ബഷീറിന്റെ അപൂർവനിമിഷങ്ങളുമായി ചിത്രപ്രദർശനം
text_fieldsകോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തോടനുബന്ധിച്ച് പ്രശസ്ത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ എടുത്ത ബഷീർ ഫോട്ടോകളുടെ പ്രദർശനം ‘ഓർമയുടെ അറകൾ’ ടൗൺഹാളിൽ ആരംഭിച്ചു. ബഷീറിന്റെ ജീവിതത്തിലെ സുന്ദരവും അപൂർവവുമായ ചില മുഹൂർത്തങ്ങളാണ് ഈ ഫോട്ടോഗ്രാഫുകളിൽ പുനലൂർ രാജൻ പകർത്തിയിരിക്കുന്നത്.
എം.ടി. വാസുദേവൻ നായർ, സുകുമാർ അഴീക്കോട്, എസ്.കെ. പൊറ്റെക്കാട്, ഡി.സി. കിഴക്കേമുറി, ഒ.എൻ.വി. കുറുപ്പ്, വി.കെ.എൻ, റോസി തോമസ് എന്നിവരോടൊപ്പമുള്ള ബഷീറിന്റെ 70 അപൂർവ ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്.
കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ് ബഷീറിന്റെ വീട്ടിലെത്തി ഡോ. പി.കെ. അയ്യങ്കാർ നൽകുന്നത്, 1991ൽ മാനാഞ്ചിറയിൽ കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചത് പ്രഖ്യാപിച്ചപ്പോൾ എം.എ. ബേബി, കടമ്മനിട്ട മറ്റു പ്രമുഖർ എന്നിവരോടൊത്തുള്ള ബഷീറിന്റെ ചിത്രം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.
2021ൽ പുനലൂർ രാജൻ മരിക്കുന്നതിനു മുമ്പുതന്നെ വലിയ ഒരു ഫോട്ടോ പ്രദർശനം നടത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കോവിഡ് മഹാമാരിമൂലം അത് നടന്നില്ലെന്നും ബഷീർ അനുസ്മരണസമിതി സെക്രട്ടറി കെ.ജെ. തോമസ് പറഞ്ഞു. രാവിലെ 11ന് ഫോട്ടോഗ്രാഫറായ ആർ.വി. സതി പ്രദർശനം ഉദ്ഘാടനം ചെയ്തു.
ബീക്കൺ പ്രസിഡന്റ് ടി. സേതുമാധവൻ നായർ അധ്യക്ഷത വഹിച്ചു. ബീക്കൺ കോഴിക്കോടിന്റെയും ബഷീർ അനുസ്മരണ സമിതിയുടേയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രദർശനം ജൂലൈ നാല്, അഞ്ച് തീയതികളിൽ 11 മുതൽ വൈകീട്ട് ഏഴുവരെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.