മണ്ഡലപരിചയം: പേരാമ്പ്ര - ചരിത്രം ഇടതിൻെറ കൂടെ
text_fieldsപേരാമ്പ്ര: 1957 മുതൽ നിലവിലുള്ള പേരാമ്പ്ര നിയോജക മണ്ഡലത്തിൽ ഇടതു മുന്നണിക്ക് വ്യക്തമായ ആധിപത്യമുണ്ട്. രണ്ടു തവണ മാത്രമാണ് യു.ഡി.എഫിന് വിജയകൊടി പാറിക്കാൻ കഴിഞ്ഞത്.
1970ലെ നാലാം നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഡോ.കെ.ജി. അടിയോടിയും 1977ലെ അഞ്ചാം നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിലെ കെ.സി. ജോസഫുമാണ് കിരീടം ചൂടിയ യു.ഡി.എഫ് അംഗങ്ങൾ.
1977 നു ശേഷം കേരള കോൺഗ്രസ് (എം) ആണ് പേരാമ്പ്ര മണ്ഡലത്തിൽ യു.ഡി.എഫിനുവേണ്ടി അങ്കത്തിനിറങ്ങാറ്. 1980ൽ വി.വി. ദക്ഷിണാ മൂർത്തിയിൽ തുടങ്ങിയ സി.പി.എമ്മിെൻറ വിജയം മന്ത്രി ടി.പി. രാമകൃഷ്ണനിൽ എത്തി നിൽക്കുന്നു. 1980 ൽ മൂർത്തിയെ നേരിട്ടത് കേരള കോൺഗ്രസ് എമ്മിലെ അഡ്വ. കെ.എ. ദേവസ്യ ആയിരുന്നു. പിന്നീട് തുടർച്ചയായി മൂന്നു തവണ കൂടി ദേവസ്യ ഗോദയിലിറങ്ങിയെങ്കിലും ജനം കൈവിട്ടു. 1996 ലെ തെരഞ്ഞെടുപ്പ് മുതൽ കേരള കോൺഗ്രസ് (എം) ഇറക്കുമതി സ്ഥാനാർഥികളെയാണ് പേരാമ്പ്രക്ക് സംഭാവന നൽകിയത്. നിലവിൽ ജോസ് പക്ഷത്തിെൻറ നേതാവും എം.എൽ.എയുമായ റോഷി അഗസ്റ്റ്യൻ ആണ് 1996 ൽ മത്സരിച്ചത്. 2001 ൽ പി.ടി. ജോസും 2006ൽ ജയിംസ് തെക്കനാടനും 2011ലും 2016 ലും അഡ്വ. മുഹമ്മദ് ഇഖ്ബാലും പേരാമ്പ്രയുടെ ജനഹിതമറിയാൻ ഇറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. 2011 ൽ 15,269 വോട്ടിന് പരാജയപ്പെട്ട ഇഖ്ബാൽ 2016ൽ ടി. പി. രാമകൃഷ്ണെൻറ ഭൂരിപക്ഷം 4101 ൽ ഒതുക്കി.
ആത്മവിശ്വാസത്തോടെ ഇടത്
പേരാമ്പ്ര മണ്ഡലത്തിൽ വിജയം ആവർത്തിക്കുമെന്നതിൽ ഇടതു മുന്നണിക്ക് സംശയമൊന്നുമില്ല. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടങ്ങളും മണ്ഡലത്തിൽ മന്ത്രി ടി. പി. രാമകൃഷ്ണെൻറ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും മുതൽകൂട്ടാവുമെന്ന് എൽ.ഡി.എഫ് കരുതുന്നു.
ടി.പി. രാമകൃഷ്ണനെതന്നെ ഒരു തവണ കൂടി ഇറക്കിയാൽ ഈസി വാക്കോവർ ആയിരിക്കുമെന്നാണ് സി.പി.എം കണക്കു കൂട്ടുന്നത്. ഡി.വൈ.എഫ്.ഐ നേതാവ് എസ്. കെ. സജീഷിനും സാധ്യത പറയുന്നു. മണ്ഡലം വികസന മിഷൻ കൺവീനർ എം. കുഞ്ഞമ്മദ്, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ എന്നിവരുടെ പേരുകളും പറഞ്ഞു കേൾക്കുന്നു.
സീറ്റ് കോൺഗ്രസിനോ ലീഗിനോ?
