാൻ കഴിയുകയുള്ളു. വയലിൽ വെള്ളം കയറിയതിനാൽ നെല്ല് മുള പൊന്തി വലിയ നഷ്ടം വരുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞതവണ കൊയ്ത്തുയന്ത്രം വരാൻ കാലതാമസം നേരിടുകയും പാടശേഖര സമിതി ശക്തമായി പ്രതിഷേധിക്കുകകയും ചെയ്തിരുന്നു. ഇത്തവണ മഴയുടെ രൂപത്തിലാണ് പ്രതിസന്ധി വന്നതെന്ന് പുത്തരികണ്ടം പാടശേഖര സമിതിയംഗങ്ങൾ പറഞ്ഞു.
കൊയിലാണ്ടി: കാലം തെറ്റി പെയ്ത കനത്ത മഴ നെൽകർഷകരെ കണ്ണീരിലാഴ്ത്തി. ഏക്കർ കണക്കിന് പാടങ്ങളിലെ നെല്ലുകളാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ നശിച്ചത്.
കക്കുളം പാടശേഖരത്തിൽ മാത്രം 30 ഏക്കർ സ്ഥലത്തെ നെൽകൃഷി നശിച്ചു. കൊയ്ത്തിനു പാകമായി വരുന്ന നെല്ലുകളാണ് നശിച്ചത്. മകരത്തിൽ കൊയ്ത്ത് നടക്കേണ്ട നെൽകൃഷിക്കാണ് കാര്യമായ നഷ്ടം സംഭവിച്ചത്. കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കേരള കർഷകസംഘം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.