പ്ലസ് വൺ പ്രവേശനോത്സവം; തെരുവിൽ പ്രതിഷേധത്തിര
text_fieldsകോഴിക്കോട്: ഫുള്‍ എ പ്ലസ് നേടിയ വിദ്യാർഥികളടക്കം പ്രവേശനം ലഭിക്കാതെ പുറത്തുനിൽക്കെ, പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചപ്പോൾ തെരുവിൽ പ്രതിഷേധം ശക്തമാക്കി വിദ്യാർഥി സംഘടനകൾ.
മലബാറിൽ മികച്ച മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കുപോലും സീറ്റ് ലഭിക്കാത്തതിനെതിരെ നഗരത്തിൽ വിവിധയിടങ്ങളിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം അലയടിച്ചു. എല്ലായിടങ്ങളിലും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചാണ് സർക്കാർ സമരത്തെ നേരിട്ടത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജില്ലയിൽനിന്ന് ഇത്തവണ പ്ലസ് വണിന് അപേക്ഷിച്ച 48,156 പേരിൽ 16,101 പേർ സീറ്റ് ലഭിക്കാതെ ആശങ്കയിലാണ്. 32,055 വിദ്യാർഥികളാണ് ജില്ലയിൽ പ്രവേശനം നേടിയത്. മൂന്ന് അലോട്ട്മെന്റുകള്‍ കഴിഞ്ഞപ്പോൾ വിവിധ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ഒഴിഞ്ഞുകിടക്കുന്നത് 17 സീറ്റ് മാത്രം.
മെറിറ്റില്‍ 27383 പേരും സ്പോര്‍ട്സ് ക്വോട്ടയില്‍ 502 പേരും കമ്യൂണിറ്റി ക്വോട്ടയിൽ 2028 പേരും മാനേജ്മെന്റ് ക്വോട്ടയില്‍ 1750 പേരും അണ് എയ്ഡഡ് വിഭാഗത്തില്‍ 392 പേരുമാണ് പ്രവേശനം നേടിയത്.
രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളാണ് ബാക്കിയുള്ളത്. 179 സ്കൂളുകളിലായി 677 ബാച്ചുകളാണ് ജില്ലയില്‍ ആകെയുള്ളത്. സയന്‍സില്‍ 318 ബാച്ചുകളും ഹ്യുമാനിറ്റീസില്‍ 146 ബാച്ചും കോമേഴ്സില്‍ 213 ബാച്ചും ഇതിൽ ഉൾപ്പെടും. സര്‍ക്കാര്‍ മേഖലയില്‍ 65ഉം എയ്ഡഡ് മേഖലയില്‍ 28ഉം അണ് എയ്ഡഡ് മേഖലയില്‍ 26ഉം സ്പെഷല്‍ ടെക്നിക്കല്‍ മേഖലയില്‍ മൂന്നും സ്കൂളുകളാണുള്ളത്.
യു.ഡി.എഫ് സമരത്തിന്
മൂന്നാംഘട്ട അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടും പതിനായിരക്കണക്കിന് വിദ്യാർഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തില്‍ പുതിയ ബാച്ചുകള്‍ അനുവദിക്കണമെന്ന് യു.ഡി.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ജൂലൈ ഒന്നിന് മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പല്‍, മേഖല കേന്ദ്രങ്ങളിലും ബഹുജന പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
യോഗം മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു. ജില്ല ചെയര്മാന് കെ. ബാലനാരായണന്‍ അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ അഹമ്മദ് പുന്നക്കല്‍, മനോളി ഹാഷിം, അഡ്വ. പി.എം. നിയാസ്, സി.പി. ചെറിയ മുഹമ്മദ്, എന്‍. സുബ്രഹ്മണ്യന്, യു.സി. രാമന് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.