പേരാമ്പ്ര നഗരത്തിലെ നവീകരണ പ്രവൃത്തികള്‍ അശാസ്ത്രീയമെന്ന്
text_fieldsപേരാമ്പ്ര: നഗരസൗന്ദര്യവത്കരണത്തിെൻറ ഭാഗമായി പേരാമ്പ്ര നഗരത്തില്‍ നടക്കുന്ന നവീകരണ പ്രവൃത്തികള്‍ അശാസ്ത്രീയമെന്ന് ആക്ഷേപം. നിലവിലുള്ള ഓവുചാൽ നവീകരിക്കാതെയും ഓടയില്‍ അടിഞ്ഞ മണ്ണും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യാതെയുമാണ് നടപ്പാതയുടെ കൈവരികള്‍ സ്ഥാപിക്കുന്നതെന്ന ആരോപണമുണ്ട്.
ടൗണിലെ വെള്ളം ഒഴിവാക്കണമെങ്കില്‍ ഓവുചാലിെൻറ ആഴം കൂട്ടണം. ഇത് ചെയ്യുന്നില്ലെന്നാണ് പരാതി. നിലവിലെ ഓവുചാലുകളിലെ കാലപ്പഴക്കം ചെന്ന സ്ലാബുകൾ മാറ്റാതെ സിമൻറ് കട്ട പതിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പറയുന്നു.
നിലവിലുള്ള സ്ലാബുകള്‍ ചേര്‍ത്ത് വശങ്ങളില് കോണ്‍ക്രീറ്റ് ചെയ്യുന്നതോടെ സ്ലാബ് മാറ്റി ഓവുചാൽ വൃത്തിയാക്കാന്‍ കഴിയാതെവരുമെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.
കല്ലോട് മുതല്‍ മാര്‍ക്കറ്റ് വരെയും ചെമ്പ്ര റോഡ് ജങ്ഷന് മുതല്‍ കക്കാട് വരെയും വടകര റോഡിലും ഓവുചാല്‍ പുതുക്കി നിര്‍മിച്ചെങ്കിലും ബസ് സ്റ്റാൻഡ് പരിസരത്ത് ഇതൊന്നും നടത്തുന്നില്ലെന്നാണ് പരാതി. ഓവുചാല്‍ പുതുക്കിപ്പണിത് മഴവെള്ളം ഒഴുകിപ്പോവുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും ഓട്ടോ, ടാക്സി തൊഴിലാളികളും ആവശ്യപ്പെടുന്നു.
പേരാമ്പ്ര ടൗണിലും കക്കാട് മുതല്‍ കല്ലോട് വരെയുള്ള ഭാഗങ്ങളിലുമാണ് എം.എല്‍.എ ഫണ്ടില്‍നിന്ന് നാലര കോടി രൂപ ചെലവഴിച്ച് നഗരസൗന്ദര്യവത്കരണ പ്രവൃത്തികള്‍ നടക്കുന്നത്. ബസ്സ്റ്റാൻഡിനു മുന്‍വശത്തും വടകര റോഡ് കവലക്ക് സമീപവും മാര്‍ക്കറ്റിന് സമീപവും റോഡ് മുഴുവനായി കട്ടവിരിക്കുന്ന ജോലി നേരത്തെ നടന്നിരുന്നു. രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച സൗന്ദര്യവത്കരണ പ്രവൃത്തികള്‍ ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ്.
കൈവരികൾ സ്ഥാപിക്കുന്നതും തർക്കത്തിൽ
പേരാമ്പ്ര: കാൽനടക്കാർക്ക് സുരക്ഷ ഒരുക്കുന്നതിനു വേണ്ടി ടൗണിലെ നടപ്പാതകളിൽ കൈവരി സ്ഥാപിക്കുന്നതും തർക്കത്തിൽ. സമീപത്തുള്ള കടക്കാർ കൈവരി രാത്രി നശിപ്പിക്കുന്നെന്ന് കരാറുകാർക്ക് പരാതിയുണ്ട്. ഇതു സംബന്ധിച്ച് പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പി.ഡബ്ല്യു.ഡി നിർദേശപ്രകാരം രണ്ടു മീറ്റർ ഇടവിട്ടാണ് കൈവരിക്ക് പുറത്തുകടക്കാനുള്ള വിടവുള്ളത്. ചിലകടകൾക്ക് പ്രവേശിക്കാൻ തടസ്സമാണെന്ന് പറഞ്ഞാണത്രെ കൈവരികൾ തകർക്കുന്നത്. എടുത്ത പ്രവൃത്തിതന്നെ വീണ്ടും എടുക്കേണ്ട അവസ്ഥയാണെന്നും കരാറുകാർ ചൂണ്ടിക്കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.