അനധികൃത കെട്ടിടങ്ങൾക്ക് അനുമതി: ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകാൻ എൽ.ഡി.എഫ് തീരുമാനം
text_fieldsഅനധികൃത കെട്ടിടം പൊളിച്ചുമാറ്റുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കണം
കോഴിക്കോട്: കോര്‍പറേഷനിലെ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ അന്വേഷണവുമായി മുന്നോട്ടുപോകണമെന്ന് എല്‍.ഡി.എഫ് കോര്‍പറേഷന്‍ കമ്മിറ്റി തീരുമാനിച്ചു. കോര്‍പറേഷനിലെ ലോഗിനും പാസ് വേഡും ഡിജിറ്റല്‍ സിഗ്നേച്ചറും ദുരുപയോഗം ചെയ്ത് അനധികൃതമായി കെട്ടിട നമ്പര്‍ നല്‍കിയ സംഭവത്തിൽ ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
പൊലീസില്‍ പരാതി നല്‍കി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടത് മേയറും ഭരണനേതൃത്വവുമാണ്. ഏതാനും ദിവസം മുമ്പ് ശ്രദ്ധയില്‍വന്ന ഗുരുതര ക്രമക്കേട് സംബന്ധിച്ച് നടപടികളുമായി മുന്നോട്ടുപോകണമെന്ന ഭരണ നേതൃത്വത്തിന്റെ നിലപാട് ബന്ധപ്പെട്ട ജീവനക്കാരുടെ സംഘടനകളോടും പ്രതിപക്ഷമടക്കമുള്ള എല്ലാ കക്ഷിനേതാക്കളെയും ബോധ്യപ്പെടുത്തിക്കൊണ്ടാണ്. കുറ്റക്കാരെ കണ്ടെത്താനും സമഗ്ര അന്വേഷണത്തിന് ആവശ്യമായ എല്ലാ പിന്തുണയും പ്രഖ്യാപിച്ചതാണ് കക്ഷിനേതാക്കള്‍.
ജീവനക്കാര്‍ക്കെതിരെ അന്വേഷണവിധേയമായി സ്വീകരിച്ച നടപടിക്കെതിരെ പ്രതിഷേധം സ്വാഭാവികമാണ്. എന്നാല്‍, ചില തെറ്റിദ്ധാരണകള്‍ പരത്താനും അന്വേഷണം അട്ടിമറിക്കാനുമുള്ള നീക്കം ഇത്തരം ക്രിമിനല്‍ കുറ്റത്തിന് ഗൂഢാലോചന നടത്തിയ കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണ്.
യഥാർഥ കുറ്റവാളികള്‍ ആരായാലും അവരെ വെളിച്ചത്ത് കൊണ്ടുവരാനാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ടത്. ഇത് സെക്രട്ടറിയുടെയോ ഏതെങ്കിലും ഉദ്യോഗസ്ഥരുടെയോ പ്രതികാരനടപടി എന്ന നിലയിലേക്ക് ചുരുക്കിക്കാണുന്നത് പ്രശ്നത്തെ ലഘൂകരിക്കലാണ്. ഫെബ്രുവരിയിൽ കോര്‍പറേഷന്‍ ജീവനക്കാരന്‍ സോഫ്റ്റ്വെയര്‍ വിഷയത്തിലെ തകരാറുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐ.കെ.എം ഉദ്യോഗസ്ഥരെ കോര്‍പറേഷനിലേക്ക് വിളിച്ചുവരുത്തുകയും ഉന്നത ഉദ്യോഗസ്ഥരെ മുഴുവന്‍ പങ്കെടുപ്പിച്ച് യോഗം നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി സോഫ്റ്റ് വെയറിലെ നിലവിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിന് സാധിച്ചിട്ടുണ്ടെന്ന് ഐ.കെ.എം അധികൃതര്‍തന്നെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
നിലവില്‍ ഉയര്‍ന്നുവന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 2019 മുതല്‍ ഡേറ്റ എന്‍ട്രി നടത്തിയിട്ടുള്ള പുതിയ കെട്ടിടങ്ങളുടെ വിവരങ്ങൾ കോര്‍പറേഷന്‍ പരിശോധന നടത്തിവരുകയാണ്.
അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി ലഭിക്കുന്നതിന് സഹായം നല്‍കിയവര്‍ക്കും ഗൂഢാലോചനയില്‍ പങ്കുവഹിച്ചവര്‍ക്കുമെതിരെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. അനധികൃത കെട്ടിടം പൊളിച്ചുമാറ്റുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടി സ്വീകരിക്കണം.
ജനങ്ങളുടെ ദൈനംദിന ജീവിത ആവശ്യങ്ങള്‍ക്ക് തടസ്സംവരാത്ത നിലയില്‍ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നടത്തുന്നതിന് മുഴുവന്‍ ഓഫിസ് ജീവനക്കാരും തയാറാകണമെന്നും എല്‍.ഡി.എഫ് കോര്‍പറേഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു.
യോഗത്തില്‍ മേയര്‍ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ സി.പി. മുസാഫര്‍ അഹമ്മദ്, പി.കെ. നാസര്‍, എന്‍.സി. മോയിന്‍കുട്ടി, ഒ. സദാശിവന്‍, പി. ദിവാകരന്‍, പി.സി. രാജന്‍, ഡോ. എസ്. ജയശ്രീ, തുഷാര എന്നിവര്‍ സംസാരിച്ചു.
കോർപറേഷന്‍റെ ചെറുവണ്ണൂർ ഓഫിസില്‍ പൊലീസ് പരിശോധന
കോഴിക്കോട്: യൂസർ നെയിമും പാസ്‌വേഡും ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയ സംഭവത്തില്‍ കോർപറേഷന്‍റെ ചെറുവണ്ണൂരിലെ സോണല്‍ ഓഫിസില്‍ പൊലീസ് പരിശോധന നടത്തി. കേസ് അന്വേഷിക്കുന്ന ഫറോക്ക് അസി. കമീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഈ ഓഫിസില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അനധികൃത പെര്‍മിറ്റുകള്‍ നല്‍കിയതെന്നാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് പരിശോധന.
സസ്‌പെന്‍ഷനിലായ റവന്യൂ ഓഫിസര്‍ ശ്രീനിവാസന്റെ ലാപ്‌ടോപ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇദ്ദേഹം ലാപ്‌ടോപ്പിലാണ് കെട്ടിടങ്ങൾക്ക് നമ്പർ നല്‍കിയിരുന്നത്. ഇത് സൈബര്‍ വിദഗ്ധര്‍ പരിശോധിച്ചുവരുകയാണ്. ഓഫിസിലെ കമ്പ്യൂട്ടറുകളൊന്നും പൊലീസ് പരിശോധിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുകയോ ഓഫിസില്‍ വന്ന് പരിശോധിക്കുകയോ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.