സി.പി.എമ്മിനെതിരെ പ്രതികരിച്ചതിന് കാപ്പ ചുമത്തിയെന്ന് ആർ.എം.പി.ഐ നേതാവ്
text_fieldsപേരാമ്പ്ര: ആര്‍.എം.പി.ഐ നേതാവിനെ കള്ളക്കേസുകളില്‍ കുടുക്കി കാപ്പ ചുമത്തി ജയിലിലടക്കാന്‍ നീക്കമെന്ന് പരാതി. ആര്‍.എം.പി.ഐ പേരാമ്പ്ര ഏരിയ ചെയര്‍മാന്‍ എം.കെ. മുരളീധരനെതിരെയാണ് മേപ്പയൂര്‍ പൊലീസ് വടകര ആര്‍.ഡി.ഒ കോടതിയില്‍ കാപ്പ ചുമത്തി റിപ്പോര്‍ട്ട് നല്‍കിയത്.
സി.പി.എം ഭരണ സ്വാധീനമുപയോഗിച്ച് നിരന്തരം കള്ളക്കേസ് എടുപ്പിച്ചതിന്റെ ഭാഗമായാണ് കാപ്പ ചുമത്തിയതെന്ന് മുരളീധരനും ഭാര്യ രജനിയും വാർത്തസമ്മേളനത്തില്‍ ആരോപിച്ചു.
ഇതിനെതിരെ മുഖ്യമന്ത്രിക്കും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം. അനീതികള്‍ക്കെതിരെ പ്രതികരിക്കുന്ന രാഷ്ട്രീയപ്രവര്‍ത്തനമാണ് ഇതുവരെ നടത്തിയത്. എന്നാല്‍, വിവിധ കാരണങ്ങളുണ്ടാക്കി മേപ്പയൂര്‍ പൊലീസിനെ കൊണ്ട് മൂന്നു കേസുകളും വടകര പൊലീസിനെ കൊണ്ട് ഒരു കേസും രജിസ്റ്റര്‍ ചെയ്യിച്ചു.
എതിരെ നല്‍കുന്ന പരാതികളില്‍ കേസെടുക്കാറില്ല. പുതിയ കേസുകളില്‍ ഇനിയും ഉള്‍പ്പെടുത്തി ജയിലിലടക്കാനാണ് നീക്കം നടക്കുന്നതെന്നാണ് മുരളീധരന്റെ ആരോപണം. മുമ്പ് സി.പി.എം പ്രവർത്തകനായിരുന്ന മുരളീധരൻ ആര്‍.എം.പിയില്‍ ചേര്‍ന്ന കാലം മുതല്‍ ഒറ്റപ്പെടുത്തുന്ന സമീപനമാണ് ഉണ്ടായത്.
ശാരീരിക ആക്രമങ്ങളുണ്ടായി. വീടിന് കല്ലെറിഞ്ഞു. കുട്ടികളുടെ പഠനകാലത്ത് വാടകവീടെടുത്ത് മാറിത്താമസിക്കേണ്ടിവന്നു. 17 വര്‍ഷമായി ഇതെല്ലാം നേരിട്ടാണ് പൊതുപ്രവര്‍ത്തനം നടത്തുന്നത്.
2019ല്‍ സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ വീട് ആക്രമിച്ചെന്ന പരാതി നല്‍കിയപ്പോള്‍ പൊലീസ് ജാമ്യം ലഭിക്കുന്ന കേസാണെടുത്തത്. തിരിച്ചാക്രമിച്ചുവെന്ന പരാതിയില്‍ കള്ളക്കേസ് എടുക്കുകയും ചെയ്തു.
സഹോദരന്റെ വഴിപ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ചതിന്റെ പേരില്‍ സി.പി.എം നേതാവായ പഞ്ചായത്തംഗത്തെ ആക്രമിച്ചുവെന്ന പരാതിയില്‍ കള്ളക്കേസെടുത്തു. മുയിപ്പോത്ത് റോഡ് പ്രവൃത്തിയിലെ അപാകതക്കെതിരെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞതിന്റെ പേരില്‍ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞുള്ള എന്‍ജിനീയറുടെ പരാതിയിലും കേസെടുത്തു.
ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നാട്ടുകാരന്റെ പരാതിയിലും അടുത്തിടെ കേസെടുത്തു. വടകരയില്‍ നടത്തുന്ന സ്ഥാപനത്തിന് അടുത്ത് കക്കൂസ് മാലിന്യം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിട്ടതിന് പ്രതികരിച്ചതിന്റെ പേരില്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ പരാതിയില്‍ വടകര പൊലീസും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.