പ്ലസ് വൺ സീറ്റ് ക്ഷാമം തുടരും; ജില്ലയിൽ 48,140 അപേക്ഷകർ
text_fieldsകോഴിക്കോട്: പ്ലസ് വൺ അപേക്ഷ സമർപ്പണം പൂർത്തിയായപ്പോൾ ജില്ലയിൽ 48,140 അപേക്ഷകർ. നിലവിൽ പ്ലസ് വണിന് ജില്ലയിൽ 43,082 സീറ്റുകളാണുള്ളത്. ഏകദേശം അയ്യായിരത്തോളം അപേക്ഷകർക്ക് ജില്ലയിൽ സീറ്റ് ലഭിക്കില്ലെന്നാണ് ഇതോടെ ലഭിക്കുന്ന ചിത്രം. സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി 38,400 സീറ്റും അൺ എയ്ഡഡ് സ്കൂളുകളിൽ 4682 സീറ്റുകളുമാണുള്ളത്.
അപേക്ഷകരിൽ 45,597 പേർ എസ്.എസ്.എൽ.സി വിദ്യാർഥികളും 1767 പേർ സി.ബി.എസ്.ഇ വിദ്യാർഥികളും 110 പേർ ഐ.സി.എസ്.ഇ വിദ്യാർഥികളുമാണ്. 666 പേർ മറ്റ് ഇതര സംസ്ഥാന ബോർഡുകൾ ഉൾപ്പെടെ നടത്തിയ പത്താംക്ലാസ് പരീക്ഷ വിജയിച്ചവരാണ്. ട്രയൽ അലോട്ട്മെന്റ് 29നും ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും നടക്കും. അപേക്ഷിച്ച 48,140 അപേക്ഷകരിൽ 4308 വിദ്യാർഥികൾ മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്. 952 പേർ സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് അപേക്ഷിച്ചിട്ടുണ്ട്.
ഇതിൽ 722 പേരുടെ സ്പോർട്സ് ക്വോട്ട സർട്ടിഫിക്കറ്റ് പരിശോധന നടപടിക്രമം പൂർത്തിയായി. 589 വിദ്യാർഥികൾക്ക് സ്ഥിരീകരണം നൽകിയിട്ടുണ്ട്. 30ന് വൈകീട്ട് അഞ്ചുവരെയാണ് അപേക്ഷകൾ സ്വീകരിക്കുക. ജില്ലയിൽ ഈ വര്‍ഷവും വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ സീറ്റിൽ ക്ഷാമം നേരിടുമെന്നാണ് പ്രാഥമിക കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. വിദ്യാർഥികളിൽ പലരും പണം കൊടുത്തു പഠിക്കേണ്ട അണ് എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കേണ്ടിവരും.
എന്നാൽ, ആദ്യത്തെ രണ്ട് അലോട്ട്മെന്റ് കഴിയുന്നതോടെ മാത്രമേ യഥാർഥ ചിത്രം തെളിയൂ എന്നാണ് അധികൃതർ പറയുന്നത്. സീറ്റ് കുറവുള്ള ജില്ലകളിൽ അധിക സാമ്പത്തിക ബാധ്യത വരാത്ത രീതിയിൽ സീറ്റ് വർധിപ്പിക്കാൻ നിർദേശമുണ്ടെങ്കിലും ഫലത്തിൽ ക്ലാസുകളിൽ തിങ്ങിനിറഞ്ഞ് കുട്ടികൾ പഠിക്കേണ്ട അവസ്ഥയായിരിക്കും ഇതുമൂലം ഉണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.