സങ്കടങ്ങൾ പങ്കുവെക്കാൻ അവർ പറക്കും, അനന്തപുരിയിലേക്ക്
text_fieldsപേരാമ്പ്ര: പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളിലെ ആറുപേർ സ്വാതന്ത്ര്യ ദിനപ്പിറ്റേന്ന് കണ്ണൂരിൽനിന്ന് അനന്തപുരിയിലേക്ക് പറക്കും. മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയുമെല്ലാം കണ്ട് സങ്കടങ്ങൾ പങ്കുവെക്കും. പേരാമ്പ്ര സാംബവ കോളനിയിലെ ആറ് വിദ്യാർഥികൾ മാത്രമാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. നിരവധി പരിശ്രമങ്ങൾ നടത്തിയിട്ടും മറ്റു വിഭാഗത്തിലെ വിദ്യാർഥികളെ ഇവിടെ ഓരോ വർഷവും എത്തിക്കാൻ കഴിയുന്നില്ല.
കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് നേതൃത്വത്തിൽ മൂന്നുവർഷം മുമ്പ് മറ്റു വിദ്യാർഥികളെ പ്രവേശിപ്പിച്ചെങ്കിലും അവർ നാലാം ക്ലാസ് കഴിഞ്ഞ് ഇറങ്ങിയതോടെ വീണ്ടും സാംബവ വിദ്യാർഥികൾ മാത്രമായി. പിന്നീട് രണ്ട് രക്ഷിതാക്കൾ കുട്ടികളെ ചേർത്തെങ്കിലും അതിന് തുടർച്ചയുണ്ടായില്ല. ഗ്രാമപഞ്ചായത്തും രാഷ്ട്രീയ പാർട്ടികളും സന്നദ്ധസംഘടനകളുമെല്ലാം പ്രവർത്തിച്ചെങ്കിലും മറ്റു കുട്ടികൾ എത്തിയില്ല.
ഇപ്പോൾ ഗ്രാമപഞ്ചായത്ത്, എ.ഇ.ഒ, ബി.ആർ.സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്കൂളിനെ ജനകീയമാക്കാൻ പ്രവർത്തിക്കുന്നത്. സ്കൂൾ വിദ്യാർഥികൾക്ക് ഇപ്പോൾ മൂന്നു നേരം വിഭവസമൃദ്ധമായ ഭക്ഷണവും നൽകുന്നുണ്ട്.
വിദ്യാർഥികളെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വിമാനയാത്ര ബി.ആർ.സിയുടെയും പേരാമ്പ്ര എ.ഇ.ഒയുടെയും നേതൃത്വത്തിൽ നടത്തുന്നത്. സ്പോൺസർഷിപ്പിലൂടെയാണ് പണം കണ്ടെത്തിയത്.
16ന് വൈകീട്ട് നാലിന് കണ്ണൂർ എയർപോർട്ടിൽനിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തെത്തും. നിയമസഭ, സെക്രട്ടേറിയറ്റ് ഉൾപ്പെടെ സന്ദർശിച്ചശേഷം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും കണ്ട് അവിടെനിന്ന് തിരിക്കും.
സ്കൂളിലെ ഒന്നുമുതൽ നാലുവരെ ക്ലാസിൽ പഠിക്കുന്ന അക്ഷര നന്ദകുമാർ, അലംകൃത, സി.എം. വിനിഗ, നിഹാര നന്ദകുമാർ, സി.എം. അഞ്ജിത, സഞ്ജീവ് കൃഷ്ണ എന്നിവരാണ് യാത്ര തിരിക്കുന്നത്. ഇവരുടെ ഓരോ രക്ഷിതാവും സ്കൂളിലെ നാല് അധ്യാപകരും പേരാമ്പ്ര ബി.ആർ.സിയിലെ ബി.പി.സി വി.പി. നിത, എ.ഇ.ഒ ബിനോയ് കുമാർ എന്നിവരും കുട്ടികളെ അനുഗമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.