പൈപ്പിടൽ: കൂളിമാട് റോഡിൽ ദുരിതയാത്ര
text_fieldsകൂളിമാട്: ഗതാഗതം മുടക്കി ജൽജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്ന മാവൂർ-കൂളിമാട് റോഡിൽ യാത്രാ ദുരിതത്തിനറുതിയില്ല. ഊട്ടി ഹ്രസ്വദൂര പാതയായ റോഡിൽ പി.എച്ച്.ഇ.ഡിക്കും കൂളിമാടിനും ഇടയിലാണ് ഗതാഗതം പൂർണമായി തടഞ്ഞും ബസ് സർവിസ് അടക്കം വഴിതിരിച്ചുവിട്ടും പ്രവൃത്തി നടക്കുന്നത്.
കൂളിമാട് പമ്പ് ഹൗസിൽനിന്നുള്ള വലിയ പൈപ്പുകളാണ് കരിങ്കാളികാവ് കയറ്റത്തിൽ റോഡിനു നടുവിലൂടെ സ്ഥാപിക്കുന്നത്. ഫെബ്രുവരി 20നാണ് ജില്ല ഭരണാധികാരികളുടെ പ്രത്യേക അനുമതി വാങ്ങി റോഡ് അടച്ചത്. പൈപ്പിടുന്നതിന് പാറ പൊട്ടിച്ചുള്ള ജോലിയായതിനാൽ മാർച്ച് അഞ്ചു വരെയാണ് റോഡിൽ ഗതാഗതം തടഞ്ഞ് ഉത്തരവിറക്കിയത്. യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കേണ്ട പ്രവൃത്തിക്ക് ഇത്ര ദിവസം റോഡ് അടക്കാൻ അനുമതി കൊടുത്തത് പ്രതിഷേധത്തിനിടയാക്കി.
പ്രവൃത്തി ഇഴഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എസ്.എസ്.എൽ.സി, പ്ലസ്ടു മോഡൽ പരീക്ഷയടക്കം നടക്കുന്ന സമയത്ത് സ്കൂൾ ബസുകളടക്കം കിലോമീറ്ററുകൾ വട്ടം കറങ്ങിയാണ് ലക്ഷ്യസ്ഥലത്തെത്തുന്നത്. വഴിതിരിച്ചുവിട്ട ഒരു ബദൽ റോഡ് ഇടുങ്ങിയതും തകർന്നതുമായതിനാൽ മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക്. ആംബുലൻസുകളടക്കം കിലോമീറ്ററുകൾ ചുറ്റുകയാണ്.
ഗതാഗതം വഴിതിരിച്ചുവിട്ടതിനാൽ സർവിസ് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച സ്വകാര്യ ബസുകൾ സർവിസ് മുടക്കിയിരുന്നു. മാവൂർ സി.ഐ കെ. വിനോദൻ വിളിച്ച ചർച്ചയെത്തുടർന്നാണ് സമരം പിൻവലിച്ചത്. വാട്ടർ അതോറിറ്റി എൻജിനീയർമാർ, കരാറുകാർ, ബസ് കോഓപറേറ്റിവ് സൊസൈറ്റി ഭാരവാഹികൾ എന്നിവർ തമ്മിൽ നടന്ന ചർച്ചയിൽ, വെള്ളിയാഴ്ചയോടെ പ്രവൃത്തി തീർത്ത് ബസ് ഗതാഗതം അനുവദിക്കുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
പൈപ്പിടൽ പൂർത്തിയാക്കി കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ചൊവ്വാഴ്ച ഇടവേളകളിൽ ഇരുചക്ര വാഹനങ്ങൾക്ക് ഗതാഗതം അനുവദിച്ചിരുന്നു. ബുധനാഴ്ച മുതൽ ഇരുചക്ര വാഹനങ്ങൾക്കും ആംബുലൻസുകൾക്കും ഇതുവഴി ഓടാൻ സൗകര്യമൊരുക്കുമെന്നാണ് എൻജിനീയർമാർ അറിയിച്ചത്. ഈ പ്രവൃത്തി നീളുന്നതിനാൽ, പൊതുമരാമത്ത് വകുപ്പ് ആറുകോടി മുടക്കി മാവൂർ മുതൽ എരഞ്ഞിമാവ് വരെ നടത്തുന്ന നവീകരണവും പ്രതിസന്ധിയിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.