പെരുവണ്ണാമൂഴി സി.ആർ.പി.എഫ് കേന്ദ്രം തിരിച്ചെടുത്ത് കെ.എ.പി ആറാം ബറ്റാലിയന് കേന്ദ്രമൊരുക്കാൻ നീക്കം
text_fieldsപേരാമ്പ്ര: പെരുവണ്ണാമൂഴിയിൽ സി.ആർ.പി.എഫ് കേന്ദ്രത്തിനുവേണ്ടി വിട്ടുകൊടുത്ത സ്ഥലം തിരിച്ചെടുത്ത് അവിടെ കേരള ആംഡ് പൊലീസ് ആറാം ബറ്റാലിയന്‍ കേന്ദ്രം തുടങ്ങാൻ നീക്കം. ഇതിന്റെ ഭാഗമായി എ.ഡി.ജി.പി കെ. പത്മകുമാറിന്റെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തി. പുതുതായി ആരംഭിക്കുന്ന കെ.എ.പി ബറ്റാലിയന്റെ ആസ്ഥാനത്തിനും സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനുമായാണ് സ്ഥലം കണ്ടെത്തിയത്. ചക്കിട്ടപാറ ഗ്രാപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ആറാം ബറ്റാലിയന്‍ കമാൻഡന്റ് വിവേക് കുമാർ, ഓഫിസ് കമാൻഡര്‍ ഹരികൃഷ്ണന്‍ എന്നിവര്‍ക്കൊപ്പമാണ് എ.ഡി.ജി.പി സ്ഥലസന്ദര്‍ശനം നടത്തിയത്. ക്യാമ്പിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബറ്റാലിയന്‍ ആസ്ഥാനം യാഥാർഥ്യമായാല്‍ ക്വാർട്ടേഴ്‌സുകള്‍, പരേഡ് ഗ്രൗണ്ട്, കമാൻഡന്റ് ഓഫിസുകള്‍ എന്നിവ നിലവില്‍വരും. ഗ്രാമപഞ്ചായത്തിന് റവന്യൂ വരുമാനം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത- കുടിവെള്ളസൗകര്യങ്ങള്‍ എ.ഡി.ജി.പി വിലയിരുത്തി. സി.ആര്‍.പി.എഫിന് നല്‍കിയ ഭൂമി തിരിച്ചുവാങ്ങാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതുണ്ട്. സി.ആര്‍.പി.എഫിന് പാട്ടത്തിന് നല്‍കിയ 40 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
2012ല്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് സി.ആര്‍.പി.എഫ് ഹെഡ് ക്വാർട്ടേഴ്‌സ് ആരംഭിക്കുന്നതിന് വേണ്ടിയാണ് കരാര്‍പ്രകാരം ഭൂമി ഏറ്റെടുത്തത്. ഏറ്റെടുത്ത് 11 വര്‍ഷം കഴിഞ്ഞിട്ടും കരാറില്‍ പറഞ്ഞ ഒരുകാര്യംപോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ക്വർട്ടേഴ്‌സുകള്‍, ആശുപത്രികള്‍, ഇന്റര്‍നാഷനല്‍ സ്‌കൂളുകള്‍, മൈതാനം തുടങ്ങിയവ നിര്‍മിക്കുമെന്ന് പറഞ്ഞിട്ട് ഒരു നിര്‍മാണ പ്രവര്‍ത്തനവും ഇവിടെ നടപ്പിലാക്കിയില്ല.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കണമെന്ന് കേരളസര്‍ക്കാറിനോട് ആവശ്യപ്പെട്ടതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അറിയിച്ചു. 30 വര്‍ഷത്തേക്കാണ് സി.ആര്‍.പി.എഫിന് ഭൂമി പാട്ടത്തിന് നല്‍കിയത്. ഇവിടെ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്ന് വ്യവസ്ഥയുള്ളതായും ഭൂമി തിരിച്ചെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാറില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാവുമെന്നും പ്രസിഡന്റ് പറഞ്ഞു. സർക്കാറിൽനിന്ന് അനുകൂലമായ നടപടിയുണ്ടായി ഭൂമി സി.ആർ.പി.എഫിൽനിന്ന് തിരിച്ചുവാങ്ങിയാൽ മാത്രമേ തുടർനടപടികൾ ഉണ്ടാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.