ലൈഫ് പദ്ധതി: 26.28 കോടിയുടെ വീടുകൾക്ക് അനുമതി
text_fieldsകോഴിക്കോട്: ലൈഫ് പദ്ധതിയുടെ 26.28 കോടി രൂപക്കുള്ള 657 ഗുണഭോക്താക്കളുടെ അപേക്ഷക്ക് മേയർ ഡോ. ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭ കൗൺസിൽ അംഗീകാരം നൽകി.
ലൈഫ് പദ്ധതിയുടെ രണ്ടാംഘട്ട കരട് അർഹത ലിസ്റ്റിൽനിന്ന് തിരഞ്ഞെടുത്ത ഗുണഭോക്താക്കളാണിത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയതില്‍ 1195 പേരെ തിരഞ്ഞെടുത്തതിൽനിന്നാണ് 657 പേരെ കണ്ടെത്തിയത്. പദ്ധതിയുടെ മാനദണ്ഡപ്രകാരം അഞ്ച് സെന്‍റിന് താഴെ ഭൂമിയുള്ളവരും മൂന്നു വർഷമായി നഗരസഭയിൽ താമസമുള്ളവരും മറ്റൊരിടത്തും വാസയോഗ്യമായ സ്ഥലം ഇല്ലാത്തവരുമാണ് പദ്ധതിയിൽ ഇടംനേടിയത്.
എന്നാൽ, അഞ്ച് സെന്‍റിൽ കൂടുതൽ ഭൂമിയുള്ളവർ, നഗരസഭക്ക് പുറത്ത് മറ്റ് പഞ്ചായത്തുകളിലും നഗരസഭകളിലും ഭൂമിയുള്ളവർ, നേരത്തെ ഒന്നു മുതൽ ഒമ്പതു വരെയുള്ള ലിസ്റ്റിൽ ഉൾപ്പെട്ടവർ എന്നിവരെ പുതിയ ലിസ്റ്റിൽ പെടുത്തിയിട്ടില്ല.
മറ്റു നഗരസഭയിൽ ഭൂമിയുള്ളവരുടെ കരട് ലിസ്റ്റ് നഗരസഭ അംഗീകരിച്ചുകഴിഞ്ഞാൽ ഗുണഭോക്താവിന്‍റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ സ്ഥലം കണ്ടെത്തിയ നഗരസഭയിലേക്കോ പഞ്ചായത്തിലേക്കോ മാറ്റിനൽകും. ലൈഫ് പദ്ധതിയിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് ഭൂമിയുള്ള ഭവനരഹിതരുടെയും ഭൂരഹിത-ഭവന രഹിതരുടെയും കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർഹതയുണ്ടായിട്ടും ലിസ്റ്റിൽ പെട്ടില്ലെങ്കിൽ നഗരസഭ സെക്രട്ടറിക്ക് അപേക്ഷ നൽകാം.
അതിൻമേൽ ജില്ല കലക്ടർക്ക് അപ്പീൽ സമർപ്പിക്കാനും അവസരമുണ്ട്. മാർച്ച് 22ന് ശേഷമേ അന്തിമ ലിസ്റ്റ് വരുകയുള്ളൂ. ലൈഫ് പദ്ധതിയില്‍ നഗരത്തിൽ 1710 പേർക്ക് വീടുപണി പൂര്‍ത്തിയാക്കി. എട്ട് ഘട്ടങ്ങളിലായി 3189 പേരാണ് അര്‍ഹരായത്. അതില്‍ 3053 പേർക്കുള്ള ഒന്നാം ഗഡു നല്‍കി വീട് നിര്‍മാണം തുടങ്ങി. തറ നിർമാണം പൂര്‍ത്തിയാക്കിയ 2868 പേര്‍ക്ക് രണ്ടാം ഗഡുവും മേല്‍ക്കൂര നിർമാണവും കഴിഞ്ഞ 2554 പേര്‍ക്ക് മൂന്നാം ഗഡുവും നല്‍കിക്കഴിഞ്ഞു.
127.6 കോടി രൂപയാണ് മൊത്തം പദ്ധതി തുക. കേന്ദ്ര, സംസ്ഥാന വിഹിതമായി 28.35 കോടി രൂപയും നഗരസഭ വിഹിതമായി 5432 കോടിയുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.