സിസ്റ്റർ ലിനിയുടെ ഓർമ പുതുക്കി നാട്
text_fieldsപേരാമ്പ്ര: ഋതുലിെൻറയും സിദ്ധാർഥിെൻറയും വിശേഷങ്ങൾ തിരക്കി വെള്ളിയാഴ്ച രാവിലെ തന്നെ ഒരു കോൾ പിതാവ് സജീഷിനെ തേടിയെത്തി. അങ്ങേതലക്കൽ കേരളത്തിെൻറ പുതിയ ആരോഗ്യ മന്ത്രി വീണാ ജോർജ് ആയിരുന്നു. മന്ത്രി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റ് മണിക്കൂറുകൾക്ക് മുേമ്പ തന്നെ ഈ കുരുന്നുകളുടേയും അവരുടെ പിതാവിനെയും അന്വേഷിച്ചതിനൊരു കാരണമുണ്ട്.
ഈ പിഞ്ചുമക്കളുടെ അമ്മ ആതുരസേവനം ചെയ്യുന്നതിനിടെ നിപ എന്ന മാരക വൈറസ് ബാധിച്ചു മരിച്ചിട്ടു മൂന്നു വർഷം പൂർത്തിയായത് ഇന്നലെയാണ്. മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ലിനിയുടെ കുഞ്ഞുങ്ങളോടും കുടുംബത്തോടും കാണിച്ച സ്നേഹവും കരുതലും പുതിയ മന്ത്രിയും പിന്തുടർന്നതിൽ കുടുംബത്തിന് അതിയായ സന്തോഷമുണ്ട്. 2018ൽ മേയിൽ പേരാമ്പ്ര മേഖലയിൽ നിപ താണ്ഡവമാടിയപ്പോൾ പേരാമ്പ്ര താലൂക്കാശുപത്രിയിലെ താൽകാലിക നഴ്സായ ലിനിയുടെ ജീവനുമെടുത്തു. പന്തിരിക്കര സൂപ്പിക്കട സ്വദേശി സാബിത്തിനെ പരിചരിക്കുമ്പോഴാണ് ലിനിയേയും വൈറസ് കീഴടക്കിയത്. രോഗികളെ സ്വന്തം കുടുംബാംഗങ്ങളെ പരിചരിക്കുന്നതു പോലെയാണ് ലിനി പരിചരിക്കാറ്. അതുകൊണ്ടു തന്നെ സാബിത്തിലെ വൈറസിന് എളുപ്പം ലിനിയിൽ എത്താനും കഴിഞ്ഞു.
രണ്ടു വയസ്സുകാരൻ സിദ്ധുവിനെ മുലയൂട്ടിയാണ് അവസാനമായി ലിനി ചെമ്പനോടയിലെ വീട്ടിൽ നിന്ന് ഡ്യൂട്ടിക്ക് പോയത്. പിന്നീടവർ തിരിച്ചു വന്നിട്ടില്ല. കോഴിക്കോട് ശ്മശാനത്തിലാണ് സംസ്ക്കാരം നടന്നത്. പ്രിയതമൻ സജീഷിന് മരണക്കിടക്കയിൽ നിന്നെഴുതിയ കുറിപ്പ് കണ്ണീർ ചാലിച്ചാണ് മലയാളികൾ വായിച്ചത്. കോവിഡെന്ന വൈറസിനെതിരെ നാം പൊരുതുമ്പോൾ ലിനിയെ പോലുള്ളവരുടെ ഓർമ ആ പോരാട്ടത്തിന് ഊർജം പകരുന്നതാണ്. ലിനിയുടെ ഓർമദിനത്തിൽ ഭർത്താവ് സജീഷ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് തുക സംഭാവന ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. സുനിൽ ഏറ്റുവാങ്ങി. പേരാമ്പ്ര താലൂക്കാശുപത്രിയിൽ നടന്ന അനുസ്മരണത്തിൽ ബ്ലോക്ക് പ്രസിഡൻറ് എൻ.പി. ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര, മെഡിക്കൽ ഓഫിസർ ഡോ. ഷാമിൻ, ഹെഡ് നഴ്സ് മീനാ മാത്യു, പി.ആർ.ഒ സോയൂസ് ജോർജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.