കടുവ സഫാരി പാർക്ക്; ആശങ്ക വേണ്ടെന്ന് ഡി.എഫ്.ഒ
text_fieldsപേരാമ്പ്ര: കടുവ സഫാരി പാർക്ക് ചക്കിട്ടപാറ പഞ്ചായത്തിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ ആശങ്കകൾ പങ്കുവെച്ച് രാഷ്ട്രീയ പാർട്ടികൾ. ഇതിന്റെ നിയമാവലിയും വ്യവസ്ഥകളും വ്യക്തമാക്കാൻ അധികൃതർ തയാറാകണമെന്ന് നിർദേശമുയർന്നു. ഡി.എഫ്.ഒ സി. അബ്ദുൽ ലത്തീഫ് വിഷയം വിശദീകരിച്ചു. കടുവ സഫാരി പാർക്ക് സംരക്ഷിത പ്രദേശമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അഞ്ചു മീറ്റർ ഉയരത്തിൽ ചുറ്റുമതിൽ സ്ഥാപിച്ച് അതിനുള്ളിലാണ് കടുവകളെ പാർപ്പിക്കുക. മിനിമം 40 ഹെക്ടർ സ്ഥലമാണ് ഇതിനു വേണ്ടത്. പെരുമണ്ണാമൂഴിയിൽ സഫാരി പാർക്ക് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ല. നിർദേശിക്കപ്പെട്ട സ്ഥലങ്ങളുടെ പ്രാഥമിക പരിശോധന മാത്രമാണ് നടന്നത്.
നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ഉൾപ്പെടെയുള്ള മേൽഘടക സംവിധാനങ്ങളുടെ പരിശോധനകൾ കഴിഞ്ഞ് അനുകൂല തീരുമാനമുണ്ടായാൽ മാത്രമേ സഫാരി പാർക്കിന്റെ അന്തിമ രൂപം കൈവരുകയുള്ളൂ. മൃഗശാലകളുടെ മറ്റൊരു പതിപ്പ് മാത്രമാണ് കടുവ സഫാരി പാർക്ക്.
ടൂറിസം വികസനമാണ് പ്രധാന ലക്ഷ്യം. പ്രവേശന ഫീസ് ഏർപ്പെടുത്തി കവചിത വാഹനങ്ങളിൽ സന്ദർശകരെ പാർക്കിനുള്ളിൽ യാത്രചെയ്യിച്ച് കടുവകളെ കാണാനുള്ള അവസരമൊരുക്കുന്ന പദ്ധതിയാണിത്. ബഫർസോൺ പോലുള്ള നിയമപ്രശ്നങ്ങൾ ഇതിൽ ഉണ്ടാവുകയില്ല.
ഇതിന്റെ നടത്തിപ്പ് പൂർണമായും സംസ്ഥാന വനം-വന്യജീവി വകുപ്പിനാണ്. അതേസമയം, യോഗത്തിൽ സംബന്ധിച്ച ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചില നിബന്ധനകൾ മുന്നോട്ടുവെച്ചു. വനാതിർത്തി മേഖലയിൽ നിലവിൽ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വന്യമൃഗശല്യത്തിന് അറുതിവരുത്തണം.
വനംവകുപ്പിന്റെ എതിർപ്പ് കാരണം തടസ്സപ്പെട്ടിരിക്കുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ ബദൽ റോഡ് പൂർത്തിയാക്കണം. കക്കയം പെരുവണ്ണാമൂഴി റോഡും ഫലപ്രാപ്തിയിലെത്തിക്കണം. ഈ പ്രശ്നങ്ങളിൽ സർക്കാർ നയത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുമെന്ന് ഡി.എഫ്.ഒ പറഞ്ഞു. വന്യമൃഗശല്യം പരിഹരിക്കുന്നതിന് 18 കിലോമീറ്റർ ദൈർഘ്യത്തിൽ സോളാർ ഹാങ്ങിങ് വൈദ്യുതിവേലി നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. മലയോര ഹൈവേയുടെ റൂട്ട് മരുതോങ്കരയിൽനിന്ന് ചെമ്പനോട വഴിയാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. വയനാട് ബദൽ റോഡ് വിഷയത്തിൽ പ്രവർത്തനം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.
വ്യത്യസ്ത കമ്മിറ്റികൾ ഏകോപിപ്പിച്ച് ഒരു കമ്മിറ്റിയായി പ്രവർത്തിക്കാനുള്ള വേദിയൊരുക്കും. ഇതിനായി അടുത്തമാസം 17ന് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായ കൺവെൻഷൻ ചേരും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു, ജെയിംസ് മാത്യു, ബാബു പുതുപ്പറമ്പിൽ, രാജീവ് തോമസ്, ആവള ഹമീദ്, ബേബി കാപ്പുകാട്ടിൽ, പി.എം. ജോസഫ്, ബോസ് താതകുന്നേൽ.
ബിജു ചെറുവത്തൂർ, പി.സി. സുരാജൻ, രാജൻ വർക്കി, കെ.എ. ജോസുകുട്ടി, ജിതേഷ് മുതുകാട്, പി. വാസു, എ.ജി. ഭാസ്കരൻ, ബിന്ദുവത്സൻ, ഇ.എം. ശ്രീജിത്ത്, റെജി കോച്ചേരി, അമ്മത് പെരിഞ്ചേരി, ആലീസ് പുതിയേടത്ത്, ബിന്ദു സജി, വിനിഷ ദിനേശ്, വിനീത മനോജ് എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് സ്വാഗതവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. ശശി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.