കൂടത്തായി പാലത്തിനു സമീപം സ്ഥിരം അപകട മേഖല; പരിഹാരം കാണാതെ അധികൃതർ
text_fieldsകൂടത്തായി: റോഡിനു സമീപം ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും എടുക്കാത്തതിനാൽ കൂടത്തായി പാലത്തിന് സമീപം അപകട മേഖലയായി. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ കൂടത്തായി പാലത്തിനും അമ്പലമുക്ക് അങ്ങാടിക്കും ഇടയിലുള്ള വളവിലാണ് ഒരു ഭാഗത്ത് കാൽനടക്കാർക്ക് പോകാൻ വഴിയില്ലാത്തത്.
വളവുള്ള ഈ ഭാഗത്ത് വലിയ മതിലാണ്. വളവായതിനാൽ ബസുകളും മറ്റു വാഹനങ്ങളും റോഡിന്റെ അരികു ചേർന്നാണ് പോകാറ്. രണ്ടു ഭാഗത്തുനിന്നും ബസുകൾ വന്നാൽ കാൽനടക്കാർക്ക് കയറിനിൽക്കാൻപോലും ഇടമില്ലാതാവും. ഇത് കാരണം നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്.
ഒന്നര വർഷത്തിനിടെ രണ്ടു പേരുടെ ജീവൻ അപകടങ്ങളിൽ പൊലിഞ്ഞു. ഈ ഭാഗത്ത് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും റോഡ് വീതികൂട്ടിയിട്ടില്ല. അഴുക്കുചാൽ നിർമാണവും ഇവിടംവരെ എത്തി നിർത്തിയിരിക്കുകയാണ്.
ഏകദേശം 15 മീറ്ററോളം നീളത്തിലുള്ളതാണ് ഇവിടത്തെ മതിൽ. ഇവിടെ ഒരു മീറ്റർ മുതൽ മൂന്നു മീറ്റർ വരെ സർക്കാർ സ്ഥലം ഉണ്ടെങ്കിലും എടുക്കാത്തതാണ് അപകടങ്ങൾക്ക് കാരണം.
അഴുക്കുചാൽ ഇല്ലാത്തതിനാൽ മഴവെള്ളം പോകാനും വഴിയില്ല. റോഡിലേക്ക് വീതികൂട്ടിഅഴുക്കുചാലും അതിനുമേൽ നടപ്പാത നിർമിക്കുകയും ചെയ്താലേ ഇവിടത്തെ അപകടഭീതിക്ക് പരിഹാരമാവുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.