ജനവാസ മേഖലയിൽ ടവർ നിർമാണം; നാട്ടുകാരും പൊലീസും തമ്മിൽ സംഘർഷം
text_fieldsചാലിക്കരയിൽ മൊബൈൽ ടവർ നിർമാണം തടയാനെത്തിയവർ
പേരാമ്പ്ര: നൊച്ചാട് ഗ്രാമ പഞ്ചായത്ത് ചാലിക്കരയിലെ ജനവാസ മേഖലയിൽ മൊബൈൽ ടവർ നിർമാണം തടഞ്ഞ നാട്ടുകാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പൊലീസുകാർക്ക് ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. പേരാമ്പ്ര സി.ഐ. ജംഷിദ്, വനിത സി.പി.ഒ ബിനില, നാട്ടുകാരായ സി. രവീന്ദ്രൻ, ചാലിൽ ശരത്ത് എന്നിവർക്കാണ് പരിക്കേറ്റത്.
എട്ടാം വാർഡ് ചാലിക്കര കായൽമുക്കിൽ ചാലിൽ 15 ഓളം കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന സ്ഥലത്താണ് ഒരു വ്യക്തി സ്വകാര്യ കമ്പനിക്ക് മൊബൈൽ ടവർ സ്ഥാപിക്കാൻ സ്ഥലം പാട്ടത്തിന് നൽകിയത്. രണ്ടു തവണ ടവർ നിർമാണത്തിനെത്തിയപ്പോഴും നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് തടഞ്ഞു. എന്നാൽ, ചൊവ്വാഴ്ച കമ്പനി പൊലിസ് അകമ്പടിയോടെയാണ് ടവർ നിർമാണ പ്രവൃത്തിക്കെത്തിയത്. സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ നിർമാണം തടഞ്ഞതോടെ പൊലിസ് ബലപ്രയോഗത്തിലൂടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ടവർ നിർമാണം തടയാൻ ആത്മഹത്യാഭീഷണി മുഴക്കിയ ആളെ പൊലീസ് കീഴ്പ്പെടുത്തുന്നു
എന്നാൽ, പൊലീസിനെ ഞെട്ടിച്ചു കൊണ്ട് ചാലിൽ രവീന്ദ്രൻ തന്റെ കൈവശം കരുതിയ പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴങ്ങി. പിറകിലൂടെയെത്തിയ സി.ഐ ജംഷിദ് പെട്രോൾ കുപ്പി തട്ടിത്തെറിപ്പിച്ച് രവീന്ദ്രനെ കീഴടക്കി. പെട്രോൾ സി.ഐയുടെ കണ്ണിലേക്കു തെറിച്ചാണ് പരിക്കേറ്റത്. സ്ത്രീകളെ ബലമായി അറസ്റ്റ് ചെയുമ്പോഴാണ് വനിത സി.പി.ഒക്ക് പരിക്കേറ്റത്. പൊലീസ് മർദിച്ചതായി സമരക്കാർ ആരോപിച്ചു.
സമരക്കാരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതിനു ശേഷം ടവർ നിർമാണ പ്രവൃത്തി തുടർന്നു. വൈകീട്ട് മൂന്നു മണിയോടെയാണ് 12ഓളം വരുന്ന സമരക്കാരെ പേരാമ്പ്ര സ്റ്റേഷനിൽ നിന്നും വിട്ടയച്ചത്. ടവർ നിർമാണം തുടരാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച പ്രതിഷേധക്കാർ ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും മുൻഗണന നൽകാൻ അധികൃതർ തയാറാവണമെന്നു ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.