മനുഷ്യക്കടത്ത്; തോടന്നൂര്‍ സ്വദേശി അറസ്റ്റില്‍
text_fieldsപേരാമ്പ്ര: യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലേക്ക് കടത്തിയ മുഖ്യ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. തോടന്നൂര്‍ എടത്തുംകര പീടികയുള്ളതില്‍ താമസിക്കും തെക്കേ മലയില്‍ അനുരാഗ് (25) ആണ് അറസ്റ്റില്‍ ആയത്. കൂത്താളി പനക്കാട് മാമ്പള്ളി അബിന്‍ ബാബു (25), പേരാമ്പ്ര കുന്നുമ്മല്‍ രാജീവന് (46) എന്നിവരടക്കം പേരാമ്പ്ര, വടകര ഭാഗങ്ങളില്‍നിന്നായി നിരവധി പേരാണ് തട്ടിപ്പിനിരയായത്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് ഇവരെ സംഘം വലയിലാക്കിയത്. തട്ടിപ്പുസംഘത്തില്നിന്നും ദിവസങ്ങളോളം ക്രൂരമർദനമുള്പ്പെടെ ഇവര്‍ക്ക് ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.
കൂത്താളി പനക്കാട് മാമ്പള്ളി അബിന്‍ ബാബുവും വടകര മണിയൂര്‍ സ്വദേശികളായ അഞ്ചുപേരും ഒരു എടപ്പാള്‍ സ്വദേശിയും ബംഗളൂരുവിലുള്ള ഒരു യുവാവും ഈ സംഘത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയെങ്കിലും രാജീവന് ഉള്‍പ്പെടെ പലരും ഇപ്പോഴും കംബോഡിയയില്‍ കുടുങ്ങിക്കിടക്കുകയാണ്. കോടികള്‍ തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കായി പൊലീസ് വലവിരിക്കുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി കംബോഡിയയിലായിരുന്ന അനുരാഗ് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴി നാട്ടിലേക്ക് വരവേ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീദ്, സബ് ഇന്‍സ്പക്ടര്‍ കെ. ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നെടുമ്പാശ്ശേരിയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
സബ് ഇന്‍സ്പക്ടര്‍ എന്‍. സുബ്രഹ്മണ്യന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ടി.കെ. റിയാസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടി.എം. രജിലേഷ്, എം. ലാലു, എന്‍.പി. സുജില എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പിടിയിലായ അനുരാഗ് ഇത്തരം തട്ടിപ്പുകള്‍ മുമ്പും നടത്തിയിട്ടുള്ള ആളാണെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ പേരാമ്പ്രയിലെ കേസിന് പുറമേ വടകര പൊലീസില്‍ നാല് കേസുകളും പൊന്നാനി, ആലുവ വെസ്റ്റ് എന്നിവിടങ്ങളില്‍ ഓരോ കേസുകളും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴിലന്വേഷകരില്‍നിന്ന് 2000 ഡോളര്‍ (ഏകദേശം 1,70,000 രൂപ) വെച്ച് ഇവര്‍ കൈക്കലാക്കിയതായാണ് വിവരം.
മനുഷ്യക്കടത്ത്, തടവില്‍ പാര്‍പ്പിക്കല്‍, പണത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.