'ക്വാറി നിർത്തൂ, ഞങ്ങൾക്ക് പഠിക്കണം'; കാറ്റുള്ളമലയിൽ വിദ്യാർഥികളുടെ പ്രതിഷേധം
text_fieldsപേരാമ്പ്ര: സ്കൂളിനു ഭീഷണിയായ കരിങ്കൽ ക്വാറിക്കെതിരെ പിഞ്ചു വിദ്യാർത്ഥികൾ സമരരംഗത്ത്. കോഴിക്കോട് കായണ്ണ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് പൊറാളിയിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെയാണ് കാറ്റുള്ളമല നിർമ്മലാ എ.യു.പി സ്കൂളിലെ വിദ്യാർഥികളും രക്ഷിതാക്കളും സമരം ചെയ്തത്.
കോവിഡ് മഹാമാരിയെ തുടർന്നുള്ള ഇടവേളക്ക് ശേഷം ഏറെ പ്രതീക്ഷയോടെ സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് കാണാൻ കഴിഞ്ഞത് ക്വാറിയിലെ സ്ഫോടനം മൂലം തകർന്ന സ്കൂൾ ചുമരുകളാണ്. ക്വാറിയിൽ നിന്നുള്ള ഉഗ്രശബ്ദം കാരണം പഠിക്കാൻ പറ്റുന്നില്ലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
ക്വാറിയുടെ പ്രവർത്തനം നിർത്തിവക്കാൻ ആവശ്യമായ നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമത്തിൽ സ്കൂൾ പി.ടി.എ പ്രസിഡന്‍റ് സി.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി പ്രതിനിധി അൽഹ ടെസ്സ വെള്ളാരംകാലായിൽ സംസാരിച്ചു.
സ്കൂളിനും കാറ്റുള്ളമല പള്ളിക്കും 40ഓളം വീടുകൾക്കും ഭീഷണി ഉയർത്തുന്ന ഈ ക്വാറി പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായണ്ണ ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തുന്ന റിലേ സത്യഗ്രഹം 55 ദിവസം പിന്നിട്ടു. തിങ്കളാഴ്ചത്തെ സമരത്തിൽ രാജു എട്ടിയിൽ, ജോൺ മറ്റത്തിൽ, സെബാസ്റ്റ്യൻ വടക്കേകുന്നേൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.