പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതി പദ്ധതി തുടങ്ങി
text_fieldsപേരാമ്പ്ര: ഈ സർക്കാർ അധികാരത്തിലെത്തിയശേഷം മാത്രം വൈദ്യുതി മേഖലയിൽ 654.5 മെഗാ വാട്ടിന്റെ അധിക ഉൽപാദന ശേഷി സംസ്ഥാനം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതി പദ്ധതി ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2016 മുതൽ ജലവൈദ്യുതി പദ്ധതികളിലൂടെ മാത്രം 50.6 മെഗാ വാട്ടിന്റെ അധിക ഉൽപാദനശേഷിയാണ് കേരളം കൈവരിച്ചത്. 24.5 മെഗാവാട്ട് ശേഷിയുള്ള ചെറുകിട വൈദ്യുതിനിലയങ്ങൾ എനർജി മാനേജ്മെന്റ് സെന്റർ മുഖേന സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ഇടപെടലുകളുടെ തുടർച്ചയായാണ് പെരുവണ്ണാമൂഴിയിലെ പദ്ധതിയും യാഥാർഥ്യമായത്.
നാടിന്റെ അടിസ്ഥാനസൗകര്യ വികസനമെന്ന നിലക്കാണ് വൈദ്യുതി മേഖലയെ സർക്കാർ കാണുന്നത്. 2025 ആകുമ്പോഴേക്ക് കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ 40 ശതമാനം പുനരുപയോഗസാധ്യതയുള്ള സ്രോതസ്സുകളിൽനിന്ന് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആദിവാസി മേഖലകളിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ചടങ്ങിൽ പറഞ്ഞു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി.പി. രാമകൃഷ്ണൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സുനിൽ, ഉണ്ണി വേങ്ങേരി, വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ബ്ലോക്ക് അംഗം ഗിരിജ ശശി, പഞ്ചായത്തംഗം വിനിഷ ദിനേശ്, സി.ഡി.എസ് ചെയർപേഴ്സൻ ശോഭ പട്ടാണിക്കുന്ന്, കെ.എസ്.ഇ.ബിയുടെ ജനറേഷൻ-ഇലക്ട്രിക്കൽ റീസ്, സൗര, സ്പോർട്സ് ആൻഡ് വെൽഫെയർ ഡയറക്ടർ ജി. സജീവ് സ്വാഗതവും ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഡി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.