അനധികൃത കെട്ടിടങ്ങൾക്ക് അനുമതി; കോർപറേഷൻ പരിശോധിക്കും
text_fieldsകോഴിക്കോട്: ഉദ്യോഗസ്ഥരുടെ ലോഗിനും പാസ്വേഡും ദുരുപയോഗം ചെയ്ത് അനധികൃതമായി കൂടുതൽ കെട്ടിടങ്ങൾക്ക് അനുമതിനൽകിയത് വിശദമായി പരിശോധിക്കാൻ കോർപറേഷൻ തീരുമാനം.
2019ന് ശേഷം കെട്ടിടങ്ങൾക്ക് നമ്പർ നൽകിയത് അടിയന്തരമായി പരിശോധിക്കും. ഗുരുതര ലംഘനങ്ങളുടെ പേരില്‍ 2018ല്‍ പൊളിക്കാന്‍ ഉത്തരവിട്ട കെട്ടിടങ്ങള്‍പോലും ഇപ്പോൾ സുഗമമായി പ്രവര്‍ത്തിക്കുന്നതായി ആരോപണമുയർന്നിരുന്നു. കൂടുതൽ അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് സെക്രട്ടറി കെ.യു. ബിനി പറഞ്ഞു. അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
ഇതിന്റെ മുന്നോടിയായി ടൗൺ പ്ലാനിങ് വിഭാഗത്തിന്റെ അടിയന്തരയോഗം ബുധനാഴ്ച ഉച്ചക്ക് കോർപറേഷൻ ഓഫിസിൽ ചേരും. അതിന് ശേഷം സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധന നടത്താനാണ് തീരുമാനം. നമ്പറുകൾ നൽകിയതിലുള്ള അപാകതയും മറ്റുമാണ് പരിശോധിക്കുക. രണ്ടാഴ്ചക്കകം റിപ്പോർട്ട് തയാറാക്കാനാണ് തീരുമാനം. ടൗൺ പ്ലാനിങ് വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ എം.എസ്. ദിലീപിന്റെ നേതൃത്വത്തിലാണ് നടപടികളുണ്ടാവുക.
നടക്കുന്നത് മൂന്ന് അന്വേഷണങ്ങൾ
പാസ്വേഡ് ദുരുപയോഗംചെയ്ത് അനധികൃതമായി കെട്ടിടങ്ങൾക്ക് അനുമതി നൽകിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിന് പുറമെ ഇൻഫർമേഷൻ കേരള മിഷന്റെ അന്വേഷണവും ആരംഭിച്ചു. കോർപറേഷൻ ആഭ്യന്തരവിഭാഗം അന്വേഷണം അടുത്ത ദിവസം തുടങ്ങും. അഡീഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണം അഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് തീരുമാനം.
കോർപറേഷൻ ഉപയോഗിക്കുന്ന ഇൻഫർമേഷൻ കേരള മിഷന്റെ ഓൺലൈൻ സോഫ്റ്റ് വെയറായ 'സഞ്ചയ' വഴി റവന്യൂ ഉദ്യോഗസ്ഥരാണ് ഇ-ഫയലുകളിൽ തീർപ്പാക്കുന്നത്. ഏതെല്ലാം വിധമാണ് ക്രമക്കേട് നടന്നതെന്നാണ് ഇവരുടെ പരിശോധന. ആറ് കെട്ടിടങ്ങൾക്ക് അനധികൃതമായി അനുമതി നൽകിയെന്നാണ് കണ്ടെത്തിയത്. ആറ് കെട്ടിടങ്ങൾക്ക് അനധികൃതമായി അനുമതി നൽകിയെന്നാണ് പ്രാഥമികാന്വേഷണത്തിൽ കോർപറേഷൻ കണ്ടെത്തിയത്. ഇതിന്റെയടിസ്ഥാനത്തിലാണ് നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.
