ഇത്തവണയും ഒരുകുട്ടി പോലും മറ്റുസമുദായത്തിൽ നിന്നില്ല; പേരാമ്പ്ര സ്കൂളിലെ ജാതി വിവേചനത്തിനെതിരെ നവോത്ഥാന സദസ്സ്
text_fieldsപേരാമ്പ്ര: പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളിൽ നടക്കുന്ന ജാതി വിവേചനത്തിനെതിരെ വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 15ന് വൈകീട്ട് നാലിന് നവോത്ഥാന സദസ്സ് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരു പ്രത്യേക സമുദായത്തിലെ കുട്ടികൾ മാത്രം പഠിക്കാൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥ ഈ സ്കൂളിൽ ഇപ്പോഴും തുടരുകയാണ്.
2019ൽ കെ.എസ്.ടി.എം എന്ന അധ്യാപക സംഘടന ഈ സ്ഥിതിവിശേഷത്തിന് എതിരെ ഓപറേഷൻ രോഹിത് വെമുല എന്നപേരിൽ വിപ്ലവകരമായ ഒരു നീക്കം നടത്തുകയുണ്ടായി. സ്വന്തം മക്കളായ ആറു കുട്ടികളെ പുതുതായി സ്കൂളിൽ ചേർത്തുകൊണ്ട് അവർ വലിയ മാറ്റത്തിനു തുടക്കമിട്ടു.
ശ്രദ്ധേയമായ ഈ നീക്കം ദേശീയതലത്തിൽതന്നെ വലിയ ചർച്ചയായെങ്കിൽപോലും നമ്മുടെ സർക്കാറും വിദ്യാഭ്യാസ വകുപ്പും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. പുതുതായി കുട്ടികളെ ചേർത്ത രക്ഷിതാക്കൾ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സ്കൂൾ അടിയന്തരമായി സന്ദർശിക്കണമെന്നും ഈ വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് നേരിട്ട് നിവേദനം നൽകിയെങ്കിലും മന്ത്രിയും വിഷയം കണ്ടില്ലെന്ന് നടിച്ചു. ഒരു പ്രത്യേക സമുദായം അനുഭവിക്കുന്ന ക്രൂരമായ വിവേചനം കണ്ടില്ലെന്ന് നടിക്കുന്നത് ശുദ്ധമായ കാപട്യമാണ്.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകൾ ഭരിക്കുന്നതും കേരളം ഭരിക്കുന്നതും ഇടതുപക്ഷം ആണെങ്കിൽപോലും ഈ സമൂഹത്തെ ഇത്രമേൽ അവഗണിക്കുന്നത് കടുത്ത വഞ്ചനയാണ്. 66 വർഷത്തെ ചരിത്രത്തിൽ ആദ്യമായി കെ.എസ്.ടി.എം നേതാക്കളുടെയും സ്കൂളിലെ അധ്യാപകരുടെയും പരിശ്രമഫലമായി ഒരു കുട്ടിക്ക് എൽ.എസ്.എസ് സ്കോളർഷിപ് ലഭിച്ച് വിദ്യാലയം വലിയ മുന്നേറ്റം നടത്തിയെങ്കിൽപോലും സാംബവ വിഭാഗത്തിൽപെടാത്ത ഒരുകുട്ടിപോലും ഈ നിമിഷംവരെ ആ സ്കൂളിൽ ചേർന്നിട്ടില്ല എന്നത് നമ്മുടെ നാടിന് കടുത്ത അപമാനമാണ്. സ്കൂളുമായി ബന്ധപ്പെട്ട കോളനിയിലെ സ്ഥിതിയും അത്യന്തം പരിതാപകരമാണ്. എസ്.എസ്.എൽ.സി കഴിഞ്ഞ കുട്ടികൾ വളരെ കുറച്ചുപേർ മാത്രമേ പ്ലസ് ടു വിജയിക്കുന്നുള്ളൂ.
കോളനിയിൽ ഏതാണ്ട് ഒമ്പതോളം വീടുകളിൽ വൈദ്യുതി ഇല്ല. കുട്ടികൾക്ക് പഠിക്കാൻ ഇത് തടസ്സമാവുന്നു. സ്കൂളിന്റെ കാര്യത്തിലും കോളനിയുടെ കാര്യത്തിലും സർക്കാർ സജീവമായി ഇടപെടണമെന്നും അവിടെയുള്ള സാഹചര്യത്തിന് മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടാണ് വെൽഫെയർ പാർട്ടി നവോത്ഥാന സദസ്സ് സംഘടിപ്പിക്കുന്നത്. വെൽഫെയർ പാർട്ടി, കെ.എസ്.ടി.എം ഭാരവാഹികളായ ടി.കെ. മാധവൻ, ബി.വി. ലത്തീഫ്, ഇ.കെ. നിയാസ്, എം.ടി. അഷ്റഫ്, എൻ.പി.എ. കബീർ, വി.കെ. അബ്ദുൽ റഷീദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.