കുടിവെള്ള പൈപ്പിടാനായി റോഡ് കീറി; ആദിവാസി കോളനിയിൽ കുടിവെള്ള വിതരണം മുടങ്ങി
text_fieldsനന്മണ്ട: കുടിവെള്ള പൈപ്പിടാൻ റോഡ് മുറിച്ചപ്പോൾ ആദിവാസി കോളനിയിൽ ജലവിതരണം നിലച്ചു. ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കരുണാറാം -പുക്കുന്നുമല റോഡിലെ ഇടിഞ്ഞതിൽ മീത്തൽ കോളനിവാസികൾക്കാണ് വിഷുനാളിൽ പോലും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥ.
എട്ടു വർഷം മുമ്പ് ഇടിഞ്ഞതിൽ മീത്തൽനിന്ന് പുക്കുന്നുമലയിലേക്ക് വെട്ടിയ റോഡിൽ ചെങ്കല്ല് പാകിയായിരുന്നു ഗതാഗത സൗകര്യമുണ്ടാക്കിയത്. കുടിവെള്ള പൈപ്പിടാൻ റോഡ് മുറിക്കാൻ വന്നവരോട് കോളനിവാസികൾ നിലവിൽ വിതരണം ചെയ്യുന്ന കുടിവെള്ള വിതരണം മുടങ്ങുമെന്ന ആശങ്ക പ്രകടിപ്പിച്ചപ്പോൾ അതൊന്നുമുണ്ടാവില്ല എന്ന മറുപടിയായിരുന്നു ലഭിച്ചത്.
എന്നാൽ, റോഡിൽ പൈപ്പിടുന്ന പ്രവൃത്തി ആരംഭിച്ചതോടെ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാനാവാത്ത സ്ഥിതിയായി. പഞ്ചായത്തിന്റെ കുടിവെള്ള വിതരണമില്ലാത്തതിനാൽ കോളനിവാസികൾ ടൗണിൽനിന്ന് ടാങ്കർ ലോറിയിൽ 2200 രൂപ ചെലവിൽ കുടിവെള്ളമെത്തിക്കുകയായിരുന്നു.
എന്നാൽ, കഴിഞ്ഞ ദിവസം വെള്ളവുമായി വന്ന ടാങ്കർ ലോറി റോഡു തകരാറായതിനാൽ തിരിച്ചുപോവുകയായിരുന്നു. ഇതോടെ ആദിവാസികളായ നാലു വീട്ടുകാരുടെ കുടിവെള്ളവും മുടങ്ങി. റോഡ് പൂർവസ്ഥിതിയിലായാൽ പ്രശ്നപരിഹാരമാവും. അതിന് ജല അതോറിറ്റിയിലെ കരാറുകാരൻ വിചാരിക്കണം. കോളനിയിൽ കുടിവെള്ളമെത്തിക്കാൻ ബദൽ സംവിധാനമുണ്ടാക്കണമെന്ന് കോളനിവാസികൾ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.