പി.ജി ഡോക്ടർമാരുടെ സമരം ശക്തമാവുന്നു; ഇന്ന് മുതൽ അത്യാഹിത വിഭാഗങ്ങൾ കൂടി ബഹിഷ്കരിക്കും
text_fieldsകോഴിക്കോട്: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ എട്ടു ദിവസമായി തുടരുന്ന പി.ജി. ഡോക്ടർമാരുടെ സമരം കൂടുതൽ ശക്തമാവുന്നു. വെള്ളിയാഴ്ച മുതൽ അത്യാഹിത വിഭാഗങ്ങൾ കൂടി ബഹിഷ്ക്കരിക്കുമെന്ന് മെഡിക്കൽ പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് ചാപ്റ്റർ സെക്രട്ടറി കെ.വി. അമൃത അറിയിച്ചു. ഇത് സംബന്ധിച്ച നോട്ടീസ് പ്രിൻസിപ്പലിന് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
തുടർ സമരങ്ങൾ തീരുമാനിക്കാനുള്ള അസോസിയേഷെൻറ സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരത്ത് ചേരുന്നുമുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സൂപ്പർ സ്പെഷാലിറ്റിയിലെ അക്കാദമിക് സീനിയർ റസിഡന്റ് ഡോക്ടർമാരും വെള്ളിയാഴ്ച മുതൽ ജോലി ബഹിഷ്കരിക്കും. അത്യാഹിത വിഭാഗവും ഐ.സി.യുവും ബുധനാഴ്ച മുതൽ ബഹിഷ്കരിക്കുമെന്ന് പി.ജി ഡോക്ടർമാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം പിൻവലിച്ചത്. എന്നാൽ, രണ്ടു ദിവസത്തിനുള്ളിൽ ജൂനിയർ റസിഡന്റ് ഡോക്ടർമാരെ ജോലിക്ക് നിയമിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് വാക്കാൽ പോരെന്നും രേഖാമൂലം വേണമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. ഇത് ലഭിക്കാഞ്ഞതാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണം.
നിലവിൽ ഒ.പികൾ, ഓപറേഷൻ തിയറ്റർ, വാർഡ് എന്നിവയാണ് ഡോക്ടർമാർ ബഹിഷ്ക്കരിക്കുന്നത്. ജോലി ഭാരം താങ്ങാവുന്നതിലും അധികമായാൽ സമരത്തിനിറങ്ങുമെന്നാണ് ഹൗസ് സർജന്മാരുടെ നിലപാട്. തീയതികൾ ഉറപ്പിച്ച പല ഓപറേഷനുകളും എട്ടു ദിവസമായി മുടങ്ങുന്നുണ്ട്. അടിയന്തരമായി ചെയ്യേണ്ട ഓപറേഷനുകൾ മാത്രമാണ് നടക്കുന്നത്. ഒ.പികളിൽനിന്ന് നേരിട്ട് വാർഡുകളിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യാതെയായി. അത്യാഹിത വിഭാഗത്തിൽ നിന്ന് മാത്രമാണ് വാർഡുകളിലേക്ക് പൂർണമായി അഡ്മിഷൻ നടക്കുന്നത്. ജില്ലക്ക് പുറത്തു നിന്നെത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വാർഡുകളിൽ നിന്ന് ഗുരുതര രോഗമില്ലാത്തവരെ ഡോക്ടർമാർ തന്നെ ഡിസ്ചാർജ് കൊടുത്ത് പറഞ്ഞയക്കുന്നുണ്ട്. അത്യാഹിത വിഭാഗങ്ങൾ കൂടി ഡോക്ടർമാർ ബഹിഷ്ക്കരിക്കുന്നതോടെ വലിയ പ്രതിസന്ധിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഹൗസ് സർജൻമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും കൂടി സമരത്തിലേക്ക് പോയാൽ മുതിർന്ന ഡോക്ടർമാർ മാത്രമെ പിന്നീട് ജോലിക്കുണ്ടാവൂ.
അത് ആശുപത്രിയിലെ മുഴുവൻ ചികിത്സ സംവിധാനങ്ങളും അവതാളത്തിലാക്കും. ഹൗസ് സർജൻമാർ ജോലിക്കെത്തിയില്ലെങ്കിൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക വാർഡുകളെയാവും. സമരം വെള്ളിയാഴ്ച ഒമ്പതാം ദിവസത്തിലേക്ക് കടക്കും.പുതിയ ബാച്ചിെൻറ കൗൺസലിങ് നീളുന്നതോടെ ഡോക്ടർമാരുടെ കുറവ് ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാലും ആറുമാസത്തിലേറെയായിട്ടും പരീക്ഷകൾ നടക്കാത്തതിലും പ്രതിഷേധിച്ച് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷന് കീഴിൽ രാജ്യത്തൊട്ടാകെ മെഡിക്കൽ പി.ജി ഡോക്ടർമാർ സമരത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.