അച്ചായന് പ്ലാസ്റ്റിക് പ്രശ്നക്കാരനല്ല; കട്ട നിർമിക്കാനുള്ള അസംസ്കൃത വസ്തുമാത്രം
text_fieldsകോഴിക്കോട്: പ്ലാസ്റ്റിക് മാലിന്യത്തെ സിമന്റ് കട്ട നിർമാണത്തിനുള്ള അസംസ്കൃത വസ്തുവാക്കി കുന്ദമംഗലം കളരിക്കണ്ടി സ്വദേശി ജേക്കബ്. നാട്ടുകാർ സ്നേഹത്തോടെ അച്ചായൻ എന്ന് വിളിക്കുന്ന ജേക്കബ് മൂന്നു വർഷം മുമ്പാണ് ഇത്തരത്തിലൊരു പരീക്ഷണം നടത്തിയത്. ഇത് വിജയമെന്ന് കണ്ടതോടെ മറ്റുള്ളവരിലേക്കും ഇതിന്റെ സന്ദേശം പകരുകയാണദ്ദേഹം.
പൊതുവെ സിമന്റ് കട്ടകൾ നിർമിക്കുന്നത് സിമന്റ്, എം. സാന്റ്, ബേബി മെറ്റൽ എന്നിവ ഉപയോഗിച്ചാണ്. എന്നാൽ എംസാന്റും ബേബിമെറ്റലും ഒഴിവാക്കി പകരം പ്ലാസ്റ്റിക്കും മണ്ണും സിമന്റും ഉപയോഗിച്ച് ചെലവുകുറച്ച് ഉറപ്പുള്ള കട്ടകൾ നിർമിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇങ്ങനെ നിർമിക്കുന്ന കട്ടക്ക് സാദാ സിമന്റ് കട്ടപോലെത്തന്നെ ഉറപ്പുണ്ടാകും. കൂടുതൽ ഉറപ്പിനായി പലതവണ നനക്കണമെന്നില്ല എന്നു മാത്രമല്ല കട്ട പിന്നീട് ഇഷ്ടികപോലെ വെള്ളം കുടിക്കുകയുമില്ലത്രെ. എട്ട് മീറ്റർ ഉയരത്തിൽനിന്ന് താഴേക്കിട്ടാൽപോലും ഇത്തരം കട്ടകൾ പൊട്ടില്ലെന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
വീട്ടിലെ പ്ലാസ്റ്റിക് കവറുകൾ അരിഞ്ഞെടുത്ത് സിമന്റിനും മണ്ണിനുമൊപ്പം കുഴച്ചാണ് കട്ടനിർമിക്കുന്നത്. ഇതേപോലെതന്നെ കമ്പിയും മെറ്റലും എംസാന്റും ഒഴിവാക്കി സിമന്റ്, പ്ലാസ്റ്റിക്, മണ്ണ് തുടങ്ങിയവ ഉപയോഗിച്ച് ചെറിയ സ്ലാബുകൾ വാർക്കാനാകുമെന്നും ജേക്കബ് പറയുന്നു. നേരത്തേ തന്നെ റോഡ് നിർമാണത്തിന് പ്ലാസ്റ്റിക് വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. ജേക്കബ് സ്വന്തം വീട്ടിലേക്ക് നിർമിക്കുന്ന റോഡിനും കോൺക്രീറ്റിൽ പ്ലാസ്റ്റിക് കവറുകളാണ് ഉപയോഗിച്ചത്.
പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് താൻ പരീക്ഷിച്ച നിർമിതി കൂടുതൽ നടന്നാൽ മാലിന്യ സംസ്കരണ രംഗത്തും ഇത് വിപ്ലവകരമാകുമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. വാണിജ്യാടിസ്ഥാനത്തിൽ ഇത്തരത്തിൽ കട്ടകൾ നിർമിച്ച് വിൽപന നടത്താനുള്ള സാമ്പത്തികശേഷിയൊന്നും തനിക്കില്ലെന്നും 77 കാരനായ ജേക്കബ് പറയുന്നു. ഭാര്യ കോമളം, മകൾ മേഘ എന്നിവർ ഇദ്ദേഹത്തിന് പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.