അനധികൃത കെട്ടിടങ്ങൾക്ക് അനുമതി; തദ്ദേശവകുപ്പ് അന്വേഷണം പൂർത്തിയായി
text_fieldsകോഴിക്കോട്: ജീവനക്കാരുടെ പാസ്വേഡടക്കം ലോഗിൻ വിവരങ്ങൾ ദുരുപയോഗപ്പെടുത്തി അനധികൃതമായി കെട്ടിടങ്ങൾക്ക് അനുമതി നൽകിയതായി കണ്ടെത്തിയ സംഭവത്തിൽ തദ്ദേശ വകുപ്പിന്‍റെ അന്വേഷണം പൂർത്തിയായി. റിപ്പോർട്ട് തിങ്കളാഴ്ച വൈകീട്ട് തദ്ദേശവകുപ്പ് (നഗരകാര്യം) ഡയറക്ടർക്ക് നൽകും. ഉത്തരമേഖല ജോയന്‍റ് ഡയറക്ടര്‍ ഡി. സാജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം 21 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇവരുമായി ബന്ധപ്പെട്ട ഫയലുകളും സംഘം പരിശോധിച്ചു. തദ്ദേശവകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന. കോര്‍പറേഷന്‍ സെക്രട്ടറി, സസ്‌പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥർ എന്നിവരും മൊഴിയെടുത്തവരിൽപെടുന്നു. സസ്പെൻഷനിലായ നാല് ഉദ്യോഗസ്ഥരുടെയും മൊഴിയും രേഖപ്പെടുത്തി. ലോഗിൻ പാസ്വേഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നും അത് ഏത് സാഹചര്യത്തിലാണെന്നും എപ്രകാരമാണ് ഉണ്ടായതെന്നും മറ്റുമുള്ള കാര്യത്തിൽ പ്രാഥമിക പരിശോധനയാണ് നടന്നത്.
സെക്രട്ടറിയെ മാറ്റാൻ കത്ത് നൽകി
കോർപറേഷൻ സെക്രട്ടറിയെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് റീജനൽ ജോയൻറ് ഡയറക്ടർക്ക് യു.ഡി.എഫ് കൗൺസിൽ പാർട്ടി കത്ത് നൽകി. യു.ഡി.എഫ് കൗൺസിലർമാരുടെ യോഗതീരുമാന പ്രകാരമാണിത്.
കോർപറേഷൻ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച കൗൺസിലിൽ
തദ്ദേശ വകുപ്പ് അന്വേഷണത്തിന് സമാന്തരമായി നടക്കുന്ന കോർപറേഷൻ ആഭ്യന്തര അന്വേഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് ചൊവ്വാഴ്ച ചേരുന്ന നഗരസഭ കൗൺസിലിന്‍റെ പരിഗണനക്ക് വരും. ചൊവ്വാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ നാലു ജീവനക്കാരുടെ സസ്പെൻഷൻ അടക്കമുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് പരിഗണിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ് ശനിയാഴ്ച മേയർ ഭവനിൽ വിളിച്ചുചേർത്ത ജീവനക്കാരുടെ യോഗത്തിൽ ഉറപ്പുനൽകി.
ജീവനക്കാരുടെ സമരം ബുധനാഴ്ചത്തേക്ക് മാറ്റി
ജീവനക്കാരുടെ സസ്പെൻഷൻ കാര്യം അടക്കം ഉൾക്കൊള്ളുന്ന റിപ്പോർട്ട് ചൊവ്വാഴ്ച കൗൺസിൽ യോഗത്തിൽ പരിഗണിക്കുമെന്ന് മേയർ ഉറപ്പുനൽകിയതിന്‍റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച മുതൽ ജീവനക്കാർ നടത്താനിരുന്ന അനിശ്ചിതകാല ധർണ ബുധനാഴ്ചത്തേക്ക് മാറ്റി. കൗൺസിൽ യോഗത്തിൽ അനുകൂല തീരുമാനമില്ലെങ്കിലാണ് ബുധനാഴ്ച സമരം ശക്തമാക്കുകയെന്ന് സംയുക്ത സമരസമിതി അറിയിച്ചു.
ഇൻഫർമേഷൻ കേരള മിഷൻ വിവരങ്ങൾക്ക് കാത്ത് പൊലീസ്
തദ്ദേശ വകുപ്പിന്റെയും കോർപറേഷന്‍റെയും അന്വേഷണത്തിന് പുറമെ പൊലീസ് അന്വേഷണവും ഇൻഫർമേഷൻ കേരള മിഷന്‍റെ അന്വേഷണവും നടക്കുന്നുണ്ട്. ഇൻഫർമേഷൻ കേരള മിഷനിൽനിന്ന് വിവരങ്ങൾ തേടി പൊലീസ് അന്വേഷണ സംഘം കത്ത് നൽകിയിരുന്നു. വിവരങ്ങൾ ലഭിച്ചിട്ടില്ല.
മേയർ എത്തിയില്ല: ഒളിച്ചോട്ടമെന്ന് യു.ഡി.എഫ്
മേയർ ഡോ. ബീന ഫിലിപ്പിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ യു.ഡി.എഫ് കൗൺസിലർമാർ തീരുമാനിച്ചെങ്കിലും മേയർ ഓഫിസിൽ എത്താത്തതിനാൽ നടന്നില്ല. സംഘടിത സമരവും ജീവനക്കാരുടെ പ്രക്ഷോഭവും ഭയന്ന് മേയറും ചെയർമാൻമാരും ഓഫിസിൽ എത്താതെ ഒളിച്ചോടിയെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. ഒരാഴ്ചയായി കോർപറേഷനിൽ ഭരണസ്തംഭനമാണെന്നും യു.ഡി.എഫ് കൗൺസിൽ പാർട്ടി കുറ്റപ്പെടുത്തി.
ഓഫിസ് നിശ്ചലമാണ്. ജീവനക്കാരുടെ ഭീഷണിക്കു മുന്നിൽ ഭരണകൂടം അടിയറവ് പറയുകയാണ്. ജനങ്ങൾക്ക് സേവനം നൽകാൻ ഓഫിസിൽ ബദൽ സംവിധാനം ഉണ്ടാക്കണം. അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ വെട്ടിപ്പിനെതിരെ പ്രക്ഷോഭം ശക്തമാക്കും.
കെ.സി. ശോഭിത അധ്യക്ഷത വഹിച്ചു. കെ. മൊയ്തീൻകോയ, എസ്.കെ. അബൂബക്കർ, എം.സി. സുധാമണി, ആയിശബി പാണ്ടികശാല, കെ. നിർമല, കെ.പി. രാജേഷ്, കവിത അരുൺ, അജീബ ബീവി, സാഹിദ സുലൈമാൻ, സൗഫിയ അനീഷ്, കെ. റംലത്ത്, ഓമന മധു, മനോഹരൻ മങ്ങാറിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.