വീട്ടിലിരുന്ന് മടുത്തപ്പോൾ തൊഴിലുറപ്പിനിറങ്ങി മെഡിക്കൽ വിദ്യാർഥിനികൾ
text_fieldsകോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി മാസങ്ങളായി വീടുകളിൽ ജീവിതമൊതുങ്ങിയപ്പോൾ ഉണ്ടായ മടുപ്പ് മാറ്റാനാണ് ഭാവി ഡോക്ടർമാരായ ഇവർ തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നത്. മൊബൈലിലും ടി.വിയിലും കണ്ണുംനട്ടിരുന്ന് സമയം പാഴാക്കാതെ അവർ മണ്ണിലേക്ക് ഇറങ്ങിയിരിക്കുകയാണ്.
പേരാമ്പ്ര ഗ്രാമപഞ്ചായത്ത് എരവട്ടൂർ 18ാം വാർഡിലെ എം.ബി.ബി.എസ് മൂന്നാം വർഷ വിദ്യാർഥിനിയായ കൊല്ലിയിൽ ഷമിന ലുലു, വയനാട് വെറ്ററിനറി കോളജിൽ നാലാം വർഷ ബിരുദ വിദ്യാർഥിനി ഫിദ ജാസ്മിൻ, താമരശ്ശേരിയിൽ യുനാനി രണ്ടാം വർഷ വിദ്യാർഥിനി ലന ഫാത്തിമ എന്നിവരാണ് കൈക്കോട്ടും തൂമ്പയുമെടുത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ പറമ്പ് കിളക്കുന്നത്. മൂവരും അടുത്ത സുഹൃത്തുക്കളും സഹോദരങ്ങളുടെ മക്കളുമാണ്. ഒറ്റപ്പാലം പി.കെ. ദാസ് മെഡിക്കൽ കോളജ് വിദ്യാർഥിനിയാണ് ഷമിന ലുലു.
കാലത്ത് ഓൺലൈൻ ക്ലാസ് കഴിഞ്ഞതിനു ശേഷമാണ് ഇവർ തൊഴിലിടത്തിലേക്ക് പോകുന്നത്. ജീവിതത്തിലൊരിക്കലും ചെയ്യാത്ത തൊഴിലായത് കൊണ്ട് ആദ്യ ദിവസങ്ങളിൽ ചില ശാരീരിക പ്രയാസങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് മൂവരും സാധാരണ തൊഴിലാളികളെപ്പോലെ തന്നെ ജോലിയെടുത്ത് തുടങ്ങി. ശരീരത്തിനും മനസ്സിനും നല്ല ഉന്മേഷമാണ് മണ്ണിലെ പണി നൽകുന്നതെന്ന് മൂവരും ഒരേസ്വരത്തിൽ പറയുന്നു.
കോളജ് തുറക്കുമ്പോൾ ബാങ്ക് അക്കൗണ്ടിൽ അധ്വാനിച്ച പണമുണ്ടാകുമെന്നതും വലിയ കാര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. തൊഴിലുറപ്പിന് പോകട്ടെയെന്ന മക്കളുടെ ചോദ്യം തമാശയായാണ് രക്ഷിതാക്കൾ എടുത്തത്. എന്നാൽ, അവർ പറഞ്ഞത് കാര്യമായിട്ടാണെന്നറിഞ്ഞതോടെ രക്ഷിതാക്കൾ എതിർപ്പൊന്നും പറഞ്ഞില്ല.
സഹോദരങ്ങളായ കൊല്ലിയിൽ കുഞ്ഞമ്മദ്, കുഞ്ഞിമൊയ്തി, സലാം എന്നിവരുടെ മക്കളാണ് ഈ മിടുക്കികൾ. ഉന്നത വിദ്യാഭ്യാസം ലഭിച്ചവർ പ്രത്യേകിച്ച് പെൺകുട്ടികൾ കാർഷിക മേഖലയിൽ തൊഴിലെടുക്കുന്നത് കുറച്ചിലാണെന്ന പൊതുധാരണയാണ് ഇവർ തിരുത്തുന്നത്.
കോവിഡ് കാലത്ത് ഐ.ടി മേഖലയിൽ ഉൾപ്പെടെ തൊഴിൽ നഷ്ടപ്പെട്ട നിരവധി യുവാക്കൾ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പണിക്കിറങ്ങിയിട്ടുണ്ട്. നൊച്ചാട് ഗ്രാമപഞ്ചായത്തിൽ മുപ്പതോളം യുവാക്കൾ ഈ അടുത്ത് തൊഴിലുറപ്പിൽ ചേർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.