പൈപ്പ്പൊട്ടൽ തുടരുന്നു; കുടിവെള്ളം മുടങ്ങുന്നത് നിത്യസംഭവം
text_fieldsരാമനാട്ടുകര: പൈപ്പ് പൊട്ടലും ചോർച്ചയുമായി നഗരസഭയുടെ പലഭാഗങ്ങളിലും കുടിവെള്ളം മുടങ്ങുന്നത് പതിവായി. കൃത്യമായ പരിശോധന നടത്തി പരിഹാരം കണ്ടെത്തുന്നതിനുപകരം ചെറുവിദ്യകളിലൂടെ ഓട്ടയടച്ച് തലയൂരുകയാണ് അധികൃതർ. ഒരുഭാഗത്ത് പൈപ്പ് പൊട്ടുമ്പോൾ മറ്റൊരിടത്ത് ചോർച്ചയാണ്. ചിറക്കാംകുന്ന് റോഡിലും രാമനാട്ടുകര അങ്ങാടിയിലും പൈപ്പ് ചോർന്ന് വെള്ളം പാഴാകുന്നു. പെരിങ്ങാവ് റോഡിലും ദാനഗ്രാം ഭാഗത്തും പൈപ്പ് പൊട്ടി.
ചീക്കോട് പദ്ധതിയിൽനിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. പമ്പിങ് നടക്കുന്ന എടവണ്ണപ്പാറക്കുസമീപം ഇരട്ടമുഴിയിൽ പ്രധാന പൈപ്പ് പൊട്ടിയതാണ് കൂടുതൽ പ്രദേശങ്ങളിൽ വെള്ളം മുടങ്ങാൻ കാരണം.
രാമനാട്ടുകര നഗരസഭയിലുള്ള നൂറുകണക്കിനു കുടുംബങ്ങൾക്ക് ചീക്കോട് പദ്ധതിയാണ് ഏക ആശ്രയം. പൈപ്പ് പൊട്ടലും മറ്റും തുടർക്കഥയായിട്ടും ശാശ്വത പരിഹാരം കണ്ടെത്തുന്നതിൽ അധികൃതർ പരാജയപ്പെട്ടു. മഴയില്ലാത്തതിനാൽ ജനങ്ങൾ ആശ്രയിക്കുന്നത് ചീക്കോടിനെയാണ്.
കുടിവെള്ളം സംബന്ധിച്ച് പരാതി പറയാൻ തുനിഞ്ഞാൽ നടക്കില്ല. വാട്ടർ അതോറിറ്റിയുടെ ഓഫിസുകളിലൊന്നും ഫോൺ എടുക്കുന്നില്ലെന്നും പരാതിയുണ്ട്. മലപ്പുറം ജില്ലയിലെ ആറു പഞ്ചായത്തുകളിലേക്കും കൊണ്ടോട്ടി, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലേക്കും വെള്ളമെത്തിക്കാനായി 2016ൽ തുടക്കമിട്ടതാണ് ചീക്കോട് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.