കലാപൂരത്തിന് പേരാമ്പ്രയിൽ തിരിതെളിഞ്ഞു
text_fieldsപേരാമ്പ്ര: 62ാമത് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് പേരാമ്പ്രയിൽ തിരിതെളിഞ്ഞു. ഞായറാഴ്ച വിവിധ രചന മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 61 രചന ഇനങ്ങളാണ് പൂർത്തിയായത്. ഇതിൽ എട്ട് ഇനങ്ങളുടെ ഫലങ്ങളാണ് വന്നത്.
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് കാരണം തിങ്കളാഴ്ച കലോത്സവമില്ല. ശേഷിക്കുന്ന രചനമത്സരങ്ങൾ ചൊവ്വാഴ്ച നടക്കും. സ്റ്റേജ് ഇനങ്ങളും ചൊവ്വാഴ്ച തുടങ്ങും. ചൊവ്വാഴ്ച രാവിലെ 11 ന് സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡോ. എം.കെ. മുനീർ എം.എൽ.എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടിയവർ:
1. ഉപന്യാസം -എച്ച്.എസ്.എസ് അറബിക് - എൻ.വി. മിൻഹ മുസ്തഫ (എം.യു.എം വി.എച്ച്.എസ്.എസ് വടകര)
2. എച്ച്.എസ് അറബിക് നിഘണ്ടു നിർമാണം - കെ.പി. ഹനാന ഫാത്തിമ (ചക്കാലക്കൽ എച്ച്.എസ് മടവൂർ)
3. എച്ച്.എസ് ഉപന്യാസം ഇംഗ്ലീഷ് - ദീഷത് രവി (ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി).
4. എച്ച്.എസ് അറബിക് കഥാരചന - ടി.പി. നാഫില ( ക്രസന്റ് എച്ച്.എസ്.എസ് വാണിമേൽ)
5. അറബിക് ഉപന്യാസം എച്ച്.എസ് - എസ്.ബി. ഐഷ നജ (മർകസ് ഗേൾസ് എച്ച്.എസ് കാരന്തൂർ)
6. അറബിക് പ്രശ്നോത്തരി എച്ച്.എസ് - ഹംന നിയ (എസ്.എൻ.എച്ച്.എസ്.എസ് തിരുവള്ളൂർ)
7. അറബിക് പദപ്പയറ്റ് യു.പി - എ. അൻഹ (ഐ.ഇ.എം.യു.പി തുമ്പപ്പാടം ഫറോക്ക്)
8. അറബിക് ഗദ്യവായന യു.പി - ഐഷ അഫ്ല (എം.സി.എം യു.പി മായന്നൂർ തോന്നൂർ)
9. സംസ്കൃതം പ്രശ്നോത്തരി എച്ച്.എസ് -പി. അഗസ്ത്യ അജയ്
പഴമയുടെ ചെപ്പുതുറന്ന് പൂർവവിദ്യാർഥികൾ
പേരാമ്പ്ര: പേരാമ്പ്രയിൽ വിരുന്നെത്തുന്ന കലാകൗമാരത്തിന് കൗതുകമേകാൻ പഴമയുടെ ചെപ്പ് തുറന്നിരിക്കുകയാണ് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ 1986 എസ്.എസ്.എൽ.സി ബാച്ച് പൂർവവിദ്യാർഥികൾ. സ്കൂൾ ഗ്രൗണ്ടിൽ പഴയകാലത്തെ ഒരു കുടിൽ ഒരുക്കിയിരിക്കുകയാണിവർ. വയ്ക്കോലുകൊണ്ടു മേഞ്ഞ മേൽക്കൂരയും മുളകൊണ്ട് നിർമിച്ച ചുമരും ചാണകം മെഴുകിയ മൺതറയുമുള്ള, ഗൃഹാതുര ഓർമകൾ ഉണർത്തുന്ന ഈ കൊച്ചുവീട് കാണാൻ നിരവധിയാളുകളാണ് എത്തുന്നത്.
ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വന്നതോടെ നമ്മുടെ വീട്ടിൽനിന്ന് അന്യംനിന്നുപോയ അമ്മിക്കല്ല്, ഉരൽ ഉൾപ്പെടെയുള്ള സാധനങ്ങളും ഈ കുടിലിലുണ്ട്. ചൊവ്വാഴ്ച മുതൽ ഈ കുടിലിൽനിന്ന് കട്ടൻചായ, അവിൽ, തേങ്ങ, ശർക്കര എന്നിവയും സൗജന്യമായി വിതരണം ചെയ്യും.
