കോളജും നാട്ടുകാരും കൈകോര്‍ത്തു; അഞ്ജിതക്ക് സ്നേഹവീട് ഒരുങ്ങുന്നു
text_fieldsപേരാമ്പ്ര: കായികതാരവും കോഴിക്കോട് ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജിലെ വിദ്യാർഥിനിയുമായ അരിക്കുളം കാരയാട്ടെ അഞ്ജിതക്കായി സ്നേഹവീട് ഒരുങ്ങുന്നു. ഫിസിക്കല്‍ എജുക്കേഷന്‍ കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരും ചേര്‍ന്നാണ് വീട് നിര്‍മിക്കുന്നത്. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മാണമാരംഭിച്ച വീടിെൻറ മെയിന്‍ സ്ലാബ് വാര്‍പ്പ് പൂര്‍ത്തിയാക്കി. മാസങ്ങള്‍ക്കു മുമ്പ് സൗഹൃദ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സഹപാഠികളും അധ്യാപകരും അഞ്ജിതയുടെ വീടിെൻറ ദയനീയാവസ്ഥ മനസ്സിലാക്കിയത്.
ഇതോടെയാണ് വീട് നിര്‍മാണത്തെ കുറിച്ച് ആലോചനകള്‍ നടന്നതും നാട്ടുകാരുടെ സഹകരണത്തോടെ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചതും. സഹപാഠികളും അധ്യാപകരുമാണ് നിര്‍മാണത്തിെൻറ പ്രാഥമിക പ്രവൃത്തികള്‍ നിര്‍വഹിച്ചത്. കായികാധ്യാപികയാവണമെന്നാണ് ഒട്ടേറെ കായിക ഇനങ്ങളില്‍ കഴിവുതെളിയിച്ച അഞ്ജിതയുടെ മോഹം. കോളിയോട്ട് മീത്തല്‍ ഗോപാലന്-നാരായണി ദമ്പതികളുടെ മകളാണ് അഞ്ജിത. ചുമട്ടു തൊഴിലാളിയായിരുന്ന പിതാവ് അസുഖബാധിതനായി ജോലിക്ക് പോകാന്‍ കഴിയാതായതോടെ ഏറെ പ്രയാസത്തിലാണ് അഞ്ജിതയുടെ കുടുംബം.
ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡൻറും കോഴിക്കോട് ഗവ. ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഡോ. റോയി ജോണ്‍ പ്രോജക്ട് കോഓഡിനേറ്ററും ഗ്രാമപഞ്ചായത്ത് അംഗം ബിനിത ചെയർപേഴ്സനും എം.സി. രാജീവന് കണ്‍വീനറും കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ വോളിബാള്‍ ക്യാപ്റ്റന്‍ രഞ്ജിത്കുമാര്‍ ട്രഷററുമായ ജനകീയ കമ്മിറ്റിയാണ് വീട് നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കണമെങ്കില്‍ ഇനിയുമേറെ തുക കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സുമനസ്സുകളുടെ സഹായം അഭ്യര്‍ഥിക്കുകയാണ് നിര്‍മാണ കമ്മിറ്റി. ഫെഡറല്‍ ബാങ്ക് മേപ്പയൂര്‍ ബ്രാഞ്ചില്‍ 20490100117604 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.