പ്ലസ് വൺ: സീറ്റിന് അരലക്ഷം വരെ ഈടാക്കി സ്കൂളുകൾ
text_fieldsകോഴിക്കോട്: പ്ലസ് വൺ പ്രവേശനത്തിന് ചില സ്കൂൾ മാനേജ്മെന്റുകൾ ഈടാക്കുന്നത് അരലക്ഷം രൂപവരെ. സയൻസ് ഗ്രൂപ്പിന് പൊതുവെ തുക കൂടുതൽ ഈടാക്കുന്ന ചിലർ സീറ്റ് ക്ഷാമത്തെ തുടർന്ന് ഇത്തവണ ഹ്യുമാനിറ്റീസിനും കോമേഴ്സിനും 35,000 മുതൽ 50,000 വരെയാണ് പിടിച്ചുവാങ്ങുന്നത്. മാനേജ്മെന്റുമായി അടുത്ത ബന്ധം പുലർത്തുന്ന അധ്യാപകർ മുഖാന്തരമോ സ്കൂൾ ക്ലർക്കുമാർ മുഖാന്തരമോ പ്യൂൺ മുഖേനയോ ആണ് പണം വാങ്ങി പ്രവേശനം നൽകുന്നത്. 60 വിദ്യാർഥികളുള്ള ഒരു ബാച്ചിൽ 12 സീറ്റുകൾ മാനേജ്മെന്റ് ക്വോട്ടയാണ്. ഏറ്റവും ചുരുങ്ങിയ അഞ്ചും ആറും ബാച്ചുമുതൽ പത്തും പന്ത്രണ്ടും ബാച്ചുകൾവരെയുള്ള മാനേജ്മെന്റ് സ്കൂളുകളുണ്ട്. ഒരേ ഗ്രൂപ്പിൽതന്നെ രണ്ടും മൂന്നും ബാച്ചുകളുള്ള സ്കൂൾ മാനേജ്മെന്റ് കോടികളാണ് പ്രവേശനത്തിലൂടെ കൊയ്യുന്നത്.
എലത്തൂർ മണ്ഡലത്തിലെ ചില സ്കൂളുകളെക്കുറിച്ച് വ്യാപക പരാതിയാണ് ഉയർന്നിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് സയൻസ് സീറ്റിന് 35,000 രൂപ ഉറപ്പിച്ചശേഷം പണം നൽകാൻ ചെന്നപ്പോൾ സീറ്റിന് ക്ഷാമമുണ്ടെന്നും 45,000 രൂപ നൽകിയാൽ മാത്രം സീറ്റ് അനുവദിച്ചാൽ മതിയെന്ന് മാനേജർ അറിയിച്ചിട്ടുണ്ടെന്നുമാണ് ആ സ്കൂളിലെ പ്യൂൺ അറിയിച്ചതത്രെ.
ഹൈസ്കൂളിലേക്ക് വിദ്യാർഥികളെ ചേർക്കാൻ ബാഗും പുസ്തകവും യാത്രാ സൗകര്യവും വാഗ്ദാനം നൽകി വീടുവീടാന്തരം കയറിയിറങ്ങി സ്കൂളിൽ ചേർത്ത കുട്ടികളിൽനിന്നുപോലും പ്ലസ് വൺ പ്രവേശനത്തിന് 35,000 രൂപ വാങ്ങുകയാണ്. പണത്തിന് രശീതി ചോദിച്ചാൽ നൽകുകയുമില്ല. മൈനോറിറ്റി ക്വോട്ടയിൽ എച്ച്.എസ് കാപ് മുഖാന്തരം വിദ്യാർഥികളുടെ മുൻഗണന ലിസ്റ്റ് നൽകുന്നുണ്ടെങ്കിലും അവസാനവേളയിൽ വകുപ്പ് ശ്രദ്ധിക്കാത്തതു മാനേജ്മെന്റ് വകമാറ്റി പണം നേടുന്നുണ്ട്. മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ ഇതുവരെയും സീറ്റ് ലഭിക്കാതെ 13,941 പേരുണ്ട്.
31,389 കുട്ടികളാണ് ഇതുവരെ പ്രവേശനം നേടിയത്.
വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം മെറിറ്റിൽ ഇനി ബാക്കിയുള്ളത് 17 സീറ്റുകള്‍ മാത്രം. ജില്ലയില്‍നിന്ന് 48,156 വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചിരുന്നത്. ഒരു രൂപപോലും തലവരിപ്പണം വാങ്ങാതെ മാനേജ്മെന്റ് ക്വോട്ട പൂർണമായും സൗജന്യമായി നൽകുന്ന നാമമാത്ര സ്കൂളുകളും ജില്ലയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.