ചാലിക്കരയിൽ ലീഗ്-സി.പി.എം സംഘർഷാവസ്ഥ
text_fieldsപേരാമ്പ്ര : ചാലിക്കരയിൽ മുസ്ലിംലീഗ്-സി.പി.എം സംഘർഷാവസ്ഥ. കഴിഞ്ഞദിവസം ലീഗ് ചാലിക്കരയിൽ നടത്തിയ പൊതുയോഗം കൈയേറാൻ സി.പി.എം ശ്രമിച്ചതായി ലീഗ് ആരോപിച്ചു.
ചാലിക്കര പള്ളിക്കുമുന്നിൽ കഴിഞ്ഞ വെള്ളിയാഴ്ച പിതാവിൽനിന്ന് ജീവനാംശം ലഭിക്കണമെന്നാവശ്യപ്പെട്ട് 10 വയസ്സുകാരി കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.സി. മുഹമ്മദ് സിറാജിനെതിരെ പ്ലക്കാർഡ് പിടിച്ചായിരുന്നു സമരം. കുട്ടിയുടെ പിതാവ് വീണ്ടും കല്യാണം കഴിക്കുന്നത് സിറാജിെൻറ ബന്ധുവിനെയാണ്.
എന്നാൽ, സിറാജ് ഈ വിഷയത്തിൽ ഒരു ഇടപെടലും നടത്തിയില്ലെന്നു വിശദീകരിക്കാനും മഹല്ല് കമ്മിറ്റിയെ തേജോവധം ചെയ്യുന്ന സി.പി.എം നിലപാടിൽ പ്രതിഷേധിച്ചുമാണ് ലീഗ് ചാലിക്കരയിൽ പൊതുയോഗം സംഘടിപ്പിച്ചത്.
ഈ പൊതുയോഗത്തിൽ ലീഗ് നേതാവ് അൻവർ ഷാ നൊച്ചാട് തലശ്ശേരിയിൽ മരണപ്പെട്ട യു.കെ. കുഞ്ഞിരാമന്റേത് സി.പി.എം പറയുന്നതുപോലുള്ള രക്തസാക്ഷിത്തമല്ലെന്ന് ചൂണ്ടിക്കാട്ടി. പള്ളിക്ക് കാവൽനിന്നതിെൻറ പേരിൽ ആർ.എസ്.എസുകാർ കൊല്ലുകയായിരുന്നെന്ന വാദം തെറ്റാണെന്നും പ്രസംഗിച്ചിരുന്നു.
രക്തസാക്ഷികളെ അപമാനിച്ചെന്നാരോപിച്ച് സി.പി.എം നേതൃത്വത്തിൽ ലീഗിെൻറ പൊതുയോഗ സ്ഥലത്തേക്ക് പ്രകടനം നടത്തി. സ്ഥലത്തുണ്ടായിരുന്ന പൊലീസിെൻറ അവസരോചിതമായ ഇടപെടൽ കാരണം വലിയ സംഘർഷമുണ്ടായില്ല.
അൻവർ ഷാ മാപ്പുപറയണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ഡി.വൈ.എഫ്.ഐ വലിയ പ്രചാരണം നടത്തുന്നുണ്ട്. മറുപടിയുമായി യൂത്ത് ലീഗും രംഗത്തുണ്ട്. ചാലിക്കരയിലെ പ്രശ്നം വലിയ രാഷ്ട്രീയ തർക്കമായി നിലനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.