കഴിഞ്ഞ 44 വർഷമായി യു.ഡി.എഫിൽ കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന പേരാമ്പ്ര മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസോ മുസ്ലിം ലീഗോ ആയിരിക്കും മത്സരിക്കുക.
ജോസ് വിഭാഗം മുന്നണി മാറിയതോടെയാണ് സീറ്റ് കോൺഗ്രസോ മുസ്ലിം ലീഗോ ഏറ്റെടുക്കാനുള്ള സാധ്യത തെളിഞ്ഞത്. കോൺഗ്രസിനാണ് സീറ്റെങ്കിൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ. എം. അഭിജിത്തിെൻറ പേരാണ് കൂടുതൽകേൾക്കുന്നത്. എന്നാൽ, മണ്ഡലത്തിലെ നേതാക്കൾക്ക് നൽകണമെന്ന വാദവും ഉയരുന്നുണ്ട്.
ലീഗിന് നൽകുകയാണെങ്കിൽ പേരാമ്പ്രയിൽനിന്നുള്ള ജില്ല സെക്രട്ടറി സി.പി.എ അസീസിനെ പരിഗണിക്കണമെന്ന് ആവശ്യമുയരുന്നു. നജീബ് കാന്തപുരം, അല്ലെങ്കിൽ പൊതു സമ്മതരായ സാഹിത്യകാരന്മാർ തുടങ്ങിയ ആലോചനയും ലീഗിൽ നടക്കുന്നു.
എം.എൽ.എമാർ ഇതുവരെ
1957- എം. കുമാരൻ (സി.പി.ഐ)
1960 പി.കെ. നാരായണൻ നമ്പ്യാർ (പ്രജാ സോഷ്യലിസ്റ്റ് പാർട്ടി )
1967 വി.വി. ദക്ഷിണാ മൂർത്തി (സി.പി.എം)
1970- ഡോ. കെ. ജി. അടിയോടി (കോൺഗ്രസ്)
1977- കെ.സി. ജോസഫ് (കേരള കോൺഗ്രസ് -എം)
1980- വി.വി. ദക്ഷിണാമൂർത്തി (സി.പി.എം)
1982- എ.കെ. പത്മനാഭൻ (സി.പി.എം)
1987- എ.കെ. പത്മനാഭൻ (സി.പി.എം)
1991 - എൻ.കെ. രാധ (സി.പി.എം)
1996- എൻ.കെ. രാധ (സി.പി.എം)
2001- ടി.പി. രാമകൃഷ്ണൻ (സി.പി.എം)
2006 - കെ. കുഞ്ഞമ്മദ് (സി.പി.എം)
2011- കെ. കുഞ്ഞമ്മദ് (സി.പി.എം)
2016- ടി.പി. രാമകൃഷ്ണൻ (സി.പി.എം)
2016 നിയമസഭ
ടി.പി. രാമകൃഷ്ണൻ
(സി.പി.എം) - 72359
അഡ്വ. മുഹമ്മദ് ഇഖ്ബാൽ
(കെ. കോ.എം) - 68258
കൊളപ്പേരി സുകുമാരൻ
നായർ (എൻ.ഡി.എ) - 8561
റസാഖ് പാലേരി
(വെൽഫെയർ പാർട്ടി ) - 1673
കെ.പി. ഗോപി
(എസ്.ഡി.പി.ഐ) - 1036
എം.ടി. മുഹമ്മദ് (സി.പി.ഐ-എം.എൽ റെഡ് സ്റ്റാർ) - 224
പി. മുഹമ്മദ് ഇഖ്ബാൽ
(സ്വത) - 148
മുഹമ്മദ് ഇഖ്ബാൽ (സ്വത) - 637
നോട്ട - 616
ഭൂരിപക്ഷം - 4101
2019 ലോക്സഭ
കെ. മുരളീധരൻ
(കോൺ) - 80929
പി. ജയരാജൻ
(സി.പി.എം) - 67725
വി.കെ. സജീവൻ
(ബി.ജെ.പി) - 8505
മുസ്തഫ കൊമേരി
(എസ്.ഡി.പി.ഐ) - 714
ഭൂരിപക്ഷം - 13204.
2020 ഗ്രാമപഞ്ചായത്ത്
തെരഞ്ഞെടുപ്പ് വോട്ട്
എൽ.ഡി.എഫ് - 80,500
യു.ഡി.എഫ് - 70,381
ഭൂരിപക്ഷം - 10,119
മണ്ഡലത്തിലെ 10 പഞ്ചായത്തിലും ഭരണം എൽ.ഡി.എഫിന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.