അനധികൃത കെട്ടിടങ്ങൾക്ക് അനുമതി; പൊലീസ് അന്വേഷണം തുടങ്ങി, ആരോപണമുന സി.പിഎം ജില്ല നേതൃത്വത്തിലേക്ക്
text_fieldsകോഴിക്കോട്: ഉദ്യോഗസ്ഥരുടെ ലോഗിനും പാസ്വേഡും ദുരുപയോഗം ചെയ്ത് അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി സിറ്റി പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ ടൗൺ പൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. ഇന്ത്യൻ ശിക്ഷാനിയമം 468 (വഞ്ചനക്കായി വ്യാജ രേഖയുണ്ടാക്കൽ), 471 (ഡിജിറ്റൽ സംവിധാനത്തിൽ വ്യാജരേഖയുണ്ടാക്കൽ), ഐ.ടി ആക്റ്റിലെ 66 -സി, 66 -ഡി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ജീവനക്കാരിൽനിന്നടക്കം മൊഴികൾ ശേഖരിച്ചശേഷമാവും ആരെയൊക്കെ പ്രതിചേർക്കണം എന്ന് തീരുമാനിക്കുക.
കോർപറേഷന്റെ ബേപ്പൂർ മേഖല ഓഫിസിലെ ലാപ്ടോപ്പിൽനിന്നാണ് ലോഗിനും പാസ്വേഡുമുപയോഗിച്ച് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകുകയും ഡിജിറ്റൽ ഒപ്പ് നൽകി നികുതിയടക്കാൻ സൗകര്യമൊരുക്കുകയും ചെയ്തത് എന്നാണ് പരാതിയിൽ പറയുന്നത്. അതിനാൽ, കേസ് ബേപ്പൂർ പൊലീസിന് കൈമാറാനുള്ള സാധ്യതയുണ്ട്. ഈ ലാപ്ടോപ് അടക്കം പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കും. സൈബർ സെല്ലിന്റെകൂടി സഹായത്തോടെയാവും ടൗൺ അസി. കമീഷണർ പി. ബിജുരാജിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണം. മലാപ്പറമ്പ്, വലിയങ്ങാടി, മൂന്നാലിങ്ങൽ, തിരുത്തിയാട് എന്നീ വാർഡുകളിലെ അനധികൃതമെന്ന് കണ്ടെത്തിയവയടക്കം ആറ് കെട്ടിടങ്ങൾക്ക് നമ്പർ നൽകിയെന്നാണ് കോർപറേഷൻ അധികൃതർ പ്രാഥമികമായി കണ്ടെത്തിയത്. പല വാർഡുകളിലായി ആയിരത്തോളം കെട്ടിടങ്ങൾക്ക് ഇത്തരത്തിൽ അനുമതി നൽകിയെന്നും ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നുമാണ് ആരോപണം.
സംഭവം പുറത്തായതോടെ ലോഗിൻ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലടക്കം വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് മെയിൻ ഓഫിസിലെ റവന്യൂ വിഭാഗം സൂപ്രണ്ട് പി. കൃഷ്ണമൂർത്തി, റവന്യൂ ഇൻസ്പെക്ടർ എൻ.പി. മുസ്തഫ, ബേപ്പൂർ സോണൽ ഓഫിസ് സൂപ്രണ്ട് കെ.കെ. സുരേഷ്, റവന്യൂ ഓഫിസർ പി. ശ്രീനിവാസൻ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
നഗരസഭ ഉപയോഗിക്കുന്ന ഇൻഫർമേഷൻ കേരള മിഷൻ ഓൺലൈൻ സോഫ്റ്റ്വെയറായ 'സഞ്ചയ' വഴിയാണ് നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങൾക്ക് അനുമതി നൽകിയത്.
