പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും
text_fieldsപേരാമ്പ്ര: പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി സെപ്റ്റംബറില്‍ നാടിനു സമര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ടി.പി. രാമകൃഷ്ണന് എം.എല്‍.എ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
3.13 കോടി രൂപയുടെ ടൂറിസം പദ്ധതിയാണ് പെരുവണ്ണാമൂഴിയില്‍ നടപ്പാക്കുന്നത്. 2020 നവംബറിലാണ് പ്രവൃത്തി ആരംഭിച്ചത്. ഇൻറര്‍പ്രട്ടേഷന്‍ സെൻറര്‍, കാൻറീന്, ഓപ്പണ്‍ കഫറ്റീരിയ, നടപ്പാത, കുട്ടികളുടെ പാര്‍ക്ക്, ലാന്‍ഡ് സ്കേപ്പിങ്, ടിക്കറ്റ് കൗണ്ടര്‍, വാഹന പാര്‍ക്കിങ് സൗകര്യം, ഗേറ്റ് നവീകരണം, ഇലക്ട്രിഫിക്കേഷന് തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്.
പദ്ധതിയുടെ പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല എം.എല്‍.എ ചെയര്‍മാനും കലക്ടര്‍ സെക്രട്ടറിയും ഡി.ടി.പി.സി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്നിവര്‍ അടങ്ങുന്ന പെരുവണ്ണാമൂഴി ടൂറിസം മാനേജ്മെൻറ് കമ്മിറ്റിക്കായിരിക്കും.
വിനോദസഞ്ചാര വകുപ്പ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍വഹണ ഏജന്‍സി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡവലപ്മെൻറ് കോര്‍പറേഷനാണ്. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. സുനില്‍, ഡി.ടി.പി.സി സെക്രട്ടറി സി.പി. ബീന, എസ്.കെ. സജീഷ്, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.