കാട്ടുമൃഗശല്യത്തില്‍ പൊറുതിമുട്ടി കല്ലൂർ
text_fieldsപേരാമ്പ്ര: കാട്ടുമൃഗശല്യത്തില്‍ പൊറുതിമുട്ടിയിരിക്കയാണ് കല്ലൂര്‍ നിവാസികള്‍. ഇവിടെ കൃഷിയിടങ്ങളാകെ കാട്ടുപന്നികളും മുള്ളന്‍പന്നികളും വിഹരിക്കുകയാണ്. കല്ലൂരിലെ കെ.കെ മുക്ക്, കല്ലൂര്‍കാവ്, ദാരയില്‍ താഴ ഭാഗങ്ങളിലാണ് കൃഷിനാശമുണ്ടായത്. പ്രധാനമായും കപ്പ, വാഴ, ചേന, ചേമ്പ്, കവുങ്ങിന് തൈകള്‍, തെങ്ങിന് തൈകള്‍, ചെറുകിഴങ്ങ് തുടങ്ങിയവയാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മൂന്നുനാല് മാസമായി കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയിട്ട്.
തെങ്ങിന്ചുവടുകളെല്ലാം ഉഴുതുമറിച്ച നിലയിലാണ്. ദാരയില്‍ താഴവയലില്‍ കൂടക്കല്‍ അമ്മദിന്റെ മൂന്നുമാസം പ്രായമായ 50ഓളം നേന്ത്രവാഴകളും കവുങ്ങിന് തൈകളും വീട്ടുവളപ്പിലെ ചേമ്പ് കൃഷി പൂര്‍ണമായും പന്നികള്‍ നശിപ്പിച്ചു. വടക്കയില്‍ ബാലന് നായര്‍ ദാരയില്‍ താഴവയലില്‍ നട്ട 75 വാഴക്കന്നുകളില്‍ 72 എണ്ണവും നശിപ്പിക്കപ്പെട്ടു. ചെറുപീടികയില് ജാനുവമ്മയുടെ വീട്ടുപറമ്പില്‍ കൃഷിചെയ്ത കപ്പ, ചെറുകിഴങ്ങ്, ചേന, ചേമ്പ്, കൂവ്വ എന്നിവ പല ദിവസങ്ങളിലായി കാട്ടുപന്നികള്‍ നശിപ്പിച്ചു.
കെ.കെ മുക്കിലെ പുല്ലരിക്കണ്ടി പി.കെ. കൃഷ്ണദാസ്, കറുത്ത കുളങ്ങര കുഞ്ഞിക്കണ്ണന് എന്നിവരുടെ പറമ്പിലെ കപ്പ, ചേമ്പ് തുടങ്ങിയവയും ചാലില്‍ മീത്തല്‍ ദാമോദരന്‍ നായരുടെ തെങ്ങിന് തൈകളും കൂടക്കല്‍ രാജന്റെ കപ്പക്കൃഷിയും, കല്ലൂര്‍ കാവിന് സമീപം നടുക്കണ്ടി, ബാലക്കുറുപ്പ്, നടുക്കണ്ടി ശ്രീധരക്കുറുപ്പ്, കല്ലൂര്‍ മഠത്തില്‍ മോഹനന് സാമി, പുത്തൂര്‍ സരോജിനി തുടങ്ങിയവരുടെ കപ്പ, ചേമ്പ് തുടങ്ങിയ ഇടവിള കൃഷികളും നശിപ്പിക്കപ്പെട്ടു.
കാട്ടുപന്നികളുടെയും മുള്ളന്‍പന്നികളുടെയും ശല്യത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ ആവശ്യമായ നടപടികളും കൃഷിനാശത്തിന് നഷ്ടപരിഹാരവും ലഭ്യമാക്കാന്‍ വനം, കൃഷി വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് കൃഷിനാശവുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ യോഗങ്ങള്‍ ചേര്‍ന്ന് തുടര്‍നടപടികളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.