പ്ലസ് വൺ; കോഴിക്കോട് ജില്ലയിൽ ഇതുവരെ അപേക്ഷിച്ചത് 38,349 പേർ
text_fieldsകോഴിക്കോട്: പ്ലസ് വണിന് അപേക്ഷ ക്ഷണിച്ച് നാലു ദിവസം പിന്നിട്ടപ്പോൾ ജില്ലയിൽ ഇതുവരെ അപേക്ഷിച്ചത് 38,349 പേർ. 41,829 പേർ ഓൺലൈൻ വഴി വ്യക്തിഗത ലോഗിൻ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. കേരളത്തിലെ സർക്കാർ, എയിഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ടു മുതൽ ഒമ്പതു വരെയാണ് ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്നത്. ജില്ലയിൽ ഇത്തവണ 43,101 പേർ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയതിൽ 43,040 പേരും ഉപരിപഠനത്തിന് അർഹരായിരുന്നു. 99.86 ശതമാനമായിരുന്നു വിജയം.കോഴിക്കോട്
എന്നാൽ, 33,822 സീറ്റുകളാണ് ആകെയുള്ളത്. നിലവിലെ അവസ്ഥയിൽ എസ്.എസ്.എൽ.സി പാസായ വിദ്യാർഥികളിൽനിന്നു മാത്രം 9218 പേർക്ക് സീറ്റ് ലഭിക്കില്ല. ഇതുകൂടാതെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഇതര സംസ്ഥാനങ്ങളിൽനിന്ന് ബോർഡ് പരീക്ഷകൾ പാസായി വരുന്ന വിദ്യാർഥികളും ജില്ലയിൽ പ്ലസ് വൺ അപേക്ഷകരായി വരും. അതുകൂടിയാവുമ്പോൾ സീറ്റ് അപര്യാപ്ത കൂടുതൽ രൂക്ഷമാവും.
ഇത്തവണ ജില്ലയിൽ 7917 വിദ്യാർഥികളാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞ തവണ ജില്ലയിൽ ഫുൾ എപ്ലസ് നേടിയവർക്കുപോലും ഒന്നും രണ്ടും ഘട്ട അലോട്ട്മെന്റുകളിൽ സീറ്റ് ലഭിച്ചിരുന്നില്ല. പിന്നീട് സീറ്റുകളിൽ ആനുപാതിക വർധന വരുത്തിയും താൽക്കാലിക അധിക ബാച്ച് അനുവദിച്ചുമാണ് സീറ്റ് പ്രതിസന്ധി പരിഹരിച്ചിരുന്നത്. ഇത്തരത്തിൽ അധിക ബാച്ചുകൾ അനുവദിച്ച് പ്രവേശനം അനുവദിക്കുമ്പോഴേക്ക് അധ്യയനം തുടങ്ങി രണ്ടുമാസം വരെ പിന്നിടും. ഇത് വിദ്യാർഥികളുടെ പഠന നിലവാരത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല ജില്ലയിലെ സ്വാശ്രയ സ്ഥാപനങ്ങളിലെ സീറ്റുകളടക്കം ഉൾപ്പെടുത്തിയാണ് സർക്കാർ സീറ്റ് കണക്കാക്കുന്നത്. എന്നാൽ, വൻതുക ഫീസ് ഇനത്തിൽ ഈടാക്കുന്ന ഇത്തരം സ്ഥാപനങ്ങളിൽ മക്കളെ പഠിപ്പിക്കൽ സാധാരണക്കാർക്ക് ഏറെ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. കഴിഞ്ഞ വർഷം ജില്ലയിൽ 5048 വിദ്യാർഥികൾ സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിൽ സീറ്റ് ലഭിക്കാതെ ഓപൺ സ്കൂൾ വഴി പ്ലസ് വണിന് രജിസ്റ്റർ ചെയ്തിരുന്നു.
മലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് പ്രഫ. വി. കാര്ത്തികേയന് കമീഷന്റെ ശിപാര്‍ശകൾ സര്‍ക്കാര്‍ നടപ്പാക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ അധിക ബാച്ച് അനുവദിക്കാനാണ് സമിതിയുടെ ശിപാര്‍ശ. ഇത് പരിഗണിച്ചാല്‍ ബാച്ചില്‍ പരമാവധി 55 വിദ്യാര്‍ഥികള്‍ക്കായിരിക്കും പ്രവേശനമുണ്ടായിരിക്കുക. സീറ്റ് വര്‍ധന 10 ശതമാനത്തിലേക്ക് ചുരുക്കുകയും പുതിയ ബാച്ച് അനുവദിക്കാതിരിക്കുകയും ചെയ്താല്‍ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.