മുത്തലിബ് ചോദിക്കുന്നു, ഈ കടം എങ്ങനെ വീട്ടും ?
text_fieldsപേരാമ്പ്ര: നിപ ബാധിച്ച് മരിച്ച സഹോദരൻ സ്വാലിഹ് എടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാത്തതിനെത്തുടർന്ന് വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന അറിയിപ്പ് ലഭിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ മുഹമ്മദ് മുത്തലിബിന്റെ കുടുംബം. പലിശ സഹിതം 12,08,000 രൂപ അടക്കാനാണ് കേരള ഗ്രാമീൺ ബാങ്ക് പന്തിരിക്കര ശാഖയിൽനിന്ന് നോട്ടീസ് വന്നത്. സ്വാലിഹ് എടുത്ത വിദ്യാഭ്യാസ വായ്പയുടെ കാര്യം നേരത്തെതന്നെ എം.എൽ.എയുടെയും മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞുനിൽക്കുന്ന, പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാത്ത താൻ എങ്ങനെ കടം വീട്ടുമെന്ന ആശങ്കയിലാണ് മുത്തലിബ്. സഹോദരന്റെ വായ്പ എഴുതിത്തള്ളുമെന്നും പ്രായപൂർത്തിയായാൽ തന്നെ സർക്കാർ ജോലിക്ക് പരിഗണിക്കുമെന്നും എം.എൽ.എയും മന്ത്രിയും ഉറപ്പ് നൽകിയിരുന്നതായും മുത്തലിബ് പറയുന്നു. നിപ ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയുടെ വീട്ടിൽ അവരുടെ അഞ്ചാം ചരമവാർഷിക ദിനമായ ഞായറാഴ്ച ടി.പി. രാമകൃഷ്ണൻ എം.എൽ.എ സന്ദർശനം നടത്തിയിരുന്നു. എന്നാൽ, നിപ വൈറസ് നാലുപേരുടെ ജീവനെടുത്ത ഞങ്ങളുടെ വീട്ടിൽ അദ്ദേഹം വന്നില്ലെന്നും മുത്തലിബ് പറയുന്നു.
പന്തിരിക്കര സൂപ്പിക്കടയിൽ 2018 മേയിലാണ് നിപ വൈറസ് റിപ്പോർട്ട് ചെയ്തത്. സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസ മുസ്ലിയാർ, മക്കളായ സാബിത്ത്, സ്വാലിഹ്, മുസ്ലിയാരുടെ സഹോദരപത്നി മറിയം എന്നിവർ വൈറസ് ബാധയേറ്റ് മരിച്ചു. സാബിത്തിനെ പരിചരിക്കുന്നതിനിടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായ ലിനിയും ഈ വൈറസിന് കീഴടങ്ങി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മൊത്തം 18 പേരുടെ ജീവൻ മഹാവ്യാധിയിൽ പൊലിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.