അനുവിന്റെ മരണം കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ
text_fieldsപേരാമ്പ്ര: നൊച്ചാട് വാളൂർ കുറുങ്കുടി മീത്തൽ അംബികയുടെ (അനു-26) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മോഷണക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ട ബൈക്ക് യാത്രികന്റെ സി.സി.ടി.വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ആഭരണങ്ങൾ മോഷ്ടിച്ച് യുവതിയെ തോട്ടിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ തിങ്കളാഴ്ച ഇരിങ്ങണ്ണൂരിലെ വീട്ടിൽനിന്ന് മൊടക്കല്ലൂർ മെഡിക്കൽ കോളജിൽ പോകാൻ അസുഖബാധിതനായ ഭർത്താവും ബന്ധുക്കളും വരുമ്പോൾ ആ വാഹനത്തിൽ മുളിയങ്ങലിൽനിന്ന് കയറാമെന്നായിരുന്നു അനു പറഞ്ഞിരുന്നത്. ഇതനുസരിച്ച് രാവിലെ 8.30ഓടെ അനു വാളൂരിലെ വീട്ടിൽ നിന്നിറങ്ങി. എന്നാൽ, ഭർത്താവ് മുളിയങ്ങലിൽ എത്തിയിട്ടും യുവതി എത്താതായതോടെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു.
വരുന്ന വഴിയിലെല്ലാം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെ അള്ളിയോറ താഴെ തോട്ടിൽ കണ്ടെത്തിയത്.
ചെളിവെള്ളം ശ്വാസകോശത്തിൽ കടന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിലും ദേഹത്തും ചെറിയ മുറിവുകളുമുണ്ട്. യുവതി ധരിച്ച സ്വർണാഭരണങ്ങൾ മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. രണ്ട് മോതിരം, മാല, ബ്രേസ് ലറ്റ്, പാദസരം എന്നിവയാണ് നഷ്ടമായത്.
നേരം വൈകിയതു കാരണം മുളിയങ്ങലിലേക്ക് പോകാൻ യുവതി പ്രതിയുടെ ബൈക്കിൽ കയറുകയായിരുന്നുവെന്നാണ് സൂചന. തുടർന്ന് ആഭരണങ്ങൾ കവർന്ന് അനുവിനെ മുക്കിക്കൊന്നിരിക്കാമെന്ന നിഗമനത്തിലാണ് നാട്ടുകാർ. ഫോണും ചെരിപ്പുമെല്ലാം തോടരികിൽ ഉണ്ടായിരുന്നു. മുട്ടോളം മാത്രം വെള്ളമുള്ള തോട്ടിൽ യുവതി മുങ്ങിമരിക്കാൻ സാധ്യതയില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.