അവർ കൂടെയുണ്ട്, ഖബറിടം വരെ
text_fieldsപേരാമ്പ്ര: കോവിഡ് ബാധിച്ച് മരിച്ചവരുടെ ഖബറടക്കം നടത്തി മാതൃകയാവുകയാണ് പേരാമ്പ്ര മണ്ഡലം വൈറ്റ് ഗാർഡ്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് തുടങ്ങിയ സേവനം ഇപ്പോഴും തുടരുകയാണ്. ഏത് പാതിരാത്രിയിലാണെങ്കിലും എല്ലാ കർമങ്ങളും നിർവഹിച്ചാണ് ഇവർ ഖബറടക്കം നടത്തുന്നത്.
മണ്ണുമാന്തി യന്ത്രമുപയോഗിച്ച് എട്ടടിയും പന്ത്രണ്ട് അടിയും ആഴത്തിൽ മണ്ണെടുത്ത് പടവ് പണി ചെയ്ത് ആംബുലൻസുകളിൽനിന്ന് മൃതദേഹങ്ങൾ ഖബറിലേക്കിറക്കി മൂടുകല്ലുവെച്ച് മണ്ണിട്ടുമൂടി ഖബറും പരിസരവും അണുനശീകരണം നടത്തി മയ്യിത്ത് നമസ്കാരവും നിർവഹിച്ചാണ് ഇവർ മടങ്ങുന്നത്. ബന്ധുക്കൾപോലും ദൂരെ മാറിനിന്ന് നിസ്സഹായതയോടെ കാഴ്ചക്കാരാവേണ്ടിവരുമ്പോൾ എല്ലാ അനുഷ്ഠാനങ്ങളും ഇവർ പൂർത്തീകരിക്കുന്നു.
കഴിഞ്ഞ ദിവസം കൂത്താളി കല്ലൂരിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ ഖബറടക്കം കല്ലൂർ ബിലാൽ മസ്ജിദിൽ രാത്രി ഏറെ വൈകി മറവ് ചെയ്ത് കഴിയുമ്പോൾ അത്താഴത്തിനുള്ള സമയത്തോടടുത്തിരുന്നു.
നേരം പുലരുംമുമ്പേ ഇവരെ തേടി അടുത്ത വിളിയും വന്നു. പേരാമ്പ്ര മണ്ഡലത്തിൽ എവിടെ കോവിഡ് മരണം റിപ്പോർട്ട് ചെയ്താലും ഒരു മടിയും കാണിക്കാതെ ത്യാഗപൂർണമായ ഉത്തരവാദിത്തം നിർവഹിക്കാൻ ഇവർ മുന്നിലുണ്ട്. അണുനശീകരണം, മരുന്ന്, ഭക്ഷണ സാധനം എത്തിക്കൽ, ആശുപത്രി സേവനം എന്നിവയും വൈറ്റ് ഗാർഡ് ഏറ്റെടുത്ത് നടത്തുന്നുണ്ട്. മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം വൈറ്റ് ഗാർഡ് കോഓഡിനേറ്റർ കെ.കെ. റഫീഖിൻെറ നേതൃത്വത്തിൽ സഈദ് അയനിക്കൽ, നൗഷാദ് കല്ലൂർ, വി.പി. നിസാർ ചങ്ങരോത്ത്, അമീർ പറവൂർ, ദിൽഷാദ് പന്തിരിക്കര, ഫാസിൽ പുന്നാറത്ത്, ഫായിസ് കൂത്താളി, അൻസിൽ ആമിയാസ്, അബ്സ്വർ കീഴരിയൂർ, ടി.എം. റിഫാദ്, അൻസിൽ പുതിയെടുത്ത്, റിതാജ് എരോത്ത്, കെ.ടി. ഫവാസ് എന്നിവരാണ് സേവനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.