സംഭവത്തിൽ അഡീഷനൽ സെക്രട്ടറി മനോഹറിന്റെ നേതൃത്വത്തിൽ കോർപറേഷൻ ആഭ്യന്തര വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, ഭരണസമിതിയുടെ മുഖംരക്ഷിക്കാൻ ജീവനക്കാരെ ബലിയാടാക്കിയെന്നാരോപിച്ചും സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടും സി.പി.എം, കോൺഗ്രസ് അനുകൂല സംഘടനകളായ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻ, കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
'സസ്പെൻഷൻ റദ്ദാക്കും വരെ പിന്നോട്ടില്ല'
അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷൻ ജീവനക്കാർ അതിശക്ത പ്രക്ഷോഭത്തിന്. നിരപരാധികളായ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത് എന്നതിനാൽ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷനും കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയനും ചേർന്ന് സംയുക്ത സമരസമിതി രൂപവത്കരിച്ചു. അസോസിയേഷൻ യൂനിറ്റ് സെക്രട്ടറി മഹേന്ദ്രൻ ചെയർമാനും യൂനിയൻ യൂനിറ്റ് സെക്രട്ടറി ടി.കെ. ജിനേഷ് കൺവീനറുമായാണ് സംയുക്ത സമരസമിതി രൂപവത്കരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്കും കോർപറേഷൻ ഓഫിസിൽ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തും. ബുധനാഴ്ച മുഴുവൻ ജീവനക്കാരും ഉച്ചവരെ കൂട്ട അവധിയെടുത്ത് ജനറൽ ബോഡി ചേരും. ഭാവി സമരപരിപാടികൾ പ്രഖ്യാപിക്കും. കോർപറേഷന്റെ പൊതുപരിപാടികളിൽനിന്ന് പൂർണമായും ജീവനക്കാർ വിട്ടുനിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച കോർപറേഷൻ കൗൺസിലർമാർക്കുള്ള അഴക് പദ്ധതിയുടെ ക്ലാസിൽനിന്ന് ജീവനക്കാർ വിട്ടുനിന്നിരുന്നു. അതിനിടെ, സസ്പെൻഷനിലായ ബേപ്പൂർ ഓഫിസിലെ പി.വി. ശ്രീനിവാസൻ തന്റെ ഡിജിറ്റൽ ഒപ്പ് ഉപയോഗിച്ച് 2021 ജൂലൈ മുതൽ ഡിസംബർ വരെ മെയിൻ ഓഫിസിന്റെ പരിധിയിലുള്ള 236 വസ്തുനികുതി നിർണയം നടത്തിയെന്നും കാട്ടി സെക്രട്ടറിക്ക് നൽകിയ പരാതിയുടെ പകർപ്പ് പുറത്തുവന്നു. പരാതി ലഭിച്ചിട്ടും സെക്രട്ടറി അന്വേഷണം നടത്തിയില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
ആരോപണമുന സി.പിഎം ജില്ല നേതൃത്വത്തിലേക്ക്
കോർപറേഷൻ ഉദ്യോഗസ്ഥരുടെ ലോഗിനും പാസ്വേഡും ദുരുപയോഗംചെയ്ത് നഗരത്തിലെ അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയ സംഭവത്തിൽ ആരോപണങ്ങളുടെ കുന്തമുന ഉയരുന്നത് സി.പി.എം ജില്ല നേതൃത്വത്തിലേക്കും. നേരേത്ത നഗരസഭയിൽ നടന്ന വിവിധ അഴിമതികളിലും പാർട്ടി നേതാക്കൾക്കെതിരെ ആരോപണമുയർന്നിരുന്നെങ്കിലും പ്രതിപക്ഷമായ യു.ഡി.എഫും ബി.ജെ.പിയുമായിരുന്നു വിമർശനങ്ങൾ ഉന്നയിച്ചത്. എന്നാൽ, ഇപ്പോഴത്തെ സംഭവങ്ങൾ പാർട്ടി നേതൃത്വം അറിഞ്ഞാണെന്നാണ് ജീവനക്കാരിൽ ചിലർവരെ അടക്കംപറയുന്നത്.
ഇതിന്റെ പരസ്യവിളംബരം കൂടിയായിരുന്നു തിങ്കളാഴ്ച ജീവനക്കാർ നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ സംസാരിച്ചവരുടെ ധ്വനികൾ. ഓഫിസിൽ ബാഹ്യശക്തി ഇടപെടലും കാര്യങ്ങൾ ശരിയാക്കാനുള്ള ഏജന്റുമാരും നിരവധിയാണ്. ആ നിലക്ക് അന്വേഷണം നടത്തിയാൽ ആരൊക്കെയാണ് ക്രമക്കേടിന് കൂട്ടുനിന്നതെന്ന് വ്യക്തമാവുമെന്നും ഇവർ പറയുന്നു. മാത്രമല്ല, ഇപ്പോൾ നടപടി നേരിട്ട ഉദ്യോഗസ്ഥൻ നേരേത്ത തന്റെ ലോഗിൻ ഉപയോഗിച്ച് മുന്നൂറോളം വസ്തുനികുതി നിർണയം നടത്തിയത് ചൂണ്ടിക്കാട്ടിയിട്ടും ബന്ധപ്പെട്ടവർ അന്വേഷിക്കാത്തത് ഒത്തുകളിയുടെ ഭാഗമായാണെന്നും ആരോപണമുയർന്നിട്ടുണ്ട്.
