പേരാമ്പ്ര എച്ച്.എസ്.എസ് പി.ടി.എ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ്, സംഘർഷം, പിന്നെ സമവായം
text_fieldsപേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ തെരഞ്ഞെടുപ്പിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. വോട്ടെടുപ്പ് നടന്നെങ്കിലും എണ്ണാതെ സമവായത്തിലൂടെ പി.ടി.എ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. സി.പി.എമ്മും യു.ഡി.എഫും രണ്ടു പാനലുകൾ നിർദേശിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വ്യാഴാഴ്ച വോട്ടെടുപ്പും നടന്നു.
എന്നാൽ, വോട്ടെണ്ണാൻ തുടങ്ങുമ്പോൾ ഒരു സ്ഥാനാർഥിയുടെ പേര് മാറിയതിനെ തുടര്‍ന്ന് യു.ഡി.എഫും സി.പി.എമ്മും തമ്മിൽ തർക്കവും സംഘർഷവും അരങ്ങേറുകയായിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സി.പി.എമ്മും വോട്ട് എണ്ണണമെന്ന് യു.ഡി.എഫും ആവശ്യപ്പെട്ടു. രാത്രി വൈകുന്നതുവരെ തര്‍ക്കം തുടര്‍ന്നു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയും ഇരുവിഭാഗവുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ വെള്ളിയാഴ്ച രാവിലെ വോട്ടെണ്ണല്‍ നടത്താമെന്ന് തീരുമാനിക്കുകയുമായിരുന്നു.
വോട്ടെണ്ണല്‍ ആരംഭിക്കുമ്പോൾ സംഘർഷമുണ്ടാകുമെന്ന് കരുതി പേരാമ്പ്ര, അത്തോളി, മേപ്പയൂര്‍, കൂരാച്ചുണ്ട്, പെരുവണ്ണാമൂഴി ഇൻസ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം തുടര്‍ന്ന സാഹചര്യത്തില്‍ വടകര ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം പൊലീസും സ്കൂൾ അധികൃതരും റിട്ടേണിങ് ഓഫിസറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും വോട്ടെണ്ണുന്നത് ഒഴിവാക്കി എല്ലാ പാനലിലുള്ളവരെയും ഉൾപ്പെടുത്തി 11 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് രൂപം നല്‍കാനും തീരുമാനിച്ചു.
ആറ് അംഗങ്ങളും പി.ടി.എ പ്രസിഡന്റ് സ്ഥാനവും എം.പി.ടി.എ വൈസ് പ്രസിഡന്റ് സ്ഥാനവും യു.ഡി.എഫ് വിഭാഗത്തിനും അഞ്ച് അംഗങ്ങളും എം.പി.ടി.എ പ്രസിഡന്റും പി.ടി.എ വൈസ് പ്രസിഡന്റ് സ്ഥാനവും സി.പി.എമ്മിനും നല്‍കാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ വോട്ടെണ്ണല്‍ ഒഴിവാക്കി.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു മണിയോടെയാണ് അന്തിമ തീരുമാനമായത്. പി.ടി.എ പ്രസിഡന്റായി മുന്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം ആര്.കെ. രജീഷ് കുമാറിനെയും വൈസ് പ്രസിഡന്റായി സത്യന് സ്നേഹയെയും എം.പി.ടി.എ പ്രസിഡന്റായി മുന്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്തംഗം ജിഷ കൊട്ടപ്പുറത്തിനെയും വൈസ് പ്രസിഡന്റായി സുജ ചാലിനെയും തെരഞ്ഞെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, പ്രിന്‍സിപ്പൽ വി.കെ. സുധീര്‍ ബാബു, പ്രധാനാധ്യാപകന് പി. സുനില്‍ കുമാര്‍, റിട്ടേണിങ് ഓഫിസര്‍ അശോകന്, പൊലീസ് ഇൻസ്പെക്ടര്‍മാരായ ബിനു തോമസ്, കെ.പി. സുനില്‍ കുമാര്‍, കെ. ഉണ്ണികൃഷ്ണന്, പി.കെ. ജിതേഷ്, കെ. സുഷീര്‍, ഇരുവിഭാഗത്തെയും പ്രതിനിധാനം ചെയ്ത് പി. ബാലന് അടിയോടി, രാജന് മരുതേരി, പുതുക്കുടി അബ്ദുറഹ്മാന്, പി.കെ. രാഗേഷ്, സി.കെ. അശോകന്, എന്‍.എം. അഷ്റഫ്, പി.കെ. കുഞ്ഞനന്തന്, കെ. കുഞ്ഞിക്കണ്ണന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പി.ടി.എ തെരഞ്ഞെടുപ്പ് കോടതി കയറും
പേരാമ്പ്ര: പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ പി.ടി.എ തെരഞ്ഞെടുപ്പ് കോടതി കയറുന്നു. പെട്ടിയിലായ വോട്ട് എണ്ണാതെ സി.പി.എമ്മും യു.ഡി.എഫും തമ്മിൽ ധാരണയുണ്ടാക്കി എക്സിക്യൂട്ടിവ് അംഗങ്ങളെ പങ്കിട്ടെടുക്കുകയായിരുന്നു. സി.പി.എം ഘടകകക്ഷികൾക്ക് സ്ഥാനാർഥിത്വം നൽകാതെ സ്വന്തം മത്സരിച്ചപ്പോൾ ഇതിൽ പ്രതിഷേധിച്ച് ഒരു സി.പി.ഐ അംഗവും മത്സരിച്ചിരുന്നു. എന്നാൽ, ഇദ്ദേഹത്തെ ഉൾപ്പെടുത്താതെയാണ് സമവായമുണ്ടാക്കിയത്. ഇതിനെതിരെയാണ് സി.പി.ഐ അംഗം ഷിനുരാജ് നിയമനടപടിക്കൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.