പേരാമ്പ്രയിൽ പ്രചാരണം ടോപ് ഗിയറിൽ
text_fieldsപേരാമ്പ്ര: രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പ് രംഗത്തും തഴക്കവും പഴക്കവുമുള്ള സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം മന്ത്രി ടി.പി. രാമകൃഷ്ണൻ പേരാമ്പ്രയിൽ വീണ്ടും മത്സരത്തിനിറങ്ങുമ്പോൾ പ്രധാന എതിരാളി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതുമുഖമായ പ്രവാസി വ്യവസായിയും വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവർത്തകനുമായ സി. എച്ച്. ഇബ്രാഹിംകുട്ടിയാണ്. നിയമസഭയിലേക്ക് കന്നി അങ്കത്തിനിറങ്ങുന്ന ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് അഡ്വ. സുധീറും പേരാമ്പ്രയുടെ ജനഹിതമറിയുന്നുണ്ട്.
നാലു പതിറ്റാണ്ടായി ഇടതു ജനപ്രതിനിധികളെ മാത്രം തെരഞ്ഞെടുത്തയക്കുന്ന ചരിത്രമാണ് പേരാമ്പ്രക്ക്. സിറ്റിങ് എം.എൽ.എ മന്ത്രി ടി.പി. രാമകൃഷ്ണൻതന്നെ ഇടതുമുന്നണിക്കുവേണ്ടി ഗോദയിൽ ഇറങ്ങുമ്പോൾ ഇടതു ക്യാമ്പിൽ വർധിത ആത്മവിശ്വാസമാണ്. നേരത്തേ സ്ഥാനാർഥിപ്രഖ്യാപനം നടത്തി പ്രചാരണത്തിനിറങ്ങിയ ഇടതുമുന്നണിക്ക് ആദ്യഘട്ട പ്രചാരണത്തിൽ മേൽക്കൈ പ്രകടമാണ്. സംസ്ഥാനത്ത് യു.ഡി.എഫ് ഏറ്റവും അവസാനം സ്ഥാനാർഥിയെ പ്രഖ്യാപിച്ച രണ്ടാമത്തെ മണ്ഡലമാണ് പേരാമ്പ്ര. സ്ഥാനാർഥി നിർണയം വൈകിയതിനാൽ യു.ഡി.എഫ് പ്രചാരണം ആദ്യഘട്ടത്തിൽ മന്ദഗതിയിലായിരുന്നു. മണ്ഡലത്തിൽതന്നെയുള്ള സി.എച്ച്. ഇബ്രാഹിം കുട്ടിയെ പൊതുസ്വതന്ത്രനായാണ് യു.ഡി.എഫ് രംഗത്തിറക്കിയത്.
മുസ്ലിം ലീഗിന് അധികമായി ലഭിച്ച സീറ്റ് സ്വതന്ത്രന് നൽകുന്നതിൽ പാർട്ടി മണ്ഡലം കമ്മിറ്റിയിൽ എതിർപ്പുണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിച്ചു. കോൺഗ്രസ് വിമതരേയും ഏറക്കുറെ അനുനയിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതോടെ യു.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി. കഴിഞ്ഞ തവണ എൻ.ഡി.എക്കു വേണ്ടി ബി.ഡി.ജെ.എസ് ആണ് പേരാമ്പ്രയിൽ മത്സരിച്ചത്. അപ്പോൾ അവർക്ക് 8561 വോട്ടാണ് ലഭിച്ചത്. ബി.ജെ.പിയുടെ യുവനേതാവുതന്നെ കളത്തിലിറങ്ങുമ്പോൾ വോട്ട് വർധിക്കുമെന്ന പ്രതീക്ഷയിലാണവർ.
എസ്.ഡി.പി.ഐ സ്ഥാനാർഥിയായി കമ്മന ഇസ്മയിൽ ആണ് മത്സര രംഗത്ത്. കഴിഞ്ഞ തവണ എസ്.ഡി.പി.ഐക്ക് 1036 വോട്ടാണ് ലഭിച്ചത്. 1673 വോട്ട് ലഭിച്ച വെൽഫെയർ പാർട്ടി ഇത്തവണ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. പ്രോഗ്രസിവ് പൊളിറ്റിക്കൽ ഫ്രണ്ട് സ്ഥാനാർഥിയായി വി.കെ. ചന്ദ്രനും ജനവിധി തേടുന്നുണ്ട്. ഇബ്രാഹിം കുട്ടിക്ക് അപരനായി എം. ഇബ്രാഹിംകുട്ടിയും ബാലറ്റ് മെഷീനിൽ ഉണ്ടാവും.
മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ചങ്ങരോത്ത്, തുറയൂർ പഞ്ചായത്തുകളിൽ യു.ഡി.എഫ് മേധാവിത്വമുണ്ട്. മേപ്പയൂർ, നൊച്ചാട്, അരിക്കുളം, കീഴരിയൂർ, പേരാമ്പ്ര പഞ്ചായത്തുകളിൽ ഇടതു മുന്നണിക്കും വലിയ ലീഡുണ്ട്. കൂത്താളി, ചക്കിട്ടപാറ, ചെറുവണ്ണൂർ പഞ്ചായത്തുകളിൽ ഇരു മുന്നണിയും ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞ തവണ 4101 വോട്ടിനാണ് ടി.പി യുടെ വിജയം. അടുക്കും ചിട്ടയുമുള്ള പ്രവർത്തനത്തിലൂടെയാണ് ഇടതു മുന്നണി നീങ്ങുന്നത്. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ പ്രധാന വ്യക്തികളുടെയും ആദ്യകാല പാർട്ടി പ്രവർത്തകരുടെയുമെല്ലാം വീടുകൾ സന്ദർശിച്ച ടി.പി. രാമകൃഷ്ണൻ മണ്ഡലപര്യടനവും ആരംഭിച്ചു. മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് പ്രചാരണം. റോഡുകൾ അടക്കമുള്ള പശ്ചാത്തല സൗകര്യ വികസനം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ശുദ്ധജലം, വിനോദസഞ്ചാരം, വൈദ്യുതി, പാർപ്പിടം തുടങ്ങിയ മേഖലകളിലെല്ലാം മണ്ഡലത്തിൽ വൻനേട്ടങ്ങൾ ഉണ്ടാക്കിയെന്നാണ് അവകാശവാദം. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സി. എച്ച്. ഇബ്രാഹിംകുട്ടി ഓട്ടോറിക്ഷ ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. പേരാമ്പ്രയിൽ റോഡ് ഷോ നടത്തിയാണ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. പ്രധാനവ്യക്തികളുടെ വീടുകളും വിവാഹവീടുകളും ഉത്സവസ്ഥലങ്ങളും സന്ദർശിച്ചു.
പഞ്ചായത്തുതലത്തിൽ കമ്മിറ്റികൾക്ക് രൂപം നൽകി കുടുംബസംഗമങ്ങളിലേക്ക് കടന്നിരിക്കുകയാണ് യു.ഡി.എഫ്. ഒന്നാം ഘട്ട പര്യടനവും ആരംഭിച്ചു. പേരാമ്പ്രയുടെ വികസനം കടലാസിൽ മാത്രമാണെന്നാണ് യു.ഡി.എഫ് പറയുന്നത്. ജീവകാരുണ്യ - വിദ്യാഭ്യാസ പ്രവർത്തകനായ തന്നെ വിജയിപ്പിച്ചാൽ സാധാരണക്കാർക്കുവേണ്ടി മുഴുവൻസമയ പ്രവർത്തനം നടത്തുമെന്നാണ് വാഗ്ദാനം. എൻ.ഡി.എ പ്രചാരണവും മണ്ഡലത്തിൽ ഊർജിതമായി നടക്കുന്നുണ്ട്. അഡ്വ. കെ.വി. സുധീർ രണ്ടാംഘട്ട പ്രചാരണത്തിലാണിപ്പോൾ.
മണ്ഡലത്തിൽ കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് ഇടതു പ്രതീക്ഷ എന്നാൽ, വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ സി.എച്ച്. ഇബ്രാഹിംകുട്ടിയെ ജനം കൈവിടില്ലെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. യുവത്വത്തിെൻറ പ്രസരിപ്പുമായിറങ്ങിയ അഡ്വ.കെ.വി. സുധീർ മികച്ച മത്സരം കാഴ്ച്ചവെക്കുമെന്ന് എൻ.ഡി.എ ക്യാമ്പും കരുതുന്നു. അടുത്ത ദിവസങ്ങളിൽ പേരാമ്പ്രയിലെ പ്രചാരണ ചൂട് വേനൽച്ചൂടിനെ കവച്ചു വെക്കുന്നതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.