160 അംഗങ്ങളുള്ള ഈ പൂർവവിദ്യാർഥി കൂട്ടായ്മ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമാണ്. കൂട്ടായ്മ ചെയർമാൻ മനോജ് പറമ്പത്ത്, കൺവീനർ സതീശൻ നീലാംബരി, സന്തോഷ് പേരാമ്പ്ര, രഘു നല്ലാശ്ശേരി, അശോകൻ പേരാമ്പ്ര, അനിത പേരാമ്പ്ര എന്നിവരാണ് കുടിൽ നിർമാണത്തിന് നേതൃത്വം നൽകിയത്.
കലോത്സവത്തിനു മുമ്പേ അപ്പീൽ വിവാദം
കോഴിക്കോട്: പുത്തരിയിൽ കല്ലുകടിച്ച് ജില്ല സ്കൂൾ കലോത്സവം. ഉപജില്ല കലോത്സവങ്ങൾ കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും അപ്പീൽ കേട്ടില്ലെന്ന ആരോപണത്തിനു പിന്നാലെയാണ് ജില്ല വിദ്യാഭ്യാസ ഓഫിസിൽ നടന്ന അപ്പീൽ നടപടിയും വിവാദത്തിലായത്. തന്റെ വിധിനിർണയത്തിൽ അട്ടിമറി നടന്നതായി അപ്പീലിലിരുന്ന വിദഗ്ധൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് വിദ്യാഭ്യാസ അധികൃതരെ വെട്ടിലാക്കി.
ഉപജില്ല മത്സരത്തിൽ നൃത്തവിഭാഗത്തിൽ രണ്ടാം സ്ഥാനം കിട്ടിയ വിദ്യാർഥിയെ മാറ്റിനിർത്തി നാലാം സ്ഥാനം നേടിയ വിദ്യാർഥിക്ക് അപ്പീൽ നൽകിയതായും ആരോപണം ഉയർന്നു. നോ ഗ്രേഡ് ആയ മത്സരാർഥിക്ക് രണ്ടിനത്തിൽ അപ്പീൽ നൽകിയത് കലോത്സവ മാന്വൽ ലംഘനമായി ചൂണ്ടിക്കാണിച്ച് രക്ഷിതാക്കളും മത്സരാർഥികളും രംഗത്തെത്തി.
താൻ അപ്പീൽ അനുവദിച്ചവർക്കു പുറമെ മറ്റു ചിലരുടെ പേരുകൾ കൂടി പിന്നീട് തിരുകിക്കയറ്റിയെന്ന് അപ്പീൽ കമ്മിറ്റിയിൽ അംഗമായ പ്രമുഖ നർത്തകിയുടെ പോസ്റ്റ് അട്ടിമറി സാധൂകരിക്കുന്നു. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ അപ്പീലുകളുടെ ഫലം ശനിയാഴ്ചയാണ് പുറത്തുവിട്ടത്.
ബോധപൂർവം വൈകി അപ്പീൽ കേട്ടത് മത്സരാർഥികൾ കോടതിയെ സമീപിക്കാതിരിക്കാനാണെന്ന് രക്ഷിതാക്കൾ പറയുന്നു. അപ്പീൽ ഫലം വൈകിയതോടെ ചൊവ്വാഴ്ച ആരംഭിക്കുന്ന നൃത്തയിന മത്സരങ്ങൾക്ക് കോടതിയെ സമീപിക്കാൻ മത്സരാർഥികൾക്ക് സമയമില്ലാതായി.
നോ ഗ്രേഡ് വിദ്യാർഥിക്ക് അപ്പീൽ നൽകിയത് സ്വാധീനം മൂലമാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. അർഹയായ ഒരു കുട്ടിക്കുപോലും താൻ കാരണം അവസരം നഷ്ടപ്പെടരുതെന്ന ചിന്തമൂലം ഏറെ ശ്രദ്ധിച്ചാണ് അപ്പീൽ പട്ടിക തയാറാക്കിയതെന്നും എന്നാൽ, ശനിയാഴ്ച വൈകീട്ട് പട്ടിക പുറത്തുവന്നപ്പോൾ താൻ ചേർത്ത പേരുകൾക്കു പുറമെ മറ്റു ചില കുട്ടികളുടെ പേരുകൾകൂടി തിരുകിക്കയറ്റിയതായും വിദഗ്ധന്റെ പോസ്റ്റിൽ പറയുന്നു.
ഓഫിസ് ജീവനക്കാരുടെ വഴിവിട്ട നടപടികളാണ് കലോത്സവം താളം തെറ്റിക്കുന്നതെന്ന പരാതി രക്ഷിതാക്കൾ ഉയർത്തുന്നു. അനീതികരമായ മത്സര നടപടികളിൽ കോടതിക്ക് ഇടപെടാമെന്ന ഹൈകോടതി വിധി മത്സരാർഥികൾക്ക് ആശ്വാസവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.