വോട്ടെടുപ്പ് കഴിഞ്ഞ് നൊച്ചാട്ട് സംഘർഷം; ഏഴു പേർക്ക് പരിക്ക്
text_fieldsപേരാമ്പ്ര: വോട്ടെടുപ്പ് കഴിഞ്ഞയുടൻ നൊച്ചാട് മാവട്ടയിൽ താഴെ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. ഏഴുപേർക്ക് പരിക്കേറ്റു. സി.പി.എം പ്രവർത്തകരായ മമ്മിളിച്ചാലിൽ എം.പി. മോഹനൻ, ടി.പി. ഷിജു, പാറപ്പുറം എൻ.എം. അർജുൻ, യു.ഡി.എഫ് പ്രവർത്തകരായ മാവട്ടയിൽ പി.സി. ലിജാസ്, മരുതോളി എം. വികാസ്, തച്ചുള്ളതിൽ ടി. യാസർ, മാപ്പറ്റ എം. സമീർ എന്നിവർക്കാണ് പരിക്കേറ്റത്.
തലക്ക് ഗുരുതര പരിക്കേറ്റ മോഹനൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. നൊച്ചാട് എ.എൽ.പി സ്കൂളിലെ ബൂത്തിൽ പോളിങ് 8.45 വരെ നീണ്ടിരുന്നു. ഇതിനുശേഷമാണ് മാവട്ടയിൽ താഴെ സംഘർഷമുണ്ടായത്.
സി.പി.എം പ്രവർത്തകർ നൽകിയ പരാതിയിൽ പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകരെ പേരാമ്പ്ര പൊലീസ് എത്തി ആശുപത്രിയിൽനിന്ന് അറസ്റ്റ് ചെയ്തു. ഇവരെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. മാരകമായി പരിക്കേറ്റവരെ നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങിച്ചാണ് അറസ്റ്റ് ചെയ്തതെന്ന് യു.ഡി.എഫ് ആരോപിച്ചു.
മാവട്ടയിൽ നിരന്തരം രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടന്ന ദിവസവും ചാത്തോത്ത് താഴെ ഇരുമുന്നണികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതേത്തുടർന്ന് പൊലീസ് കണ്ടാലറിയാവുന്ന 100 പേർക്കെതിരെ കേസെടുത്തിരുന്നു. വോട്ടെടുപ്പ് സമാധാനപരമായി നടക്കാൻ സർവകക്ഷി യോഗം വിളിച്ച് സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു.
സമാധാന ആഹ്വാനമെല്ലാം കാറ്റിൽ പറത്തി വീണ്ടും സംഘർഷമുണ്ടായത് നാട്ടുകാരിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സി.പി.എം പ്രവർത്തകർ ബൈക്കിൽ പോകുമ്പോൾ തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി മർദിച്ചെന്നാണ് എൽ.ഡി.എഫ് ആരോപണം. എന്നാൽ, തങ്ങളുടെ പ്രവർത്തകരെ മാരകായുധങ്ങളുമായി പതിയിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് യു.ഡി.എഫ് ആരോപണം.
മർദനത്തിൽനിന്ന് രക്ഷപ്പെൻ കടയിൽ കയറി ഒളിച്ച പ്രവർത്തകനെ കട വളഞ്ഞിട്ട് ആക്രമിച്ചു. പിന്നീട് പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയതെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് നൊച്ചാടിന്റെ സമാധാനം തകർക്കുന്നു -സി.പി.എം
പേരാമ്പ്ര: സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ ആക്രമണം നടത്തി തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായി നൊച്ചാട് തുടർച്ചയായി യു.ഡി.എഫ് ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്ന് സി.പി.എം ആരോപിച്ചു.
കലാശക്കൊട്ട് ഒഴിവാക്കാൻ ഇരുമുന്നണികളുമായി പേരാമ്പ്ര സബ് ഇൻസ്പക്ടർ ധാരണയിലെത്തിയിരുന്നു. എന്നാൽ ധാരണ കാറ്റിൽ പരത്തി യു.ഡി.എഫ് പ്രവർത്തകർ നിരവധി വാഹനങ്ങളുമായി ചാത്തോത്ത് താഴ അങ്ങാടിയിലേക്ക് പ്രവേശിക്കുകയും എൽ.ഡി.എഫ് പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ദിവസം രാത്രി ഒമ്പതുമണിയോടെ നൊച്ചാട് എ.എൽ.പി സ്കൂളിലെ ബൂത്തിൽനിന്ന് തിരിച്ച് പോകുകയായിരുന്ന എൽ.ഡി.എഫ് പ്രവർത്തകരെ മാവട്ടയിൽ താഴെ തടഞ്ഞ് വെച്ച് മാരകായുധങ്ങളുമായി ആക്രമിച്ചു.
ആക്രമണത്തിൽ മൂന്ന് എൽ.ഡി.എഫ് പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമത്തിന് നേതൃത്വം നൽകിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം നൊച്ചാട് സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി എടവന സുരേന്ദ്രൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.