പ്ലാസ്റ്റിക് വീണ്ടുമെത്തി,ശക്തിയോടെ
text_fieldsകോഴിക്കോട്: നഗരത്തിൽ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നത് തുടരുന്നു. 2020 ജനുവരി ഒന്നുമുതൽ സംസ്ഥാന സര്‍ക്കാർ നിരോധിച്ചതാണെങ്കിലും നിരോധനം നിലവിലുള്ള പ്ലാസ്റ്റിക്കുകൾ തന്നെയാണ് ദിനംപ്രതി വർധിക്കുന്നത്. നഗരത്തിന് അപമാനമായി വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരങ്ങൾ നിറഞ്ഞിരിക്കുകയാണിപ്പോൾ.
സൂപ്പർ മാർക്കറ്റിലും മാളുകളിലും പ്ലാസ്റ്റിക് കാരിബാഗുകൾ പിൻവലിക്കുന്നതിന്‍റെ പ്രഖ്യാപനമൊക്കെ വലിയ ചടങ്ങായി കഴിഞ്ഞ ഭരണസമിതി കാലത്ത് നടന്നിരുന്നു. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് പരിശോധന ഒഴിവായതോടെ എല്ലാം പഴയപടിയായി. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചി ഉപയോഗിക്കാനാവില്ലെന്ന നിയന്ത്രണം ഉള്ളപ്പോഴും എല്ലാം പേരിനൊതുങ്ങി.
കോര്‍പറേഷന്‍ വെസ്റ്റ്ഹില്‍ പ്ലാന്‍റില്‍ വർഷം കുറഞ്ഞത് 978 ടണ്‍ പാഴ് വസ്തുക്കൾ എത്തുന്നതായാണ് കണക്ക്. ഞെളിയന്‍പറമ്പില്‍ 2020 മുതല്‍ 2022 മാര്‍ച്ച് വരെ 6094 ടണ്ണിൽ കൂടുതൽ മാലിന്യമെത്തി. പ്ലാസ്റ്റിക് വേർതിരിച്ച മാലിന്യമാണിത്. പ്ലാസ്റ്റിക് മാലിന്യം വെസ്റ്റ്ഹിൽ റീസൈക്ലിങ് പ്ലാന്‍റിലേക്കാണ് നീക്കുന്നത്. ഞെളിയൻപറമ്പിൽ 1415 ടണ്‍ മാലിന്യം പുനരുപയോഗിച്ചതായാണ് കണക്ക്. പ്ലാസ്റ്റിക് നിരോധനം വന്ന സമയത്ത് കോർപറേഷൻതല പരിശോധന ശക്തമാക്കുകയും പല കച്ചവട സ്ഥാപനങ്ങളും തുണിസഞ്ചിയിലേക്ക് മാറുകയും ചെയ്തിരുന്നു. കോവിഡ് കാലത്ത് പ്ലാസ്റ്റിക്കും ഡിസ്പോസിബിൾ പാത്രങ്ങളും മറ്റും അത്യാവശ്യക്കാരായി തിരിച്ചുവന്നു. വീണ്ടും കടുത്ത നടപടികളിലേക്ക് നീങ്ങാൻ തീരുമാനമായെങ്കിലും കോവിഡ് ഭീതി പിന്നെയുമുണ്ടാവുന്നത് പ്രതിസന്ധിയാണ്.
ആദ്യവട്ടം ചട്ടം ലംഘിച്ചാൽ 10,000 രൂപയും വീണ്ടുമുണ്ടായാൽ 25,000 രൂപയും ആവർത്തിച്ചാൽ 50,000 രൂപയുമാണ് പിഴ. ലൈസന്‍സ് റദ്ദാക്കലടക്കം നടപടികളുമുണ്ടാവും. മാളുകളും സൂപ്പർമാർക്കറ്റും വർധിക്കുന്നതിനനുസരിച്ച് പ്ലാസ്റ്റിക് ഉപയോഗവും കൂടുന്നതായാണ് കണക്ക്. സാധനങ്ങള്‍ കടലാസിൽ തൂക്കി വാങ്ങുന്നതിനുപകരം പാക്കറ്റുകളായപ്പോൾ തുണിസഞ്ചി കൊണ്ടുപോവുന്നവരും പ്ലാസ്റ്റിക് ഏറ്റുവാങ്ങാൻ നിർബന്ധിക്കപ്പെടുന്നു.
കനോലി കനാലിലും റോഡിലുമെല്ലാം പ്ലാസ്റ്റിക് മാലിന്യം കൊണ്ടിടുന്നത് വീണ്ടും തുടങ്ങി. ഉൽപാദകര്‍ തന്നെ പ്ലാസ്റ്റിക് തിരിച്ചെടുക്കുന്ന രീതി വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല. റോഡ് പണിക്കും മറ്റും പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് വ്യാപകമായിട്ടില്ല. ജില്ലയില്‍ നിന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 150 ടണ്‍ പ്ലാസ്റ്റിക് റോഡ് ടാര്‍ ചെയ്യാൻ ഉപയോഗിച്ചതായാണ് കണക്ക്. ഇത് ഏതാണ്ട് 190 കിലോമീറ്ററിലേറെ ദൂരം വരും. കോര്‍പറേഷനിൽനിന്നുള്ള പ്ലാസ്റ്റിക്കും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.