കെ.എസ്.ഇ.ബിയുടെ വൈദ്യുതിത്തൂണുകൾ മാറ്റാൻ ഭിക്ഷയെടുത്ത് പൊതു പ്രവർത്തകൻ
text_fieldsപേരാമ്പ്ര: മലയോര ഹൈവേയുടെ പണി നടക്കുന്ന പെരുവണ്ണാമൂഴി-ചക്കിട്ടപാറ റൂട്ടിൽ കെ.എസ്.ഇ.ബി വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച 56 ലോഹ വൈദ്യുതിത്തൂണുകൾ മാറ്റാനുള്ള ചെലവിന് കെ.എസ്.ഇ.ബിക്ക് പണം നൽകാൻ കൊയിലാണ്ടി താലൂക്ക് വികസന സമിതി അംഗം രാജൻ വർക്കി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപത്ത് ചിരട്ടയിൽ പിച്ചയെടുത്തു. ഭിക്ഷയെടുത്തു കിട്ടുന്ന തുക ശനിയാഴ്ച നടക്കുന്ന താലൂക്ക് വികസന സമിതി യോഗ വേദിയിൽ കെ.എസ്.ഇ.ബിക്ക് നൽകുമെന്ന് രാജൻ വർക്കി പറഞ്ഞു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം രണ്ട് കോടിയോളം രൂപ സർക്കാർ ഖജനാവിനു നഷ്ടമുണ്ടായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പെരുവണ്ണാമൂഴി-ചക്കിട്ടപാറ റൂട്ടിൽ മലയോര ഹൈവേയുടെ പ്രവൃത്തി മന്ദീഭവിച്ചിരിക്കുന്നതോടൊപ്പം പൊടി, ചളി കാരണം ജനജീവിതം ദുസ്സഹവുമായിരിക്കുകയാണ്. ഹൈവേ പണി തുടങ്ങിയതോടെ വൈദ്യുതിത്തൂൺ കാരണം റോഡിന്റെ വശങ്ങളിലുള്ള പല വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള വഴിയും അടഞ്ഞിരിക്കുകയാണ്. ഒരു വിഭാഗം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പാത വീതി നിർണയിക്കാതെ നിർദിഷ്ട മലയോര ഹൈവേയിൽ 56 ലോഹ വൈദ്യുതിത്തൂണുകൾ സ്ഥാപിക്കുകയും പിന്നീട് ഇത് ഉപയോഗയോഗ്യമാക്കാതെ അണ്ടർ കേബിൾ വഴി പെരുവണ്ണാമൂഴിയിൽ നിന്നു ചക്കിട്ടപാറക്ക് വൈദ്യുതി എത്തിച്ചിരിക്കുകയുമാണ്.
ഇതോടെ 56 ലോഹ തൂണുകൾ നോക്കുകുത്തിയായി. ഇത് മാറ്റിയാൽ മാത്രമേ ഹൈവേ പണി പൂർത്തിയാക്കാനാവൂ. തൂണുകൾ സ്ഥാപിച്ചതിന് ഒന്നര കോടിയോളം ചെലവായി എന്നാണ് വിവരം.
ഇത് പിഴുതുമാറ്റാൻ ഇനി 50 ലക്ഷം കൂടി വേണം. ഇത് റോഡ് പണിയുന്ന കെ.ആർ.എഫ്.ബി, കെ.എസ്.ഇ.ബിക്ക് നൽകണമത്രെ. ഒരു വിഭാഗം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം രണ്ട് കോടിയോളം രൂപയാണ് സർക്കാർ ഖജനാവിനു നഷ്ടമായിരിക്കുന്നത്. ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നു ഈടാക്കണമെന്നും രാജൻ വർക്കി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.