കോർപറേഷൻ വിവിധ കാരണങ്ങളാൽ നോട്ടീസ് നൽകിയ കെട്ടിടങ്ങൾക്കടക്കം അനധികൃതമായി നമ്പർ നൽകിയതും ഡിജിറ്റൽ ഒപ്പുനൽകി നികുതിയടക്കാൻ കളമൊരുക്കിയതിനും പിന്നിൽ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നതെന്നും ജീവനക്കാർ മാത്രം ഇത്രവലിയ അഴിമതിക്ക് മുതിരില്ലെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മുമ്പില്ലാത്ത വിധം ഭരണസമിതിയുടെ പ്രതിച്ഛായ തകർത്ത അഴിമതി ആരോപണത്തിൽ ഭരണാനുകൂല സർവിസ് സംഘടനയായ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂനിയൻതന്നെ പരസ്യമായി രംഗത്തുവന്നതും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
കോർപറേഷന്റെ മുഖംരക്ഷിക്കാൻ സംഘടനയിൽ അംഗമായ ഉദ്യോഗസ്ഥരെ ബലിയാടാക്കിയതാണ് ഇവരെ കൂടുതൽ പ്രകോപിപ്പിച്ചത്. സി.പി.എം ജില്ല നേതൃത്വത്തിലെ ചിലരുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കായാണ് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതടക്കമുള്ള അഴിമതി നടന്നതെന്നാണ് കോൺഗ്രസും ബി.ജെ.പിയും ആരോപിക്കുന്നത്. വിഷയത്തിൽ സി.പി.എമ്മിന്റെ പ്രതികരണം വന്നിട്ടില്ല.
നേരത്തേ കോർപറേഷനിലെ അമൃത് പദ്ധതി, പൊതുസ്ഥലത്ത് പരസ്യബോർഡുകൾ സ്ഥാപിക്കാനും ബസ് സ്റ്റോപ്പുകൾ നിർമിക്കാനും അനുമതി നൽകൽ, രാജാജി റോഡിലെ എസ്കലേറ്റർ മേൽപാലത്തിലെ കടമുറികൾ വാടകക്ക് നൽകൽ എന്നിവയിലെല്ലാം അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു. ഭരണസമിതിക്കെതിരെ നിരന്തരം അഴിമതി ആരോപണങ്ങൾ ഉയരുന്നതിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം കൂടിയായ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിൽനിന്നും മേയർ ഡോ. ബീന ഫിലിപ്പിൽനിന്നും സി.പി.എം വിശദീകരണം തേടുമെന്നാണ് സൂചന. കോർപറേഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തേ സി.പി.എം ജില്ല സമ്മേളനത്തിൽ മേയർക്കെതിരെ വിമർശനമുയർന്നിരുന്നു.
സെക്രട്ടറിയുടെ ഭീഷണിക്ക് വഴങ്ങില്ല
അനധികൃത കെട്ടിടങ്ങൾക്ക് അനുമതിനൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി എന്നാരോപിച്ച് കോർപറേഷനിലെ ജീവനക്കാർ ഒന്നടങ്കം പ്രതിഷേധിച്ചതോടെ തിങ്കളാഴ്ച ഉച്ചവരെ ഓഫിസ് പ്രവർത്തനം സ്തംഭിച്ചു. ഭരണ-പ്രതിപക്ഷ സർവിസ് സംഘടനകൾ ഒരുമിച്ച് രംഗത്തുവന്നതോടെ കോർപറേഷൻ ഭരണസമിതിയും പ്രതിരോധത്തിലായി. എല്ലാ ജീവനക്കാരും ഒത്തുചേർന്നാണ് ഓഫിസ് മുറ്റത്ത് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്.
സസ്പെൻഡ് ചെയ്യപ്പെട്ടവരടക്കം സമരത്തിൽ പങ്കെടുത്തു. നടപടി നേരിട്ട ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയഭേദമെന്യേ പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് പ്രതിഷേധസമരം പിരിഞ്ഞത്.
ഉദ്യോഗസ്ഥരുടെ ലോഗിനും പാസ്വേഡും ചോർത്തി നടത്തിയ ക്രമക്കേടിന് പിന്നിൽ ആരാണെന്ന് സമഗ്രമായി അന്വേഷിക്കണമെന്നും ചില ജീവനക്കാരെ ബലിയാടാക്കി ഭരണസമിതി മുഖം രക്ഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ബാഹ്യശക്തികളെയും ഏജന്റുമാരെയും കണ്ടെത്തണം. സെക്രട്ടറിയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ നടപടി നേരിട്ട ജീവനക്കാർ കുടുംബസമേതം സെക്രട്ടറിയുടെ വീടിനുമുന്നിൽ കുടിൽകെട്ടി സമരം ആരംഭിക്കുമെന്നും സെക്രട്ടറി മാറിനിന്നാണ് അന്വേഷണം നടത്തേണ്ടതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
പ്രതിഷേധസമരത്തിൽ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ. ശരത്കുമാർ അധ്യക്ഷത വഹിച്ചു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി.കെ. ജിനീഷ്, സി.കെ. രജിത്ത്കുമാർ, ഷീബ, നടപടി നേരിട്ട കെ.കെ. സുരേഷ്, എൻ.പി. മുസ്തഫ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.