ചെറുവണ്ണൂരിൽ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി
text_fieldsപേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 15 അംഗ ബോർഡിൽ എൽ.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. പഞ്ചായത്ത് പ്രസിഡന്റായ സി.പി.ഐയിലെ ഇ.ടി. രാധ രോഗശയ്യയിൽ ആയതിനാൽ ഭരണ സമിതി യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ല. ഇരു മുന്നണികൾക്കും ഏഴുവീതം അംഗങ്ങളായിരിക്കും ഉണ്ടാവുക. പഞ്ചായത്തിൽ സി.പി.എം ഘടകകക്ഷികളുമായി അത്ര രസത്തിലല്ല.
സി.പി.ഐയുമായി സംഘർഷം പോലുമുണ്ടായി ബന്ധം വഷളായിരിക്കുകയാണ്. ചെറുവണ്ണൂർ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് എൽ.ജെ.ഡിയുമായും അത്ര രസത്തിലല്ല. എട്ടിൽ സി.പി.എമ്മിന് അഞ്ചും സി.പി.ഐക്ക് രണ്ടും എൽ.ജെ.ഡിക്ക് ഒരു സീറ്റുമാണുള്ളത്. ഒരംഗം വിട്ടു നിന്നാൽ പോലും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസാവും അതുകൊണ്ടുതന്നെ സി.പി.എം വളരെ ഗൗരവത്തോടെയാണ് അവിശ്വാസ പ്രമേയത്തെ കാണുന്നത്.
പ്രസിഡന്റ് സ്ഥാനം സി.പി.ഐക്ക് നൽകിയെങ്കിലും സമ്പൂർണമായി സി.പി.എം നിയന്ത്രണത്തിലാണ് ഭരണമെന്ന് സി.പി.ഐക്ക് പരാതിയുണ്ട്. പ്രസിഡന്റിന്റെ ഡ്രൈവറെപോലും നിയമിക്കാൻ സി.പി.ഐയെ അനുവദിക്കാത്തതിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. ആവള റോഡ് ഉപരോധത്തെ തുടർന്ന് സി.പി.എമ്മും സി.പി.ഐയും തമ്മിൽ സംഘർഷമുണ്ടായി. എ.ഐ.വൈ.എഫ് നേതാവിനെ പതിയിരുന്ന് മർദിച്ചതും ഇരു പാർട്ടികളും തമ്മിലുള്ള അകലം വർധിപ്പിച്ചു.
എൽ.ഡി.എഫ് ജില്ലാ നേതൃത്വം ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നാണ് ഇടതു ക്യാമ്പിലെ പ്രതീക്ഷ. പഞ്ചായത്തിൽ ഭരണ സ്തംഭനമാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.