പ്രാണിശല്യം; ഏഴംഗ കുടുംബം വീടൊഴിഞ്ഞു
text_fieldsപേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുക്കവല കൊത്തിയപാറ മൊയ്തിയും കുടുംബവും ഓല പ്രാണിയുടെ ശല്യം കാരണം വീടൊഴിഞ്ഞു. പ്രാണിശല്യം കാരണം കഴിഞ്ഞവർഷവും ആറുമാസം ഇവർക്ക് വീട് മാറേണ്ട ഗതികേടായിരുന്നു.
ഓടിെൻറ മേൽക്കൂരയുള്ള ഈ വീട്ടിൽ കോടിക്കണക്കിന് പ്രാണികളാണുള്ളത്. പ്രാണികൾ നിറഞ്ഞിട്ട് കഴുക്കോലുകളൊന്നും പുറമെ കാണാത്ത അവസ്ഥയാണ്. ഭക്ഷണം പാകം ചെയ്യാനോ, കഴിക്കാനോ സാധിക്കില്ല. ശുചി മുറിയിൽ പോലും പോകാൻ കഴിയാത്ത അവസ്ഥ. കിടന്നുറങ്ങാനും കഴിയില്ല. പ്രാണികൾ ശരീരത്തിലായാൽ ചൊറിച്ചിൽ അനുഭവപ്പെടും. മൊയ്തിയും ഭാര്യ ഖദീജയും രോഗികളാണ്. ഇവരുടെ മകൻ റഫീഖും ഭാര്യയും മൂന്നു മക്കളും ഇവിടെയാണ് താമസിച്ചിരുന്നത്.
കുട്ടികൾക്ക് പുസ്തകം വായനയൊന്നും പ്രാണിശല്യം കാരണം നടന്നിരുന്നില്ല. ചിതൽ പൊടിയും മറ്റും തളിച്ചെങ്കിലും പ്രാണികളെ പൂർണമായി നശിപ്പിക്കാൻ കഴിയുന്നില്ല. സമീപ പ്രദേശങ്ങളിലെ വീടുകളിൽ ഉണ്ടെങ്കിലും കൂടുതലില്ല. ഈ കുടുംബം വളയംകണ്ടതിലെ വീട്ടിലേക്കാണ് താമസം മാറിയിരിക്കുന്നത്. ഓരോ ദിവസം കഴിയുംതോറും ഇവയുടെ ശല്യം വർധിച്ചുവരുകയാണ്. ആരോഗ്യവകുപ്പിൽ അറിയിച്ചെങ്കിലും പ്രാണികളെ നശിപ്പിക്കാനുള്ള നടപടി കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞവർഷം വീട് വൃത്തിയാക്കിയപ്പോൾ മൂന്നു ചാക്ക് പ്രാണികളെയാണ് കിട്ടിയത്.
ഇത്തവണ പത്തു ചാക്കെങ്കിലും ഉണ്ടാവുമെന്നാണ് ഇവർ പറയുന്നത്. മേൽക്കൂരയിലും ചുമരിലും അലമാരയിലും ഉൾപ്പെടെ വീട്ടിലെ മുഴുവൻ സ്ഥലത്തും പ്രാണികൾ നിറഞ്ഞിരിക്കുകയാണ്. വീട് പൊളിച്ച് കോൺക്രീറ്റ് വീട് പണിതാൽ പ്രാണി ശല്യം കുറയും. വീടിനുവേണ്ടി പഞ്ചായത്തിന് അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.