പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് ദുരിതം
text_fieldsപേരാമ്പ്ര: ചികിത്സ ഉപകരണങ്ങളുടെയും മരുന്നിന്റെയും ലഭ്യതക്കുറവ് കാരണം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ദുരിതം.
24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബ് സൗകര്യങ്ങൾ ഉണ്ടെങ്കിലും പ്രമേഹം, കൊളസ്ട്രോൾ, ഹൃദ്രോഗം നിർണയിക്കാനുള്ള ട്രോപോണിൻ ഉൾപ്പെടെ പരിശോധനകൾക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് പാവപ്പെട്ട രോഗികൾ. മരുന്നുകളുടെ ലഭ്യതക്കുറവുകൊണ്ടാണ് ഈ ടെസ്റ്റുകൾ അവിടെ നടക്കാത്തതത്രേ.
കഴിഞ്ഞദിവസം രാത്രി വന്ന രോഗിക്ക് ഗ്ലൂക്കോസ് നൽകാൻ കാനുലയില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുന്ന സാഹചര്യമുണ്ടായി. മുറിവ് തുന്നുന്നതിനുള്ള നൂലിന്റെ ലഭ്യതക്കുറവുമൂലം പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്.
ഈ ആതുരാലയത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തി നാമകരണം ചെയ്തതല്ലാതെ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ഇതുവരെ സർക്കാർ തയാറായിട്ടില്ല. ഇ.സി.ജി, ഫാർമസി, ലാബ് സൗകര്യങ്ങൾ 24 മണിക്കൂറും പ്രവർത്തനം ആരംഭിച്ചുവെങ്കിലും ഞായറാഴ്ച ഈ സേവനങ്ങളില്ലാത്തതുകൊണ്ട് ജനം പ്രയാസപ്പെടുകയാണ്.
രണ്ടു വർഷത്തോളമായി ആംബുലൻസ് സർവിസ് നടത്തുന്നില്ല. വേണ്ട സ്റ്റാഫ് നിയമനങ്ങൾ നടത്താനോ ഓർത്തോ വിഭാഗം ഡോക്ടറെ നിയമിക്കാനോ മൈനർ ഓപറേഷൻ തിയറ്റർ ഒരുക്കാനോ സാധിച്ചിട്ടില്ല.
നിത്യേന നൂറുകണക്കിന് പാവപ്പെട്ട രോഗികൾ എത്തുന്ന ആശുപത്രിയിൽ ചികിത്സ നൽകാൻ ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും വാങ്ങാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.
ആർ.കെ. മുഹമ്മദ്, സി.കെ. ഹാഫിസ്, ആർ.എം. നിഷാദ്, സഈദ് അയനിക്കൽ, ഷക്കീർ ഏരത്തുമുക്ക്, ഷംസുദ്ദീൻ മരുതേരി, നിയാസ് കക്കാട്, നജീബ് അരീക്കൽ, ഷബീർ ചാലിൽ, യാസർ കക്കാട്, കെ.പി. റഫീഖ്, ആസിഫ് എടവരാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.