പൊലീസ് സെക്രട്ടറിയുടെ മൊഴിയെടുത്തു
കേസന്വേഷിക്കുന്ന ഫറോക്ക് അസി. പൊലീസ് കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോർപറേഷൻ ഓഫിസിലെത്തി സെക്രട്ടറി കെ.യു. ബിനിയുടെയും രണ്ട് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. പരാതിക്കാരി എന്ന നിലയിലാണ് സെക്രട്ടറിയുടെ മൊഴിയെടുത്തത്.
ക്രമക്കേട് നടത്തിയത് വ്യക്തമായെങ്കിലും ആരാണ് എന്ന് കണ്ടെത്തുകയാണ് മുഖ്യം. എ.സി.പിയെ കൂടാതെ നാല് പേർകൂടി അടങ്ങുന്നതാണ് അന്വേഷണസംഘം. ബേപ്പൂർ സി.ഐ സിജിത്, സൈബർ സെല്ലിലെ രണ്ട് ഉദ്യോഗസ്ഥർ, മാറാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്നതാണ് അന്വേഷണ സംഘം.
അനുനയിപ്പിക്കാനുള്ള യോഗം പരാജയം
ഉദ്യോഗസ്ഥരുടെ ലോഗിനും പാസ്വേഡും ദുരുപയോഗംചെയ്ത് അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകിയ സംഭവത്തിൽ ജീവനക്കാരെ അനുനയിപ്പിക്കാൻ മേയർ ഡോ. ബീന ഫിലിപ് വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച മുതൽ നേരത്തേ തീരുമാനിച്ചതനുസരിച്ച് പ്രതിഷേധം ശക്തമാക്കാൻ ജീവനക്കാർ തീരുമാനിച്ചു. ബുധനാഴ്ച ഉച്ചവരെ ജീവനക്കാർ കൂട്ട അവധിയെടുക്കും. കോർപറേഷൻ ഓഫിസിനടുത്തുള്ള മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ സമര കൺവെൻഷനും നടക്കും
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്തവിധമാവും പ്രതിഷേധം. പരാതി സ്വീകരിക്കൽ, പണം സ്വീകരിക്കൽ, ജനനമരണ സർട്ടിഫിക്കറ്റടക്കം അപേക്ഷകൾ തുടങ്ങി അത്യാവശ്യ വിഭാഗത്തിലെ ജീവനക്കാർ ജോലിക്കെത്തും. ആഭ്യന്തരമായുള്ള അന്വേഷണം പെട്ടെന്ന് പൂർത്തിയാക്കുമെന്നും അതിന് ശേഷം സസ്പെൻഷൻ നടപടികളടക്കമുള്ളവ പുനഃപരിശോധിക്കുമെന്നും അതുവരെ ജീവനക്കാർ സഹകരിക്കണമെന്നുമാണ് മേയർ യോഗത്തിൽ ആവശ്യപ്പെട്ടത്. എന്നാൽ, സസ്പെൻഷൻ പിൻവലിക്കണമെന്ന കാര്യത്തിൽ ജീവനക്കാർ ഉറച്ചുനിന്നു. അഡീഷനൽ സെക്രട്ടറി മനോഹറിന്റെ നേതൃത്വത്തിലാണ് ആഭ്യന്തര അന്വേഷണം നടക്കേണ്ടത്. ചൊവ്വാഴ്ചയും കോർപഷേൻ ഓഫിസിൽ ജീവനക്കാരുടെ പ്രതിഷേധം തുടർന്നു. ഉച്ചക്കായിരുന്നു സംയുക്ത സമരസമിതി ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചത്.
യു.ഡി.എഫ് കൗൺസിലർമാരുടെ നിൽപുസമരം ഇന്ന്
അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ വെട്ടിപ്പിന് എതിരെ ബുധനാഴ്ച കോർപറേഷൻ ഓഫിസിന് മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ നിൽപുസമരം നടത്തുമെന്ന് യു.ഡി.എഫ് പാർട്ടി ലീഡർ കെ.സി. ശോഭിത അറിയിച്ചു. യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.