ചിറകടികൾക്ക് കാതോർത്ത് പകർത്തിയ ചിത്രങ്ങൾ
text_fieldsകോഴിക്കോട്: പക്ഷികളുടെ ചിറകടിയൊച്ചകൾക്ക് കാതോർത്തും കാത്തിരുന്നും പകർത്തിയ 50 ഫോട്ടോകൾ. മലമുഴക്കി വേഴാമ്പൽ, ബാണാസുര ചിലിചിലുപ്പൻ തുടങ്ങിയ അസാധാരണ പക്ഷികൾമുതൽ സാധാരണ കുരുവിയും കാട്ടുകോഴിയുംവരെ ഉൾപ്പെടുന്ന വ്യത്യസ്തമായ ചിത്രങ്ങളുടെ പ്രദർശനം ഒരുക്കിയിരിക്കുന്നത് ചിറകടികൾ എന്ന പേരിലുള്ള കൂട്ടായ്മയാണ്.
വലിയ രാജഹംസം എന്ന അപൂർവമായ ഒരു പക്ഷിയെ കോഴിക്കോട് ഒരുകൂട്ടം ആളുകൾ കല്ലെറിഞ്ഞുകൊന്ന ദാരുണമായ സംഭവത്തിൽനിന്നുമാണ് പക്ഷികളെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മയുടെ പിറവി. 2020 ജനുവരിയിലായിരുന്നു ഇവർ ആദ്യ ചിത്രപ്രദർശനം നടത്തിയത്. കുയിലിന്റെ ഒച്ച ദിവസവും കേട്ട് ആസ്വദിക്കുന്ന നാം ഒരുപക്ഷേ ആ പക്ഷിയെ ഒരിക്കൽപോലും കണ്ടിട്ടുണ്ടാവില്ല. നമുക്കുചുറ്റും ഉണ്ടെങ്കിലും നാം കാണാതെ പോകുന്ന പക്ഷികൾ.
അവയെ കാണാൻ അവസരമൊരുക്കുകയാണ് ചിറകടികൾ എന്ന പ്രദർശനം. തത്തച്ചിന്നൻ, ചെറുതതേൻകിളി, നാട്ടുകുയിൽ, മഞ്ഞക്കണ്ണി തിത്തിരി, മീൻകൂമൻ, മഞ്ഞക്കാലി പച്ചപ്രാവ്, മോതിരതത്ത, കൊമ്പൻ മൂങ്ങ, കിന്നരി പരുന്ത്, കടൽ മണ്ണാത്തി, പനങ്കാക്ക, ആറ്റക്കുരുവി, തേൻകൊതിച്ചി പരുന്ത് എന്നിങ്ങനെ പക്ഷി വർഗത്തിന്റെ വൈവിധ്യംകൂടി വ്യക്തമാക്കുന്നതാണ് പ്രദർശനം.
ചെറിയ അയോറ അതിനെക്കാൽ രണ്ടിരട്ടി വലിപ്പമുള്ള ചെങ്കുയിലിന്റെ വായിൽ ഭക്ഷണം വെച്ചുകൊടുക്കുന്ന ചിത്രം ആരെയും അദ്ഭുതപ്പെടുത്തും. അയോറയുടെ കൂട്ടിൽ മുട്ടയിട്ട ചെങ്കുയിലിനെ തന്റെ സ്വന്തം കുഞ്ഞല്ല എന്നറിയാതെ വളർത്തുന്ന അയോറയുടെ ചിത്രം മാതൃത്വത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ്.
എം.സി. അനീഷ്, വിനിത അനിഷ്, ഫസൽ കൊടുവള്ളി, ജിതേഷ് നൊച്ചാട്, നിഗിൻ മോഹൻ, നെസ്ബു തിരൂർ, മുഹമ്മദ് ഹിറാഷ്, പി.എം. മുജീബ്, ഡോ. വി. വിനോദ് കുമാർ, ജിജു വിനോദ്, സ്വാതി വിനോദ്, എൻ. യദു പ്രസാദ്, എം.കെ. സിജോ, അജിത് എലത്തൂർ എന്നിവരുടെ 50 ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 28ന് പ്രദർശനം അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.