ബസുകളില്‍ പോക്കറ്റടി വ്യാപകം
text_fieldsതാമരശ്ശേരി: തിരക്കേറിയ ബസുകളില്‍ യാത്രക്കാരുടെ പഴ്സ് പോക്കറ്റടിക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു. കോഴിക്കോട്-വയനാട് റൂട്ടിലോടുന്ന ബസുകളിലാണ് സ്ത്രീകള്‍ അടക്കമുള്ള പോക്കറ്റടി സംഘങ്ങള്‍ സജീവമാകുന്നത്. കൂട്ടമായി കയറുന്ന ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബസില്‍ കയറി കൃത്രിമ തിരക്കുണ്ടാക്കിയാണ് ബാഗുകള്‍ കീറിയും മറ്റും പഴ്സുകള്‍ കവർന്നെടുക്കുന്നത്.
നിരവധി ഉദ്യോഗസ്ഥകള്‍ക്ക് ഉൾപ്പെടെ ഇതിനകം പണവും മറ്റുരേഖകളും അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടിട്ടുണ്ട്. കെ.എസ്.ആര്.ടി.സി ബസുകളില്‍ യാത്രചെയ്ത കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ നാല് ജീവനക്കാരികളുടെ പഴ്സ് അടുത്തിടെ നഷ്ടപ്പെട്ടിരുന്നു. പണത്തിനു പുറമെ എ.ടി.എം കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള പഴ്സാണ് നഷ്ടപ്പെട്ടത്.
ബസ് ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും അവര്‍ വേണ്ടരീതിയില്‍ ഗൗനിച്ചില്ലെന്നും ആക്ഷേപമുണ്ട്. ബസ് യാത്രക്കാരുടെ സ്വര്‍ണമാലകള്‍ നഷ്ടപ്പെടുന്ന സംഭവങ്ങളും ഏറിവരുന്നുണ്ട്. കൊച്ചുകുട്ടികളുടെ ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. മാന്യമായി വസ്ത്രം ധരിച്ച് വരുന്നവരാണ് എല്ലാ തയാറെടുപ്പുകളോടെയും കൂട്ടമായി ബസില്‍ കയറി അടുത്ത പ്രധാനസ്ഥലത്തേക്ക് ടിക്കറ്റെടുത്ത് പിടിച്ചുപറി നടത്തുന്നത്. ഉദ്യമം നടത്തിക്കഴിഞ്ഞാല്‍ ഇവര്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങുകയും ചെയ്യും.
യാത്രക്കാര്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ട് പരാതിപ്പെടുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിരിക്കും. ദിവസങ്ങൾക്കുമുമ്പ് മാനന്തവാടി-കോഴിക്കോട് കെ.എസ്.ആർ.ടി.സി ടൗൺ ടു ടൗൺ ബസിൽ യാത്ര ചെയ്യവേ വാവാട് സ്വദേശിയായ യുവതിയുടെ ബാഗിൽനിന്ന് രേഖകളും പണവും അടങ്ങിയ പഴ്സ് മോഷ്ടിച്ചിരുന്നു.
തുടർന്ന് കുന്ദമംഗലം പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച സമീപപ്രദേശത്തെ ഒരു തൊഴിലാളി റോഡരികിലെ വയലിൽ പണിക്കിടെ കിട്ടിയ യുവതിയുടെ രേഖകളടങ്ങിയ പഴ്സും മറ്റ് രണ്ട് പഴ്സുകളും പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചതിനാൽ യുവതിക്ക് വിലപ്പെട്ട രേഖകൾ തിരിച്ചുകിട്ടി.
ബസ് ജീവനക്കാരും യാത്രക്കാരും നിയമപാലകരും തികഞ്ഞ ജാഗ്രതയില്‍ നിന്നാല്‍ മാത്രമേ ഇത്തരം പോക്കറ്റടിസംഘത്തെ വലയിലാക്കാനാകൂ. വനിത പൊലീസ് അടക്കം കൂടുതൽ ഇടപെടലുകളും അന്വേഷണവും നടത്തണമെന്നാണ് വനിതായാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.