ഗ്രാമീണ ഇന്ത്യയിലെ സ്ത്രീജീവിതത്തിന്റെ നേർക്കാഴ്ചയൊരുക്കി ‘പിക്ചേസ്ക്യു’
text_fieldsലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന കാവ്യ എസ്. ദിവാകറിന്റെ ചിത്രപ്രദർശനത്തിൽനിന്ന്
കോഴിക്കോട്: ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതകഥ നിറങ്ങളിലൂടെയും വരകളിലൂടെയും ആവിഷ്കരിച്ച് യുവചിത്രകാരി എസ്. കാവ്യ ദിവാകർ. സ്ത്രീകൾ തമ്മിലുള്ള സൗഹൃദം, ഗർഭധാരണം, തൊഴിലിടം, വീട്ടിലെ ജോലികൾ തുടങ്ങിയ സന്ദർഭങ്ങളാണ് ചിത്രങ്ങളിലുള്ളത്. ഓയിൽ പെയിന്റിങ്ങിലും ആക്രിലിക്കിലും സ്റ്റിപ്പ്ലിങ്ങിലും പെൻസിൽ ഡ്രോയിങ്ങിലുമായി 27 ചിത്രങ്ങളാണ് ‘പിക്ചേസ്ക്യു’ ചിത്രപ്രദർശനത്തിലുള്ളത്.
രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഡൽഹി തുടങ്ങിയ വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയിൽ മനസ്സിൽ പതിഞ്ഞ മുഖങ്ങളും ഭാവനയിൽ വന്നവയുമാണ് കാൻവാസിലേക്ക് പകർത്തിയതെന്ന് കാവ്യ പറഞ്ഞു. ബംഗളൂരുവിൽ എച്ച്.ആർ മാനേജറായി ജോലി ചെയ്തിരുന്ന കാവ്യ പിന്നീട് ചിത്രകല കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു. കോവിഡ് സമയത്താണ് വരയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചതും പ്രഫഷനലായി പഠിക്കുകയും ചെയ്തത്.
കോഴിക്കോട് സിവിൽ സ്റ്റേഷൻ ചുള്ളയോട് കെ. കിരൺ ദിവാകരൻ നായരുടെയും സ്വർണകുമാരിയുടെയും മകളാണ് കാവ്യ. കാവ്യയുടെ മൂന്നാമത്തെ ചിത്രകല പ്രദർശനമാണിത്. സ്റ്റാർ കെയർ ഹോസ്പിറ്റൽ എം.ഡി ഡോ. അബ്ദുല്ല ചെറയക്കാട്ടാണ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തത്. യൂനിവേഴ്സൽ ആർട്സ് സ്കൂൾ ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പൽ കെ.എ. സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ഡിസംബർ എട്ടിന് തുടങ്ങിയ ചിത്രപ്രദർശനം 11ന് സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.