വിടവാങ്ങിയത് പന്തിരിക്കരയുടെ അന്നദാതാവ്
text_fieldsപേരാമ്പ്ര: പന്തിരിക്കര മുബാറഖ് ഹോട്ടൽ ഉടമ മുക്കത്തം കണ്ടി മൂസയുടെ നിര്യാണത്തോടെ നഷ്ടമായത് നാടിെൻറ അന്നദാതാവിനെ. ലാഭം പ്രതീക്ഷിച്ച് മാത്രമല്ല ഇദ്ദേഹം ഹോട്ടൽ നടത്തിയത്. നാട്ടിലെ ദുരിതമനുഭവിക്കുന്നവരെ ഊട്ടാൻ കൂടിയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലധികമായി 70 വയസ്സിന് മുകളിലുള്ള 40 ഓളം ആളുകൾക്ക് മൂസ്സക്ക സൗജന്യമായി ഊണ് കൊടുത്തിരുന്നു.
ഇതിൽ 20 പേർക്ക് വീടുകളിലെത്തിച്ചു കൊടുക്കുകയാണ് ചെയ്തിരുന്നത്.
കഴിഞ്ഞ ലോക്ഡൗണിൽ ഉൾപ്പെടെ നിരവധി പേർക്ക് അദ്ദേഹം താങ്ങായിട്ടുണ്ട്. കഴിഞ്ഞ റിപ്പബ്ലിക് ദിനം മൂസ ആഘോഷിച്ചത് ഹോട്ടലിൽ നിന്ന് 300 പേർക്ക് സൗജന്യമായി സദ്യ വിളമ്പിയാണ്. അന്ന് പായസം ഉൾപ്പെടെ 23 തരം വിഭവങ്ങളാണ് ഒരുക്കിയത്.
52 വർഷം മുമ്പാണ് നടുവണ്ണൂർ പുതുശ്ശേരി താഴെ നിന്ന് മൂസയുടെ കുടുംബം പന്തിരിക്കരയിലെത്തിയത്. 49 വർഷം മുമ്പ് ഉപ്പ അബ്ദുഹാജി തുടങ്ങിയതാണ് മുബാറഖ് ഹോട്ടൽ.
ഉപ്പയുടെ മരണശേഷം ഹോട്ടൽ മൂസ ഏറ്റെടുക്കുകയായിരുന്നു. ഉപ്പയും പാവങ്ങളെ സൗജന്യമായി ഊട്ടാറുണ്ടായിരുന്നു. നേരത്തെ കോവിഡ് ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായിരുന്നു. പിന്നീട് വന്ന ന്യൂമോണിയയാണ് മരണകാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.